ജി.എന്‍.പി.സി അഡ്മിനെതിരേ കേസെടുത്തു
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ മദ്യപാനം പ്രോത്സാഹിപ്പിച്ച ഫേസ്ബുക്ക് കൂട്ടായ്മയായ ജി.എന്‍.പി.സിയുടെ (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) അഡ്മിനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തു. എക്സൈസ് വകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് പൊലിസ് കേസെടുത്തത്. ജുവനൈല്‍ ജസ്റ്റിസ് നിയമം, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. നിലവില്‍ അബ്കാരി നിയമത്തിന്റെ ലംഘനത്തിനൊപ്പം സൈബര്‍ നിയമപ്രകാരവും അഡ്മിന്മാരായ നേമം കാരയ്ക്കാമണ്ഡപം ആമിവിളാകം സരസില്‍ അജിത് കുമാറിനും (40) ഭാര്യ വിനിത(38)യ്ക്കുമെതെിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇവര്‍ ഒളിവിലാണ്. ഫേയസ്ബുക്ക് കൂട്ടായ്മയിലെ മറ്റു മോഡറേറ്റര്മാര്ക്കെതിരേയും കേസ് എടുത്തേക്കും. മോഡറേറ്റര്മാരായ 36 പേരെ തിരിച്ചറിയുന്നതിന് എക്സൈസ് സൈബര്‍ പൊലിസിന്റെ സഹായം തേടിയിട്ടുണ്ട്. 36ല്‍ 11പേര് ഇപ്പോഴും മോഡറേറ്റര്‍മാരായി ഗ്രൂപ്പില്‍ തുടരുന്നുണ്ട്.
ഇന്നലെ അജിത്കുമാറിന്റെ വീട്ടില്‍നിന്ന് ടിക്കറ്റ് വച്ച് മദ്യസല്‍ക്കാരം നടത്തിയതിനുള്ള രേഖകള്‍ എക്സൈസ് പിടിച്ചെടുത്തു. ഇതിനു ശേഷമാണ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലിസിന് നിര്‍ദേശം നല്‍കിയത്. പതിനെട്ട് ലക്ഷത്തോളം അംഗങ്ങളുള്ള ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ജി.എന്‍.പി.സി ഗ്രൂപ്പില്‍ നിന്ന് മദ്യത്തിനൊപ്പം പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രം പ്രചരിപ്പിക്കുകയും കുട്ടികളുടെ സാന്നിദ്ധ്യത്തില്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തത് ജുവനൈല്‍ ജസ്റ്റിസ് വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യമാണ്. ശവക്കല്ലറയ്ക്ക് മുകളില്‍ മദ്യം വച്ചുള്ള ചിത്രവും പൊതു സ്ഥലത്ത് മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും ശ്രീനാരായണ ഗുരുവിന്റെ വചനങ്ങള്‍ ഉള്‍പ്പെടെ വളച്ചൊടിക്കുന്ന പോസ്റ്റുകള്‍ എന്നിവയും സൈബര്‍ പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
അഡ്മിന്‍മാര്‍ക്കെതിരേ അനധികൃത മദ്യവില്പന സംബന്ധിച്ച് എക്സൈസ് വകുപ്പ് ചുമത്തിയിരിക്കുന്ന കേസില്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. അതിനിടെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യാന്‍ എക്സൈസ് ഫേസ്ബുക്കിനെ സമീപിച്ചു.
ജി.എന്‍.പി.സി എന്ന ചുരുക്ക പേരിലറിയപ്പെടുന്ന കൂട്ടായ്മ വഴി ബാറുകളില്‍ നിന്നും മറ്റുമായി വന്‍ സാമ്പത്തിക സമാഹരണം അജിത്കുമാര്‍ നടത്തിയിരുന്നതായും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. നഗരത്തിലെ ഹോട്ടലുകളില്‍ കൂട്ടായ്മയുടെ പേരില്‍ ഇടയ്ക്കിടെ ഒത്തുചേരല്‍ നടത്തിയിരുന്നു. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് നിശ്ചിത തുകയ്ക്കുള്ള കൂപ്പണ്‍ നല്‍കും.
ഭക്ഷണത്തിനും മദ്യത്തിനുമുള്ള തുകയാണ് കൂപ്പണ്‍വഴി ഈടാക്കുന്നത്. ബാര്ഹോട്ടലുകളില്നിന്ന് ഇത്തരം ഒത്തുചേരല്‍ സംഘടിപ്പിക്കുന്നതിന്റെ പേരില്‍ പണം വാങ്ങിയിരുന്നതായും മദ്യകമ്പനികളില് നിന്ന് ഇയാള്‍ പണം പറ്റിയതായും കണ്ടെത്തി. ജി.എന്‍.പി.സിയെക്കുറിച്ച് എക്സൈസ് കമ്മിഷനര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അജിത്കുമാറിനെ കഴിഞ്ഞ മാസം 29ന് വിളിച്ചുവരുത്തി എക്സൈസ് മൊഴി എടുത്തിരുന്നു.
പിന്നീട് കൂട്ടായ്മയിലെ രണ്ട് പേരുടെ സഹായത്തോടെ ഫേസ്ബുക്കില്‍ കയറി പരിശോധിച്ചപ്പോഴാണ് കൂടുതല്‍ കുറ്റങ്ങള്‍ കണ്ടെത്തിയത്.
2017 മെയ് ഒന്നിനാണ് ജി.എന്‍.പി.സി ഫേസ്ബുക്ക് ഗ്രൂപ്പ് ആരംഭിച്ചത്. അജിത്കുമാര്‍ പാപ്പനംകോടുള്ള സ്വകാര്യ സ്ഥാപനത്തിലെ മാര്‍ക്കറ്റിങ് ജീവനക്കാരനും ഭാര്യ വിനീത സ്വകാര്യ സ്ഥാപനം നടത്തുകയുമായിരുന്നു. എക്സൈസ് കേസ് നടപടികള്‍ ആരംഭിച്ചതിനു പിന്നാലെ അജിത്കുമാര്‍ ഒളിവിലിരുന്ന് മുന്‍കൂര്‍ ജാമ്യത്തിനായി തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."