അക്ഷര യജ്ഞത്തിന് നഗരസഭ ഒരുങ്ങി; ഉദ്ഘാടനം 12ന് സര്‍വേ 14ന് തുടങ്ങും
തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പാക്കുന്ന 'അക്ഷരശ്രീ' സാക്ഷരത-തുടര്‍വിദ്യാഭ്യാസപദ്ധതിക്ക് നഗരസഭയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നഗരസഭാതല ഉദ്ഘാടനം 12ന് വൈകിട്ട് 6.30ന് ആശാന്‍ സ്‌ക്വയറില്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള സര്‍വേ 14ന് രാവിലെ 8.30ന് ആരംഭിക്കും. സര്‍വേ നടത്തുന്ന നഗരസഭയിലെ 100 വാര്‍ഡുകളിലും ഇതിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി.
13ന് സന്ധ്യക്ക് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നഗരസഭക്കു കീഴിലെ മുഴുവന്‍ വീടുകളിലും അക്ഷരത്തിരി തെളിക്കും. 10,11 തീയതികളില്‍ എല്ലാ വാര്‍ഡ് കേന്ദ്രങ്ങളിലും സര്‍വേസാമഗ്രികള്‍ എത്തിക്കും. സര്‍വേ ദിനം തന്നെ അതാത് വാര്‍ഡുകളില്‍ വിവരങ്ങളുടെ ക്രോഡീകരണവും നടക്കും. വാര്‍ഡ്തല വിവര ക്രോഡീകരണം 100 പ്രേരക്മാരുടെ നേതൃത്വത്തില്‍ ജൂലൈ 15ന് നടക്കും.
സര്‍വേയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി കൗണ്‍സിലര്‍മാരുടെയും വാര്‍ഡ് കണ്‍വീനര്‍മാരുടെയും പ്രത്യേക യോഗം ചേര്‍ന്നു. 'അക്ഷരശ്രീ' പദ്ധതി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലാകെ വ്യാപിപ്പിക്കാനാണ് സാക്ഷരതാമിഷന്‍ ലക്ഷ്യമിടുന്നതെന്ന് ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല പറഞ്ഞു. രണ്ട് വര്‍ഷത്തിനുളളില്‍ പദ്ധതി കേരളത്തിലാകെ വ്യാപിപ്പിക്കും. ജൂലൈ 14ന് പ്രദര്‍ശിപ്പിക്കാനുള്ള ബാനറിന്റെ പ്രകാശനം സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല, നഗരസഭ ഡെപ്യൂട്ടി മേയര്‍ രാഖിരവികുമാര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ഷെഫീറ ബീഗം എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
നഗരപരിധിക്കുള്ളിലെ വിവിധ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലേയും കോളജുകളിലേയും എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ നേതൃത്തിലുള്ള വിദ്യാര്‍ഥികള്‍, സാക്ഷരതാമിഷന്റെ തുല്യതാപഠിതാക്കള്‍ എന്നിങ്ങനെ 10000 പേരുടെ നേതൃത്വത്തില്‍ നടക്കുന്ന സര്‍വേ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസചരിത്രത്തിലെ ശ്രദ്ധേയമായ ചുവടുവയ്പാണെന്നാണ് വിദ്യാഭ്യാസ വിചക്ഷണര്‍ നിരീക്ഷിക്കുന്നത്. ഔപചാരിക വിദ്യാഭ്യാസത്തെ അനൗപചാരിക വിദ്യാഭ്യാസമേഖലയുമായി കോര്‍ത്തിണക്കി ആരോഗ്യകരമായ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിന് ഇതിലൂടെ തുടക്കം കുറിക്കാനാണ് സാക്ഷരതാമിഷന്‍ ലക്ഷ്യമിടുന്നത്. നഗരസഭയിലെ 100 വാര്‍ഡുകളിലും 14ന് രാവിലെ 8.30ന് സര്‍വേ ആരംഭിക്കും.
നഗരത്തിലെ 100 വാര്‍ഡുകളിലായി മൊത്തം രണ്ടര ലക്ഷം വീടുകളാണുള്ളത്. ഓരോ വാര്‍ഡിലുമുള്ള വീടുകളെ 50 വീതം വരുന്ന ക്ലസ്റ്ററുകളാക്കി തിരിച്ചാണ് സര്‍വേ. മൊത്തം 5000 ക്ലസ്റ്ററുകള്‍. ഒരു ക്ലസ്റ്ററിന് രണ്ടുപേര്‍ എന്ന കണക്കില്‍ മൊത്തം 10000 സര്‍വേ വളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് സര്‍വേ നടത്തുന്നത്. സാക്ഷരതാമിഷന്റെ പ്രേരക്മാര്‍, വാര്‍ഡിലെ ജനപ്രതിനിധികള്‍, റസി.അസോസിയേഷന്‍ ഭാരവാഹികള്‍, വായനശാല പ്രവര്‍ത്തകര്‍, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സര്‍വേ ടീമില്‍ ഉള്‍പ്പെടുന്നു.
വാര്‍ഡുകളിലെ പൊതുസ്ഥിതി വിദ്യാര്‍ഥികളായ സര്‍വേ വളണ്ടിയര്‍മാരെ ബോധ്യപ്പെടുത്തുന്നതിനായി അതാത് വാര്‍ഡുകളിലെ റസി.അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ പ്രത്യേക യോഗങ്ങള്‍ ചേര്‍ന്നു. വാര്‍ഡ് സംഘാടകസമിതി കണ്‍വീനര്‍മാരുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക പ്രതിനിധികളുടെയും യോഗം ചേര്‍ന്നു. അതാത് വാര്‍ഡ് കൗണ്‍സിലര്‍മാരുടെ അധ്യക്ഷതയിലുള്ള വാര്‍ഡ് സംഘാടകസമിതിയില്‍ വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളയാളെയാണ് വാര്‍ഡ് കണ്‍വീനറാക്കിയിരിക്കുന്നത്. അതാത് വാര്‍ഡിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മേധാവികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാക്ഷരത-തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, അങ്കണവാടി ടീച്ചര്‍മാര്‍, ആശാവര്‍ക്കേഴ്‌സ്, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍, റസി.അസോസിയേഷന്‍ ഭാരവാഹികള്‍, ലൈബ്രറി കൗണ്‍സില്‍ പ്രതിനിധികള്‍, ഹെല്‍ത്ത് ഓഫിസര്‍മാര്‍, സാമൂഹ്യ, സന്നദ്ധ പ്രവര്‍ത്തകര്‍, റിട്ട.അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, തുല്യത പഠിതാക്കള്‍ തുടങ്ങിയവര്‍ വാര്‍ഡ് സംഘാടകമസമിതിയില്‍ അംഗങ്ങളാണ്.
സര്‍വേയിലൂടെ കണ്ടെത്തുന്ന നിരക്ഷരര്‍ക്കായി വാര്‍ഡുകളില്‍ ഓഗസ്റ്റ് 15ന് സാക്ഷരത ക്ലാസുകള്‍ ആരംഭിക്കും. ഒരു വാര്‍ഡില്‍ 25 പേര്‍ എന്ന കണക്കിന് നഗരസഭയിലാകെ 2500 പേര്‍ക്കാണ് ക്ലാസ്. മൂന്നു മാസത്തെ സാക്ഷരതാക്ലാസിനു ശേഷം പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് നാലാംതരം തുല്യതാ കോഴ്‌സില്‍ ചേരാം. ആറുമാസമാണ് കോഴ്‌സിന്റെ കാലാവധി. തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി തുല്യത വരെ സൗജന്യമായി പഠിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളുടെ അടുത്ത ബാച്ചില്‍ 'അക്ഷരശ്രീ' പദ്ധതി പ്രകാരം 1500 പേര്‍ക്ക് പത്താംതരം തുല്യതാ കോഴ്‌സും 1000 പേര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സും ആരംഭിക്കും. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ലൈബ്രറികള്‍, മറ്റ് പൊതുസ്ഥാപനങ്ങളുടെ ഭൗതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയായിരിക്കും സാക്ഷരത-തുല്യതാ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും സാക്ഷരതാമിഷനും കൈകോര്‍ത്തുകൊണ്ട് അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ വിപുലീകരിക്കുക എന്നതും പദ്ധതി ലക്ഷ്യമിടുന്നു.
സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായാണ് തിരുവനന്തപുരം നഗരസഭയില്‍ മാതൃകാപദ്ധതിക്കാണ് തുടക്കും കുറിച്ചത്. നഗസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണിക്കൃഷ്ണന്‍, സാക്ഷരതാമിഷന്‍ അസി. ഡയറക്ടര്‍ കെ. അയ്യപ്പന്‍നായര്‍, അക്ഷരശ്രീ പദ്ധതി കോര്‍ഡിനേറ്റര്‍ പ്രശാന്ത്കുമാര്‍, കോര്‍ഡിനേറ്റര്‍ ഇ.വി അനില്‍കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."