നെല്‍വയല്‍ നികത്തലും ആശങ്കകളെ സാധൂകരിക്കുന്ന മന്ത്രിയുടെ ന്യായങ്ങളും
കേരളത്തിലെ നിയമനിര്‍മാണ രംഗത്തു കരിനിഴല്‍ പരത്തിയ സംഭവമാണ് ഇടതുപക്ഷ സര്‍ക്കാറിന്റെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ഭേദഗതി ബില്‍. കൃഷിക്കാരുടെയും കര്‍ഷക സംഘടനകളുടെയും പ്രകൃതി സ്‌നേഹികളുടെയും സര്‍വോപരി കേരള നിയമസഭയിലെ പ്രതിപക്ഷ നിരയുടെയും ശക്തമായ എതിര്‍പ്പുകളെ അവഗണിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു ഭേദഗതി കൊണ്ടുവന്നത്. ജനങ്ങളുടെ ആശങ്ക അസ്ഥാനത്തല്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ വിശദീകരണത്തിലൂടെ വ്യക്തമാവുകയും ചെയ്തിരിക്കുന്നു.
മന്ത്രി തന്റെ ലേഖനത്തില്‍ പറയുന്നത് നോക്കുക, 'ഇപ്പോള്‍ പാസാക്കിയ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ബില്‍ ഭക്ഷ്യോല്‍പ്പാദനം, കാര്‍ഷിക വികസനം, കര്‍ഷകക്ഷേമം, ഭൂവിതരണം, ഭവനനിര്‍മാണം, പരിസ്ഥിതി സംരക്ഷണം, ജല ലഭ്യത തുടങ്ങിയ വിവിധ മേഖലകള്‍ക്കു സാര്‍ഥകമായ മെച്ചമുണ്ടാക്കുന്നതാണ്. സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യത്തെയാണ് ഈ ബില്‍ പ്രതിനിധാനം ചെയ്യുന്നത്.
സംസ്ഥാനത്തിന്റെ പൊതു നന്‍മ ലാക്കാക്കിയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനു ഭൂമി കണ്ടെത്തുക എന്നത് പലപ്പോഴും വെല്ലുവിളിയാണ.് ഗെയില്‍ പോലുള്ള അത്യന്താപേക്ഷിതമായ വന്‍കിട പദ്ധതികള്‍ സംസ്ഥാനത്തിനു നഷ്ടപ്പെടാന്‍ പാടില്ല. പൊതു ആവശ്യമെന്ന നിര്‍വചനത്തില്‍ പദ്ധതികളെന്ന വാക്കിനോടൊപ്പം പ്രൊജക്ടുകളെന്നു കൂട്ടി ച്ചേര്‍ത്ത് പ്രാദേശിക നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപ്രകാരം ഒഴിച്ചു കൂടാന്‍ പറ്റാത്ത പദ്ധതികള്‍ക്കു നെല്‍വയല്‍ തരം മാറ്റുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇതു കാലാനുസൃതവും വികസന താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലുള്ളതുമായ ഭേദഗതിയാണ്.
മന്ത്രി വിശദീകരിക്കുന്ന പോലെ വയല്‍ നികത്താനുള്ള അവസരത്തിനുള്ള ഭേദഗതികളാണ് കൊണ്ടുവന്നിട്ടുള്ളത്. കേരളത്തോടും കര്‍ഷകരോടും ഈ ചതി വേണ്ടിയിരുന്നോ. നിലവിലുള്ള നിയമത്തില്‍ (2008) തന്നെ വീടു വയ്ക്കുന്നതിനും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും വയല്‍ നികത്താമെന്ന വകുപ്പുകള്‍ തന്നെ ഒഴിവാക്കണമെന്നാണ് കര്‍ഷക സമൂഹവും സംഘടനകളും ആവശ്യപ്പെട്ടിരുന്നത്. അപ്പോഴാണ് ഇടതു സര്‍ക്കാര്‍ നികത്തലിന്റെ വേഗത കൂട്ടാന്‍ വേണ്ട ഭേദഗതികള്‍ കൊണ്ടു വന്നിരിക്കുന്നത്.
അടിസ്ഥാന വികസന ആവശ്യങ്ങള്‍ക്ക് സ്ഥലം കണ്ടെത്തുക എന്നത് പലപ്പോഴും വലിയ വെല്ലുവിളിയാണെന്ന് മന്ത്രി വ്യക്തമാക്കുന്നു. അതിനു എളുപ്പ മാര്‍ഗം നെല്‍വയലും നീര്‍ത്തടങ്ങളും നികത്തുക. എന്തൊരു എളുപ്പ മാര്‍ഗം. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നൊരു ചൊല്ലുണ്ട്. അതിനു സമാനമാണ് ഈ നയം. ഗെയില്‍ സമരക്കാരുമായി റവന്യൂമന്ത്രി നടത്തിയ ചര്‍ച്ചക്കു ശേഷം നടത്തിയ പ്രസ്താവനയില്‍ വീടുകളും കൃഷിയിടങ്ങളും പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഗെയില്‍ പോലുള്ള വന്‍കിട പദ്ധതികള്‍ നമുക്ക് നഷ്ടപ്പെടാന്‍ പാടില്ല അതിനായി വയലുകള്‍ നികത്താമെന്ന് മന്ത്രി പറയുന്നു.
ഒരു തുണ്ടു നെല്‍വയല്‍ പോലും നികത്തപ്പെടരുതെന്ന ജനാഭിലാഷവും ലക്ഷക്കണക്കിനു ഭൂരഹിതര്‍ക്കും ഭവന രഹിതര്‍ക്കും സങ്കേതികത്വത്തിന്റെ പേരില്‍ നീതി നിഷേധിക്കപ്പെടരുതെന്ന ജനകീയ ആവശ്യവും പരിഗണിച്ചു കൊണ്ടുള്ള നിയമ നിര്‍മാണമാണെന്ന് മന്ത്രി അവകാശപ്പെടുന്നു. ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ശരണം നെല്‍വയല്‍ മാത്രമാണെന്ന തീര്‍പ്പിലാണ് സര്‍ക്കാറുള്ളത്. നെല്‍വയലുകള്‍ നികത്താതെ തന്നെ അവരെ സഹായിക്കാനാവില്ലേ, കരഭൂമിയും നെല്‍വയലുകളുമല്ലാത്ത മറ്റിടങ്ങളിലും വീടു വച്ചു അവരെ സംരക്ഷിച്ചു കൂടെ. അതിനുള്ള നിയമനിര്‍മാണത്തിനാണ് സ്വല്‍പം മനുഷ്യ സ്‌നേഹവും പുരോഗമന ചിന്തയുമുണ്ടെങ്കില്‍ മന്ത്രിയും സര്‍ക്കാറും തയാറാവേണ്ടത്.
ഭേദഗതി വരുത്താതെ നെല്‍വയല്‍-നീര്‍ത്തട- സംരക്ഷണ നിയമവും ഇടതു സര്‍ക്കാറിന്റെ ഭരണം തന്നെയുണ്ടായിട്ടും 2015-16ലെ ക്യഷിയിടത്തിന്റെ അളവ് 196870 ഹെക്ടറായിരുന്നെങ്കില്‍ 2016-17 വര്‍ഷത്തില്‍ 171398 ഹെക്ടറായി ചുരുങ്ങിയതായാണ് ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കില്‍ പറയുന്നത്.25472 ഹെക്ടറിന്റെ അഥവാ 13 ശതമാനത്തിന്റെ കുറവ് ഈ സര്‍ക്കാറിന്റെ കാലത്ത് ഒരു വര്‍ഷം കൊണ്ട് മാത്രം അനുഭവപ്പെട്ടു. ഇങ്ങനെ വളരെ ദാരുണമായ ഒരവസ്ഥയുള്ളപ്പോഴാണ് ഇടതു മുന്നണി സര്‍ക്കാര്‍ വന്‍കിടക്കാര്‍ക്കായി വയല്‍ നികത്തല്‍ ഉദാരമാക്കിയിരിക്കുന്നത്.
ഭൂരഹിതരെ കുറിച്ചും ഭവന രഹിതരെ കുറിച്ചും മന്ത്രിയുടെ വരികളില്‍ തരം മാറ്റുന്ന ഭൂമി 50 സെന്റില്‍ കൂടുതലാണെങ്കില്‍ 10 ശതമാനം ജല സംരക്ഷണ നടപടികള്‍ക്കായി മാറ്റിവയ്ക്കണം എന്ന് പറയുന്നു. ഏതു ഭവന രഹിതരാണ് 50 സെന്റില്‍ കൂടുതല്‍ നെല്‍വയല്‍ നികത്തി വീടു വയ്ക്കാനൊരുങ്ങുന്നത്.അങ്ങിനെ ഭൂരഹിതനായ ഒരാളെയെങ്കിലും കാണിച്ചു തരാനാവുമോ ബഹുമാനപ്പെട്ട മന്ത്രിക്ക്. കാര്യം വളരെ വ്യക്തമായിരിക്കുന്നു. കേരളത്തിലെ നെല്‍വയല്‍ ഭൂമാഫിയക്കു തീറെഴുതി കൊടുക്കാനൊരുങ്ങിയിരിക്കുന്നു. ഈ ഭേദഗതിയനുസരിച്ച് എത്ര ഭൂമി വേണമെങ്കിലും ആര്‍ക്കും നികത്താം. കൊട്ടാര സദൃശൃമായ ഭവനങ്ങളല്ലോ പണിതുയര്‍ത്തുന്നത്. അവര്‍ക്കെല്ലാം നെല്‍വയല്‍ നികത്തി നിര്‍മാണത്തിന് സൗകര്യം ചെയ്ത് കൊടുക്കാനാണീ ഭേദഗതി. അല്ലാതെ ഭവന രഹിതര്‍ക്കോ, ഭൂരഹിതര്‍ക്കോ വേണ്ടിയല്ല. പത്തു ശതമാനം ജല സംരക്ഷണത്തിനായി മാറ്റി വച്ചാല്‍ മതി. ജനങ്ങളുടെ ആശങ്കകളാകെ സാധൂകരിക്കുന്നതും ബലപ്പെടുത്താന്‍ ഉതകുന്നതുമാണ് മന്ത്രിയുടെ വിശദീകരണം.
പുതിയ ഭേദഗതി ബില്‍ ശരിയായിരുന്നെങ്കില്‍ എന്തിനായിരുന്നു ഇടതു സര്‍ക്കാറില്‍ സി.പി.ഐ കൈകാര്യം ചെയ്യുന്ന വകുപ്പില്‍ വന്ന ബില്ലിനെതിരായി ധാരാളം തിരുത്തലുകള്‍ പാര്‍ട്ടി അംഗങ്ങള്‍ തന്നെ നിര്‍ദേശിച്ചത്. അവസാനം അവക്കെതിരായി തന്നെ നാണം കെട്ടു വോട്ടു ചെയ്യേണ്ടതായും വന്നല്ലോ. വോട്ടു ചെയ്തതിന്റെ താല്‍പര്യം സുവ്യക്തം. ഇത്രയും നാണം കെട്ട അനുഭവം മറ്റേത് പാര്‍ട്ടിക്കാണ് ഉണ്ടായിട്ടുള്ളത്.
പുതിയ ഭേദഗതി കര്‍ഷകരെ വളരെ ഏറെ ബുദ്ധിമുട്ടിക്കുന്നതാണ്. 2008നു മുന്‍പ് നികത്തിയ നെല്‍വയല്‍ ക്രമവല്‍ക്കരിക്കുന്നതിന് ന്യായ വിലയുടെ അന്‍പത് ശതമാനം പിഴയടക്കണം. ഇത് ആയിരക്കണക്കിന് കര്‍ഷകരെയാണ് കഷ്ടത്തിലാക്കുക. നെല്‍വയല്‍ നികത്തിയവര്‍ എല്ലാവരും വീടു വയ്ക്കുകയോ, കെട്ടിടങ്ങള്‍ നിര്‍മിക്കുകയോയല്ല ചെയ്തിട്ടുള്ളത്. ധാരാളം പേര്‍ നെല്‍ക്യഷി ലാഭകരമല്ലെന്നും ദുഷ്‌കരമാണെന്നും മറ്റും തോന്നിയതിനാല്‍ മറ്റു പലകൃഷികളിലേക്കും മാറിയിട്ടുണ്ട്. തെങ്ങ്, കവുങ്ങ്, വാഴ, ജാതിക്ക തുടങ്ങിയവയും മറ്റും കൃഷികളും ചെയ്തവരുണ്ട്.
അവരൊക്കെ ലക്ഷങ്ങളാണ് പുതിയ വ്യവസ്ഥയനുസരിച്ച് പിഴയടക്കേണ്ടി വരിക. ഈ കാലയളവില്‍ നികത്തിയ സ്ഥലങ്ങളില്‍ കെട്ടിടങ്ങളും വ്യാപാര കേന്ദ്രങ്ങളും നിര്‍മിച്ചിട്ടുണ്ടെങ്കില്‍ കനത്ത പിഴ വാങ്ങാനും ബില്‍ നിര്‍ദേശിക്കുന്നു. എന്തു ന്യായീകരണമാണിതിനു മന്ത്രിക്കു പറയാനുള്ളത്. പ്രത്യേക നിയമ വ്യവസ്ഥകളൊന്നും ഇല്ലാത്ത കാലത്ത് നെല്‍വയലുകള്‍ ഇഷ്ടം പോലെ നികത്തി തരം മാറ്റി വന്നിരുന്ന ഒരു കാലത്ത് സ്വന്തം സ്ഥലം നികത്തി കെട്ടിടങ്ങളുണ്ടാക്കിയത് ആരുടെ കുറ്റം കൊണ്ടാണ്. അതിനു ജനങ്ങളെ പഴിക്കുന്നതെന്തിന്. സര്‍ക്കാറല്ലേ നിയമം ഉണ്ടാക്കേണ്ടത്. നിയമം ഉണ്ടാക്കിയ (2008)ന് ശേഷം നികത്തിയവരോട് പിഴ വാങ്ങുന്നത് ന്യായീകരിക്കാം.
കേരളത്തില്‍ ഭൂമിക്കു ന്യായ വില സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത് 2010ലാണ്. 2014ല്‍ അത് 50 ശതമാനം വര്‍ധിപ്പിച്ച് പുതുക്കി, 2018ല്‍ വീണ്ടും 10 ശതമാനം കൂടി വര്‍ധിപ്പിച്ച് മൊത്തത്തില്‍ 2010ലെ വിലയുടെ 160 ശതമാനമായി വില ഉയര്‍ന്നു. പൊതുവില്‍ കര്‍ഷക വിരുദ്ധവും മാഫിയ താല്‍പര്യവും സംരക്ഷിക്കാനുള്ളതാണ് പുതിയ ഭേദഗതി ബില്‍. ഇതിനെതിരായി കര്‍ഷക സംഘടനകളുടെ കൂട്ടായ പ്രക്ഷോഭം അനിവാര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."