ചികിത്സ ലഭിക്കാതെ രോഗി ഒരുദിവസം മുഴുവന്‍ ആംബുലന്‍സില്‍
മുംബൈ: നവി മുംബൈയില്‍ ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് കൊവിഡ് ബാധിതനായ 64കാരന്‍ ഒരു ദിവസം മുഴുവന്‍ ആംബുലന്‍സില്‍ കഴിയേണ്ടി വന്നതായി പരാതി.
പിന്നീട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ ലഭിച്ചെങ്കിലും രോഗിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
ജൂണ്‍ 20നാണ് 64കാരന് ശ്വാസതടസ്സവും ചുമയും അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇദ്ദേഹത്തെ നവിമുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ കൊവിഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എന്നാല്‍ ആശുപത്രിയില്‍ കിടക്കയില്ലാത്തതിനാല്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായിരുന്നു നിര്‍ദേശം.
രോഗിയുമായി വിവിധ ആശുപത്രികളില്‍ കയറിയിറങ്ങിയെങ്കിലും എവിടെയും ചികിത്സ ലഭിച്ചില്ല. രോഗിയുടെ നില വഷളായതിനെ തുടര്‍ന്ന് ഓക്‌സിജന്‍ സജീകരണമുള്ള ആംബുലന്‍സ് വിളിച്ച് പിതാവിനെ അതില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് മകന്‍ പറയുന്നു.
പിറ്റേന്ന് രോഗിയെ കോപര്‍ ഖെയ്‌റെയ്ന്‍ മേഖലയിലുളള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 32,000 രൂപ വിലവരുന്ന ഒരു കുത്തിവയ്‌പ്പെടുക്കേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തങ്ങള്‍ വീണ്ടും എന്‍.എം.എം.സിയെ സമീപിച്ചു. എന്നാല്‍ അധികൃതര്‍ സഹായിക്കാന്‍ തയാറായില്ലെന്ന് മകന്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നാലുദിവസങ്ങള്‍ക്കുള്ളില്‍ പിതാവ് മരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."