ഡ്രസ് ബാങ്കിന്റെ പ്രവര്‍ത്തനം മാരാരിക്കുളം മോഡല്‍: എ.എം ആരിഫ്
മണ്ണഞ്ചേരി: ഡ്രസ് ബാങ്കിന്റെ പ്രവര്‍ത്തനം കേരളത്തിന് വീണ്ടും ഒരു മാരാരിക്കുളം മോഡല്‍ സമ്മാനിച്ചിരിക്കുകയാണെന്ന് എ.എം ആരിഫ് എം.എല്‍.എ പറഞ്ഞു.
പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കലവൂരില്‍ ആരംഭിച്ച ജനകീയ ഡ്രസ് ബാങ്കിന്റെ ഫ്രീ ഷോപ്പിങ് സെന്റര്‍ ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷണത്തോടൊപ്പം മനുഷ്യന് ആവശ്യമായ വസ്ത്രങ്ങളും സമ്മാനിക്കുന്നതിലൂടെ മാരാരിക്കുളത്തുകാര്‍ പുതിയ മാനവികത ഉയര്‍ത്തുകയാണെന്നും ആരിഫ് പറഞ്ഞു. കേരളത്തനുതന്നെ അഭിമാനമായ ഈ നീക്കത്തിന് തന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ വസ്ത്രശേഖരത്തില്‍ നിന്ന് എം.എല്‍.എ രണ്ടുജോഡി വസ്ത്രങ്ങള്‍ ഡ്രസ് ബാങ്കിന് നല്കി. ചടങ്ങില്‍ തിരകഥാകൃത്ത് സുനീഷ് വാരനാട് മുഖ്യാതിഥിയായിരുന്നു. നാട്ടുകാര്‍ ബാങ്കിലേക്ക് നല്കിയ വസ്ത്രങ്ങള്‍ ജീവതാളം പാലിയേറ്റീവ് ചെയര്മാന് കെ.ഡി മഹീന്ദ്രന് ഏറ്റുവാങ്ങി.
സൗജന്യ വസ്ത്രവിതരണ കേന്ദ്രത്തില്‍ നിന്ന് ഉദ്ഘാടനത്തിനുശേഷം രണ്ട് മണിക്കുര്‍ കൊണ്ട് ആയിരത്തിലേറെ ജോഡി വസ്ത്രങ്ങള്‍ ആവശ്യക്കാര്‍ തിരഞ്ഞടുത്തു.
സ്ത്രീകള്‍, കുട്ടികള്‍ അടക്കമുള്ളവര്‍ക്കായി ആയിരക്കണക്കിന് ജോഡി വസ്ത്രങ്ങള്‍ ഷോപ്പില്‍ സജ്ജമാക്കിയിട്ടുണ്ട്. ഏപ്രില്‍ 27 വരെ ഫ്രീ ഡ്രസ് ബാങ്ക് കലവൂരില്‍ പ്രവര്‍ത്തിക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആദിവാസി ഊരുകളില്‍ എത്തി പി. കൃഷ്ണപിള്ള സ്മാരകട്രസ്റ്റിന്റെ പ്രവര്‍ത്തകര്‍ വസ്ത്രങ്ങള്‍ വിതരണം ചെയ്യും. കഴിഞ്ഞ ദിവസം ധനമന്ത്രി ഡ്രസ് ബാങ്കിലേക്ക് തന്റെ പഴയ വസ്ത്രങ്ങള്‍ നല്‍കിയിരുന്നു.
ഉദ്ഘാടനസമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്മാന് അഡ്വ. ആര്. റിയാസ്, എം.എസ് സന്തോഷ്, സി.കെ രതികുമാര്‍, മജ്ഞു രതികുമാര്‍, സുനീഷ്ദാസ്, ഡോ. ബിന്ദുഅനില്‍, നൗഷാദ് പുതുവീട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."