പെട്രോളിയം പദ്ധതി: 'വയല്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങളോടുള്ള വെല്ലുവിളി'
പയ്യന്നൂര്‍: പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ നൂറ് ഏക്കര്‍ വിശാലമായ വയല്‍ഭൂമി പെട്രോളിയം സംഭരണ പദ്ധതിക്കായി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ജനകീയ സമരങ്ങളോടുള്ള ധാര്‍ഷ്ട്യം നിറഞ്ഞ സമീപനമാണെന്നും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കണ്ടെങ്കാളി പെട്രോളിയം പദ്ധതിവിരുദ്ധ ജനകീയ സമരസമിതി യോഗം അഭിപ്രായപ്പെട്ടു.
2018 ജനുവരിയില്‍ നടന്ന പബ്ലിക് ഹിയറിങില്‍ ജനങ്ങള്‍ ഒന്നടങ്കം എതിര്‍ത്ത ഈ പദ്ധതിക്ക് ഒരുവര്‍ഷം കഴിഞ്ഞിട്ടും പരിസ്ഥിതി അനുമതി നേടാന്‍ കഴിഞ്ഞിട്ടില്ല. എന്നിട്ടും ഭൂമി ഏറ്റെടുക്കാന്‍ തിടുക്കം കാട്ടുന്ന സാര്‍ക്കാര്‍ സമീപനം പ്രളയാനന്തരകേരളത്തോടുള്ള വെല്ലുവിളിയാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി പ്രളയവും കൊടുംചൂടും ജനജീവിതം ദുസഹമാക്കുമ്പോള്‍ ലോകം തിരസ്‌കരിക്കാന്‍ പോകുന്ന മലിനീകാരിയായ പെട്രോളിയം ഇന്ധനം ശേഖരിക്കാന്‍ നെല്‍വയലും തണ്ണീര്‍ത്തടങ്ങളും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഒരു സര്‍ക്കാറിനും ഭൂഷണമല്ല. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം തുടരാന്‍ സമരസമിതി തീരുമാനിച്ചു. കൂടാതെനിയമപരമായും നേരിടും. 13ന് കണ്ടങ്കാളിയില്‍ വച്ച് ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചു കണ്ടങ്കാളി പദ്ധതിയുമായിബന്ധപ്പെട്ട സംവാദം സംഘടിപ്പിക്കും. യോഗത്തില്‍ സമരസമിതി ചെയര്‍മാന്‍ ടി.പി പത്മനാഭന്‍, അപ്പുക്കുട്ടന്‍ കാരയില്‍, എന്‍. സുബ്രഹ്മണ്യന്‍, എം. സുല്‍ഫത്ത്, പത്മിനി കണ്ടങ്കാളി, കെ.സി മജുഷ, വി. മണിരാജ്, ലാലു തെക്കെതലക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."