അന്യസംസ്ഥാന ലേബര്‍ ക്യാംപുകളില്‍ ജീവിതം ദുരിതമയം
കാക്കനാട്: തൃക്കാക്കര മേഖലയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാംപുകളില്‍ ജീവിതം ദുരിതമയം. പരിശോധന നടത്തി നടപടിയെടുക്കേണ്ട ആരോഗ്യവകുപ്പും തൊഴില്‍വകുപ്പും നോക്കുകുത്തികളാവുന്നു. കെട്ടിട നിര്‍മാണത്തൊഴിലിനെത്തുന്നവര്‍ക്കാണു ദുരിതം ഏറെ.
തൃക്കാക്കര വാഴക്കാല ദേശീയ കവലയിലെ സ്വകാര്യ ഫ്‌ലാറ്റ്, വില്ല നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്റെ ഒരുഭാഗത്ത് ഇരുമ്പുമറയോ പ്ലാസ്റ്റിക് ഷീറ്റോ ഉപയോഗിച്ചു താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡ്ഡുകളിലാണു തൊഴിലുടമകള്‍ ഇവരെ താമസിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം വാഴക്കാല പ്രയിദര്‍ശിനി റോഡില്‍ സാഹോദരങ്ങള്‍ക്കൊപ്പം താമസിച്ചിരുന്ന അസം സോദേശി ഡിഫ്തീരിയ ബാധിച്ച് മരണപ്പെട്ടിരുന്നു. മൃഗതുല്യമാണു ഭൂരിഭാഗം ക്യാംപുകളും.
കെട്ടിടത്തിന്റെ നിര്‍മാണ പരിശോധനയ്ക്കു നഗരസഭ ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പും മലിനീകരണവകുപ്പും സ്ഥലം സന്ദര്‍ശിക്കാറുണ്ടെങ്കിലും തൊഴിലാളികളുടെ താമസം സംബന്ധിച്ചു യാതൊരു അന്വേഷണവും നടക്കാറില്ല. പല കെട്ടിടത്തിനു സമീപത്തും ഇരുന്നൂറില്‍ കൂടുതല്‍ അംഗങ്ങളുള്ള ലേബര്‍ ക്യാംപുകളാണു പ്രവര്‍ത്തിക്കുന്നത്. ഇവരുടെ താമസവും ഭക്ഷണം പാകംചെയ്യുന്നതും പ്രാഥമിക കൃത്യങ്ങള്‍ക്കുള്ള സൗകര്യങ്ങളുമെല്ലാം ഒരുക്കുന്നത് ഒരിടത്താണ്.
കക്കൂസ് മാലിന്യങ്ങള്‍ അടക്കം അശാസ്ത്രീയമായ രീതിയിലാണ് ഇവിടെ സംസ്‌കരിക്കുന്നത്. അസഹനീയമായ ദുര്‍ഗന്ധവും കൊതുകുകളും കാരണം ലേബര്‍ ക്യാംപുകളിലെ ജീവിതം ദുസ്സഹമാവുകയാണ്. തൊഴിലാളികളെ താമസിപ്പിക്കുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളൊന്നും ഇത്തരം ക്യാംപുകളില്‍ നടപ്പാവുന്നില്ല. അധികൃതരുടെ മൗനാനുമതിയോടെ നടക്കുന്ന ഇത്തരം ക്യാംപുകളില്‍ ആരോഗ്യപ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ട്.
തൃക്കാക്കരയില്‍ ഭൂരിഭാഗം ലേബര്‍ ക്യാംപുകളും അനുമതിയല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ട്രാക്റ്റര്‍മാരുടെ ക്യാംപുകളിലെ തൊഴിലാളികള്‍ക്കാണ് ഇങ്ങനെ നരക ജീവിതം നയിക്കേണ്ടി വരുന്നത്. പരിസര ശുചിത്വം തീരെയില്ലാത്ത ക്യാംപുകളില്‍ പകര്‍ച്ചവ്യാധികള്‍ ഗുരുതരമായ രീതിയില്‍ പടര്‍ന്നു പിടിക്കുമെന്നതില്‍ തര്‍ക്കമില്ല. മാരകമായ അസുഖങ്ങള്‍ പിടിപെട്ടാല്‍ പോലും ആവശ്യമായ ചികിത്സ ലഭിക്കുകയില്ല.
ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് കോണ്‍ട്രാക്റ്റര്‍ അറിഞ്ഞാല്‍ തൊഴില്‍ നഷ്ടപ്പെട്ടു നാട്ടിലേയ്ക്കു വണ്ടി കയറേണ്ടി വരുമെന്നുള്ളതുകൊണ്ട് തൊഴിലാളികള്‍ പലരും അസുഖങ്ങള്‍ മറച്ചു വയ്ക്കും. പ്രതിരോധ മരുന്നുകളെ കുറിച്ച് ഇവര്‍ക്ക് അറിയുകേയില്ല. അസുഖങ്ങള്‍ വന്നാല്‍ മെഡിക്കല്‍ സ്റ്റോറുകളെ ആശ്രയിക്കുന്ന ഇവര്‍ പലപ്പോഴും അമിത ലഹരിയിലായിരിക്കും ആശ്വാസം കണ്ടെത്തുക. ഇതാകട്ടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമാക്കി ജീവഹാനിക്കു തന്നെ കാരണമാകുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."