കൊവിഡിനിടയിലും പദ്ധതിനിര്‍വഹണത്തില്‍ മുന്നേറി തദ്ദേശ സ്ഥാപനങ്ങള്‍
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: കൊവിഡിനിടയിലും പദ്ധതിനിര്‍വഹണത്തില്‍ മുന്നേറി തദ്ദേശ സ്ഥാപനങ്ങള്‍. കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മുന്നേറ്റമാണ് ഇത്തവണയുണ്ടായത്. 2020-2021 സാമ്പത്തികവര്‍ഷത്തില്‍ 7,158.50 കോടിയുടെ പദ്ധതികളാണ് പൂര്‍ത്തീകരിക്കേണ്ടത്. എന്നാല്‍, ഇതിനകം 1,529.31 കോടിയുടെ (21.36 ശതമാനം) പദ്ധതികള്‍ പൂര്‍ത്തിയായി. ട്രഷറിയില്‍ കെട്ടിക്കിടക്കുന്ന ബില്ലുകള്‍ കൂടി പാസായാല്‍ 1,631.76 കോടിയുടെ (22.79 ശതമാനം) പദ്ധതികളാണ് നടപ്പ് സാമ്പത്തികവര്‍ഷത്തിലെ ആദ്യ മൂന്നുമാസം കൊണ്ട് പൂര്‍ത്തിയാവുക.
കൊവിഡിനെ തുടര്‍ന്ന് പദ്ധതിനിര്‍വഹണം താളംതെറ്റുമെന്ന് കരുതിയെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ അവസരോചിത ഇടപെടലാണ് വലിയ മുന്നേറ്റത്തിന് കാരണമായത്. 2014-15 വര്‍ഷത്തില്‍ ജൂലൈ ആദ്യം 3.5 ശതമാനം പദ്ധതികളാണ് പൂര്‍ത്തീകരിച്ചിരുന്നത്. 2015-16ല്‍ 3.19 ശതമാനവും 2016-17 ല്‍ 0.6 ശതമാനവും 2017-18ല്‍ 10.19 ശതമാനവുമാണ് പര്‍ത്തീകരിച്ചത്. 2018-19ല്‍ 18.96 ശതമാനത്തിലേക്ക് കുതിച്ചെങ്കിലും 2019-2020ല്‍ 13.73 ശതമാനമാണ് പൂര്‍ത്തീകരിക്കാനായത്.
സാമ്പത്തികവര്‍ഷത്തിന്റെ ആദ്യത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് അവസാനത്തില്‍ പദ്ധതികള്‍ നടപ്പാക്കുന്ന രീതിയായിരുന്നു രണ്ടുവര്‍ഷം മുന്‍പ് വരെയുണ്ടായിരുന്നത്. എന്നാല്‍, ഈ രീതി മാറ്റി പദ്ധതികള്‍ സാമ്പത്തികവര്‍ഷം തുടങ്ങുന്നതിന് മുന്‍പ് തന്നെ തയാറാക്കി ഏപ്രില്‍ ഒന്നിന് തന്നെ തുടങ്ങാനാണ് സര്‍ക്കാര്‍ നിര്‍ദേശം. പദ്ധതി ഭേദഗതിക്ക് ഈ മാസം 10 വരെ സമയവും അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."