ഓടിക്കൊണ്ടിരുന്ന വാനിന്റെ ഗ്ലാസ് ഇളകി വീണ് സ്‌കൂട്ടര്‍ യാത്രികന് പരുക്ക്
കോവളം: ഓടിക്കൊണ്ടിരുന്ന ടെംബോ വാനിന്റെ ഗ്ലാസ് ഇളകി തെറിച്ച് തലയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന് തലയ്ക്ക് ഗുരുതര പരുക്ക്.ബാലരാമപുരം സ്വദേശി ഷംസുദ്ദീ( 20)നാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വിഴിഞ്ഞം റോഡില്‍ വിജയാ ബാങ്കിന് സമീപത്തെ ഹമ്പില്‍വെച്ചായിരുന്നു അപകടം.
വട്ടിയൂര്‍ക്കാവില്‍ നിന്ന് വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് വിഴിഞ്ഞത്ത് വന്നു മടങ്ങുകയായിരുന്ന മിനി വാനിന്റെ ഗ്ലാസാണ് വാഹനം സ്പീഡ് ബ്രേക്കറില്‍ കയറിയപ്പോള്‍ ഇളകി വീണത്. ഈ സമയം ഇതു വഴി മിനി വാനിന്റെ സമീപത്ത്കൂടെ അതേ ദിശയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച ഷംസുദ്ദീന്റെ തലയിലേക്കാണ് ഗ്ലാസ് വീണത്.
സാരമായി പരുക്കേറ്റ ഇയാളെ ഉടന്‍ 108 ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവശേഷം നിര്‍ത്താതെ ഓടിച്ചു പോയ വാന്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. സ്ഥലത്തെത്തിയ പൊലിസ് വാഹനം കസ്റ്റഡിയിലെടുത്തു. ഇതിന് തൊട്ടടുത്തുള്ള വളവില്‍ അപകടങ്ങള്‍ പതിവായതിനെ തുടര്‍ന്ന് നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കുകയായിരുന്നു. എന്നാല്‍ വാഹനങ്ങളുടെ അമിത വേഗത തടയാന്‍ രണ്ട് മീറ്ററോളം ദൂരത്തില്‍ സ്ഥാപിച്ച ഹമ്പ് അശാസ്ത്രീയമായ രീതിയില്‍ ആയതിനാല്‍ ഇവിടെ ദിവസവും ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."