നടന് ദിലീപ് സംഘടനക്ക് പുറത്തുതന്നെയെന്ന് മോഹന്‍ലാല്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന് ദിലീപ് സംഘടനക്ക് പുറത്തുതന്നെയാണെന്ന് അമ്മ പ്രസിഡന്റ്് മോഹന്‍ലാല്‍.
തിരിച്ചെടുത്ത നടപടി വിവാദമായതിനെതുടര്‍ന്ന് സംഘടനയിലേക്കില്ലെന്ന് ദിലീപ് തന്നെ അറിയിച്ചിട്ടുണ്ട്. ആ നിലക്ക് ദിലീപ് ഇപ്പോള്‍ സംഘടനയിലില്ല. എന്നാല്‍ സംഘടനയില്‍നിന്ന് ദിലീപിനെ പുറത്താക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ വ്യക്തമായ മറുപടി നല്‍കിയില്ല.
ദിലീപിന്റെ അറസ്റ്റ് അമ്മയെ പിളര്‍പ്പിന്റെ വക്കില്‍ എത്തിച്ചിരുന്നു. നിര്‍മാതാക്കളുടെ ഉള്‍പ്പെടെയുള്ള സംഘടന ദിലീപിനെതിരേ നടപടിയെടുത്ത സാഹചര്യത്തില്‍ പ്രകോപനപരമായ അന്തരീക്ഷമാണ് സംഘടനയില്‍ ഉണ്ടായിരുന്നത്. ഈ അവസരത്തിലാണ് മമ്മൂട്ടിയുടെ വസതിയില്‍ അവെയ്ലബിള് എക്സിക്യൂട്ടീവ് കമ്മിറ്റികൂടി ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അത് നിയമപരമല്ലെന്ന് പിന്നീട് മനസിലായി. തുടര്‍ന്ന് ജനറല്‍ ബോഡിയില്‍ അജണ്ടവച്ച് വിഷയം അവതരിപ്പിച്ചു. ദിലീപിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച വന്നപ്പോള്‍ ജനറല്‍ ബോഡിയില്‍ ആരും എതിര്‍ത്തില്ല. ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉള്ളവര്‍ ജനറല്‍ ബോഡിയിലായിരുന്നു വിഷയം ഉന്നയിക്കേണ്ടിയിരുന്നത്. ദിലീപിനെ തിരിച്ചെടുത്തത് തെറ്റായിപ്പോയെന്ന് പറയുന്നവരില്‍ ആരെയും അന്നത്തെ ചര്‍ച്ചയില്‍ കണ്ടില്ലെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
താന്‍ ആഘാതമേറ്റ നടിക്കൊപ്പമാണ്. കോടതി കുറ്റവിമുക്തനാക്കുന്നതുവരെ ദിലീപ് സംഘടനക്ക് പുറത്തുതന്നെയായിരിക്കും. ഒപ്പം ദിലീപിന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
ദിലീപ് കാരണം ചാന്‍സ് നഷ്ടമായെന്ന് പറയുന്ന നടി ഇതുവരെ അതുസംബന്ധിച്ച് സംഘടനക്ക് ഒരു പരാതിയും എഴുതി നല്‍കിയിട്ടില്ല. അമ്മ ഒരു പുരുഷകേന്ദ്രീകൃത സംഘടനയല്ല. 454 പേരില്‍ 238 അംഗങ്ങള്‍ സ്ത്രീകളാണ്. ഡബ്ല്യു.സി.സി അംഗം കൂടിയായ നടി പാര്‍വതിയെ അമ്മയുടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് പിന്തിരിപ്പിച്ചു എന്ന ആരോപണവും മോഹന്‍ലാല്‍ നിഷേധിച്ചു. ഡബ്ല്യു.സി.സിയിലെ അംഗങ്ങള്‍ കത്ത് നല്‍കിയിട്ടുണ്ട്. അവരുമായി കൂടിക്കാഴ്ചക്ക് തയാറാണ്. ഇത് എപ്പോഴാണെന്ന് പിന്നീട് തീരുമാനിക്കും. ഭാവനയും രമ്യ നമ്പീശനും മാത്രമാണ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. 25വര്‍ഷം പഴക്കമുള്ള അമ്മയുടെ ബൈലോ പരിഷ്കരിക്കും.
വനിതകള്‍ക്ക് സംഘടനയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കും. അമ്മയിലെ അംഗങ്ങള്‍ക്ക് വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും ചെയ്യാന്‍ അവസരമൊരുക്കും. അമ്മ ജനറല്‍ ബോഡിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും എല്ലാവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് താല്പര്യമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."