പ്രതീക്ഷയുടെ ചിറകുകളുമായി സമസ്ത ഇസ്ലാമിക്ക് സെന്റർ ഈസ്റ്റേൺ സോൺ
ദമാം: പ്രവാസലോകത്തെ പ്രതിസന്ധികൾക്കിടെ നാടണയാനാഗ്രഹിച്ച നിരവധി പ്രവാസികളുടെ നിറസ്വപ്നവുമായി സമസ്ത ഇസ്ലാമിക് സെന്റർ ചാർട്ടേഡ് വിമാന യാത്ര തുടരുന്നു. കിഴക്കൻ സഊദിയിൽ നിന്നാണ് രണ്ടാമത്തെ വിമാനവും യാത്ര തിരിച്ചത്. വയോധികർ മുതൽ കൈ കുഞ്ഞുങ്ങളടക്കമുള്ള 400 യാത്രക്കാരുമായാണ് എസ് ഐ എസ് സിയുടെ ചാർട്ടേഡ് വിമാനങ്ങൾ ഇതിനകം യാത്ര തിരിച്ചത്. വിസിറ്റ് വിസ, ഫൈനൽ എക്സിറ്റിലുള്ളവർ, റീ എൻട്രി ലഭ്യമായവർ, രോഗികൾ, തൊഴിൽ വിസ തീർന്നവർ തുടങ്ങിയ നിരവധിപേരുടെ ആഗ്രഹ സഫലീകരണത്തിന്റെ ആത്മനിർവൃതിയിലാണ് എസ് ഐ സി ഈസ്റ്റേൺ സോൺ.
ഈ മാസം ഒന്നിനാണ് ദമാം ഇൻറർനാഷണൽ എയർപോർട്ടിൽ നിന്ന് ആദ്യവിമാനം പറന്നുയർന്നത്. തുടർന്ന് രണ്ടാമത്തെ വിമാനം ഞായറാഴ്ച രാവിലെയും യാത്രയായി. സമസ്ത ഇസ്ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റിയുടെ കീഴിൽ ജിദ്ദ, റിയാദ്, ഈസ്റ്റേൺ എന്നീ മൂന്ന് സോണുകളിലായാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. ജോലി നഷ്ടപ്പെട്ടവർക്ക് സാമ്പത്തിക സഹായം നൽകിയും യാത്രാനിരക്കിൽ ഇളവുകളനുവദിച്ചും ഭക്ഷണപാനീയങ്ങൾ നൽകിയും യാത്രക്കാർക്ക് താങ്ങും തണലുമായി മാറുകയായിരുന്നു എസ് ഐ സി. അത്യാവശ്യക്കാരുടെ അപേക്ഷ അനുസരിച്ച് തുടർന്നും യാത്രകൾ സംഘടിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്ന് ഈസ്റ്റേൺ സോൺ ചാർട്ടേട് ഫ്ലൈറ്റ് കോഡിനേറ്റർ ബഷീർ ബാഖവി, ഫ്ലൈ സെഡ് എംഡി അബ്ദുറഹിമാൻ മൗലവി അറക്കൽ എന്നിവർ അറിയിച്ചു. സകരിയ്യ ഫൈസി, അബൂ യാസീൻ, നജ്മുദ്ദീൻ ഖോബാർ, ഷഫീഖ് റഹീമ, മുനീർ തുടങ്ങിയ വിഖായ വളണ്ടിയർമാർ യാത്രയയക്കാൻ എയർപോർട്ടിൽ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."