പ്രളയക്കെടുതിക്കു പിന്നാലെ ദുരിതം വിതച്ച് വരള്‍ച്ചാ ദുരിതവും
ഇരിട്ടി: കലിതുള്ളിയെത്തിയ കാലവര്‍ഷക്കെടുതിയില്‍ കുത്തിയൊലിച്ചുപോയ പ്രതീക്ഷകള്‍ വീണ്ടും നാമ്പിടും മുന്‍പെ കനത്ത വേനല്‍ ചൂടില്‍ നീര്‍ച്ചാലുകള്‍ വറ്റിയതോടെ മത്സ്യകര്‍ഷകര്‍ ആശങ്കയില്‍. മത്സ്യങ്ങള്‍ ചത്തൊടുക്കി ലക്ഷങ്ങള്‍ മുടക്കിയ മത്സ്യകൃഷി തകര്‍ന്നു പതിമൂന്നോളം കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്.
എടക്കാനം വള്ളിയാട് വെള്ളരിക്കണ്ടം ശുദ്ധജല മത്സ്യകൃഷിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് നാളിതുവരെയില്ലാത്തവരള്‍ച്ചയില്‍ നേരിടേണ്ടി വന്നത്. മത്സ്യക്കൃഷിക്കായി ലക്ഷങ്ങള്‍ മുടക്കി പഴശ്ശി ജലസംഭരണിയോടു ചേര്‍ന്ന് നിര്‍മിച്ച മത്സ്യ കൃഷികുളങ്ങള്‍ കനത്ത വേനല്‍ ചൂടില്‍ വറ്റിവരണ്ടതോടെ കുളങ്ങളിലെ മത്സ്യങ്ങള്‍ പൂര്‍ണമായും ചത്തൊടുങ്ങി. കഴിഞ്ഞ ജൂണ്‍, ജുലൈ മാസങ്ങളിലുണ്ടായ കനത്ത കാലവര്‍ഷത്തില്‍ വെള്ളപൊക്കത്തെ തുടര്‍ന്ന് മത്സ്യകുഞ്ഞുങ്ങള്‍ ഒഴുകിപോയി ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ച വെള്ളരിക്കണ്ടം ശുദ്ധജല മത്സ്യകൃഷി കര്‍ഷകര്‍ക്കാണ് ഇത്തവണ വരള്‍ച്ചയെ തുടര്‍ന്ന് ആയിരകണക്കിന് മത്സ്യകുഞ്ഞുങ്ങളെ നഷ്ടമായത്. എടക്കാനത്തുള്ള പി. സന്തോഷ്, എ.കെ രാജേഷ് പി. തമ്പാന്‍, രാമകൃഷ്ണന്‍, എം. സന്ദീപ്, ബി. അനൂപ് തുടങ്ങിയ 13 ഓളം പേര്‍ ചേര്‍ന്നാണ് വെള്ളരിക്കണ്ടം ശുദ്ധജല മത്സ്യകൃഷി നടത്തുന്നത്. ലക്ഷങ്ങള്‍മുടക്കി പഴശ്ശി പുഴയോരം ചേര്‍ന്ന് നീരുറവയുള്ള വയലില്‍ കുളങ്ങള്‍ കുഴിച്ച് കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് മത്സ്യകൃഷിക്കായി ഫിഷ് ഫാം അതോറിറ്റി മുഖേന ലഭ്യമായ ഫിലോപ്പിയ, കട്ട്‌ള, രോഹു, മലഗാള്‍, സൈപ്പര്‍ നസ് ഇനത്തില്‍പ്പെട്ട പതിനായിരത്തോളം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ഇതിനെ പരിപാലിച്ച് വരുന്നതിനിടെയാണ് കാലവര്‍ഷത്തെതുടര്‍ന്ന് കുളത്തിന്റെ വണ്ട് പൊട്ടി ആയിരക്കണക്കിന് മത്സ്യകുഞ്ഞുങ്ങള്‍ പുഴയിലേക്ക് ഒഴുകി പോയത്. അതിന്റെ നഷ്ടം നികത്താന്‍ വീണ്ടും ആയിരക്കണക്കിന് മത്സ്യ കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിക്കുകയായിരുന്നു. എന്നാല്‍ കടുത്തവേനലില്‍ കുളങ്ങള്‍ വറ്റിയതോടെ കുളത്തില്‍ നിക്ഷേപിച്ച 800 ഗ്രാം മുതില്‍ ഒരു കിലോ വരെ തൂക്കമുള്ള വിഷു ഈസ്റ്റര്‍ വിപണി ലക്ഷൃമാക്കിയുള്ള വിളവെടുപ്പിന് പാകമായ മത്സ്യങ്ങളും മത്സ്യകുഞ്ഞുങ്ങളുമാണ് പൂര്‍ണ്ണമായും ചത്ത് പോയത്. അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഇതുമൂലം കൂട്ടു സംരഭമായി തുടങ്ങിയ മത്സ്യകൃഷിയിലൂടെ കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."