മതാചാരത്തിന്റെ പേരില്‍ ശരീര ഭാഗങ്ങള്‍ മാറ്റംവരുത്തുന്നത് അംഗീകരിക്കാനാവില്ല
ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ ചേലാകര്‍മത്തിനെതിരേ സുപ്രിംകോടതി. മതാചാരത്തിന്റെ പേരില്‍ സ്ത്രീശരീരത്തില്‍ തൊടാന്‍ ആര്‍ക്കും അധികാരമില്ലെന്നും വിശ്വാസത്തിന്റെ പേരില്‍ ശരീരഭാഗങ്ങളില്‍ മാറ്റംവരുത്തുന്നത് അനുവദിക്കാനാകില്ലെന്നും സുപ്രിംകോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.
പെണ്‍കുട്ടികളിലെ ചേലാകര്‍മം നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകയായ സുനിതാ തിവാരി നല്‍കിയ ഹരജി പരിഗണിക്കവെ ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കാര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ ഉള്‍പ്പെട്ട ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ചെറുപ്പത്തില്‍ തന്നെ പെണ്‍കുട്ടികളെ ചേലാകര്‍മത്തിനു വിധേയരാക്കുന്നവരെ ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റ്‌ചെയ്ത് കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമ (പോക്‌സോ) പ്രകാരം വിചാരണചെയ്യണമെന്നും ഹരജിക്കാരി ആവശ്യപ്പെട്ടിരുന്നു.
ലിംഗാഗ്രഛേദവും ചേലാകര്‍മവും തമ്മില്‍ വ്യത്യാസമുണ്ടെന്നു കേസില്‍ കക്ഷിചേര്‍ന്ന ശീഈ വിശ്വാസികളിലെ ഉപവിഭാഗമായ ദാവൂദി ബോറാ സംഘടനക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി ചൂണ്ടിക്കാട്ടി. ഈ ആചാരം വിശ്വാസികളിലെ 95 ശതമാനം പേരും അംഗീകരിക്കുന്നതാണെന്നും ആചാരത്തിന് ഭരണഘടനയിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച 25, 26, 29, തുല്യാവകാശം സംബന്ധിച്ച 14 വകുപ്പുകള്‍ പ്രകാരം സംരക്ഷണം ഉണ്ടെന്നും അദ്ദേഹം വാദിച്ചു.
എന്നാല്‍ ഈ ആചാരം പെണ്‍കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നാണ് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് കോടതിയെ അറിയിച്ചത്.
ഇതോടെ വിഷയത്തില്‍ കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞു. ആചാരത്തെ എതിര്‍ത്ത കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍, ഭരണഘടനയിലെ 25, 26 വകുപ്പുകള്‍ പൊതുവായതും ധാര്‍മികതയുമായി ബന്ധപ്പെട്ടതുമാണെന്നും അമേരിക്ക, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ ഈ ആചാരം നിരോധിച്ചതാണെന്നും കോടതിയെ അറിയിച്ചു. മുസ്‌ലിം ലോകത്തെ മുഴുവന്‍ പുരുഷന്മാരും ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങാതെ തന്നെ ലിംഗാഗ്രം ഛേദിക്കുന്നുണ്ടെന്നും അതിന് ലോകത്തെവിടെയും വിലക്കില്ലെന്നും അഭിഷേക് സിങ്‌വി പറഞ്ഞു.
ഈ സമയം ഇടപെട്ട ബെഞ്ചിലെ ഡി.വൈ ചന്ദ്രചൂഡ്, സ്ത്രീകളുടെ ശരീരത്തില്‍ ഇടപെടാന്‍ ബാക്കിയുള്ളവര്‍ക്ക് അനുമതി കൊടുക്കണോയെന്നും ഒരാളുടെ ലൈംഗികാവയവം തീര്‍ത്തും സ്വകാര്യമായ ഭാഗമാണെന്നും പറഞ്ഞു. പെണ്‍കുട്ടികളെ ചേലാകര്‍മത്തിനു വിധേയരാക്കുന്നവരെ പോക്‌സോ നിയമപ്രകാരം ശിക്ഷിക്കണമെന്ന ഹരജിക്കാരുടെ ആവശ്യത്തെ ചീഫ്ജസ്റ്റിസ് വാക്കാല്‍ പിന്തുണച്ചു. കേസ് വിശദവാദം കേള്‍ക്കാനായി ഈ മാസം 16ലേക്കു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."