ഇവരാണ് യഥാര്‍ഥ താരങ്ങള്‍
എന്‍ഗോളോ കാന്റെ
പ്രതിഭാ സമ്പന്നമായ ഫ്രഞ്ച് നിരയില്‍ പോള്‍ പോഗ്ബ, അന്റോണിയോ ഗ്രീസ്മാന്‍, കിലിയന്‍ എംബാപ്പെ എന്നീ പേരുകളായിരിക്കും ആദ്യം കേള്‍ക്കുക. എന്നാല്‍ എന്‍ഗോളോ കാന്റെ എന്ന ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ പേര് ഈ ലോകകപ്പില്‍ കേള്‍ക്കാതിരിക്കില്ല. മത്സരം വായിച്ചെടുക്കാനും ഇടം സംരക്ഷിക്കാനും ആക്രമണങ്ങളുടെ മുനയൊടിക്കാനും ഈ 27കാരനോളം മിടുക്കുള്ള മറ്റൊരു താരം ഫ്രാന്‍സിലും മറ്റേത് ടീമിലും കാണില്ല. സ്വന്തം മൈതാനത്തിന്റെ മധ്യത്തിലും ബാക്കിലും പന്തെത്തിയാന്‍ ജീവന്‍ കൊടുത്തും പന്തിനെ തട്ടിയെടുക്കുക എന്ന അപാര മിടുക്ക് കാന്റെയെ വ്യത്യസ്തനാക്കുന്നു. സ്വന്തം ബോക്‌സില്‍ നിന്ന് പന്ത് റാഞ്ചുമ്പോള്‍ അപകടകരമല്ലാത്ത ടാക്ലിങ്ങിലൂടെ പന്തെടുക്കുക എന്നത് വലിയ റിസ്‌കുള്ള കാര്യമാണ്. ഈ റിസ്‌ക് ഈസിയായി നിറവേറ്റുന്ന ഒരു താരമെന്ന നിലയില്‍ കാന്റെ എന്നും ഫ്രഞ്ച് ടീമിന്റെ നെടുംതൂണ്‍ തന്നെയാണ്.
ക്ലോഡിയോ റാനിയേരി എന്ന പരിശീലകന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കപ്പുയര്‍ത്തി ഞെട്ടിക്കുമ്പോള്‍ അക്കൂട്ടത്തില്‍ പ്രധാനിയായിരുന്നു എന്‍ഗോളോ കാന്റെ എന്ന ഫ്രഞ്ചുകാരന്‍. ലെസ്റ്ററിനുവേണ്ടണ്ടി ഏറെ സ്ഥിരതയോടെയാണ് കാന്റെ കളിച്ചത്. എന്‍ഗോളോയെ മറ്റ് ക്ലബുകള്‍ ആഗ്രഹിക്കുന്നതിന്റെ കാരണവും ഈ സ്ഥിരതയാണ്. ലോകകപ്പില്‍ ഫ്രാന്‍സിന്റെ ജൈത്രയാത്രയില്‍ കാന്റെയുടെ പങ്ക് ആര്‍ക്കും വിസ്മരിക്കാനാവാത്തതാണ്. കാമറക്കും വരികള്‍ക്കും പിന്നില്‍ നില്‍ക്കുന്ന കാന്റെ റഷ്യന്‍ ലോകകപ്പിന്റെ പുതിയൊരു താരമാകുമെന്നതില്‍ തര്‍ക്കമൊന്നുമില്ല.
അഞ്ചടി ആറിഞ്ചുകാരനായ കാന്റെ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെയാണ് മൈതാനത്തെ താരമാകുന്നത്. പിന്നീട് ഫ്രഞ്ച് രണ്ടണ്ടാം ഡിവിഷന്‍ ടീമായ കയീനിലെത്തി. അവിടെനിന്ന് ലെസ്റ്റര്‍ സിറ്റിയില്‍. കിരീടധാരണത്തോടെ പ്രീമിയര്‍ലീഗില്‍ പ്രവേശിച്ച കാന്റെയെ അടുത്ത സീസണില്‍ ചെല്‍സി സ്വന്തമാക്കി. ചെല്‍സിക്ക് നിരാശപ്പെടേണ്ടണ്ടിവന്നില്ല. ആ സീസണില്‍തന്നെ ജേതാക്കളാവുകയും ചെയ്തു.
രണ്ടണ്ട് വ്യത്യസ്ത ടീമുകളുടെ ഒപ്പം തുടര്‍ച്ചയായി ലീഗ് ജേതാവാകുകയെന്ന അത്യപൂര്‍വനേട്ടവും കാന്റെയെ തേടിയെത്തി. 2017 മാര്‍ച്ചില്‍ യുനൈറ്റഡിനെതിരേ ഗോള്‍ നേടിയ കാന്റെയെ മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞടുത്തു. പിന്നീട് പി.എഫ്.എ പ്ലെയേഴ്‌സ് പ്ലെയര്‍ ഓഫ് ദി ഇയര്‍, എഫ്.ഡബ്ല്യു.എ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍, പ്രീമിയര്‍ ലീഗ് പ്ലെയര്‍ ഓഫ് ദി സീസണ്‍ എന്നീ വിശേഷണങ്ങളും കാന്റെയെ തേടിയെത്തി. കഴിഞ്ഞ ഒക്ടോബറില്‍ ബാലന്‍ ഡി ഓറിനു വേണ്ടണ്ടിയും കാന്റെ നോമിനേറ്റ് ചെയ്യപ്പെട്ടു.
2016 മാര്‍ച്ച് മുതല്‍ കാന്റെ ഫ്രഞ്ച് ടീമില്‍ അംഗമാണ്. 2016 യൂറോയില്‍ റൊമാനിയക്കെതിരായ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പാസുകള്‍ നല്‍കിയതും ടാക്കിള്‍ ചെയ്തതും പന്ത് തട്ടിയെടുത്തതും കളിക്കളത്തില്‍ ഏറ്റവും ദൂരം മറികടന്നതും കാന്റെ ആയിരുന്നു. നോക്കൗട്ട് ഘട്ടത്തില്‍ അയര്‍ലന്‍ഡുമായുള്ള കളിക്കിടെ കാന്റെയ്ക്ക് ടൂര്‍ണമെന്റിലെ രണ്ടണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഫൈനലില്‍ എന്‍ഗോളോ ഇല്ലാത്ത ഫ്രാന്‍സ് ഒരു ഗോള്‍ വഴങ്ങി പോര്‍ച്ചുഗലിനോട് തോറ്റു. റഷ്യയില്‍ ഫ്രാന്‍സിന്റെ എല്ലാ ജയങ്ങളുടെ പിന്നിലും കാന്റെയുടെ കാലുകളും തലയുമുണ്ടെന്നത് കാണാതിരിക്കാനാകില്ല.
കിലിയന്‍ എംബാപ്പെ
ദിദിയന്‍ ദശ്കാംപ്‌സ് എന്ന ഫ്രഞ്ച് പരിശീലകന്‍ കൂടുതല്‍ സ്വപ്നങ്ങളൊന്നും ഇല്ലാതെയായിരുന്നു പി.എസ്.ജി താരമായിരുന്ന 19വയസുകാരന്‍ എംബാപ്പെയെ തന്റെ റഷ്യന്‍ സംഘത്തിലുള്‍പ്പെടുത്തിയത്. എംബാപ്പയേയും ഉസ്മാന്‍ ഡംബലയേയും ഒരേ ലക്ഷ്യത്തോടെയായിരുന്നു കോച്ച് ടീമിലുള്‍പ്പെടുത്തിയത്. എതിര്‍ ടീമിനെ ഓടിത്തോല്‍പ്പിക്കുന്ന എന്ന ചെറിയൊരു ലക്ഷ്യം മാത്രമേ ദശ്കാംപ്‌സിനുണ്ടായിരുന്നുള്ളു. പെറുവിനെതിരേ ഗോള്‍ നേടിയപ്പോഴും വേഗതയാണ് തന്റെ കരുത്തെന്ന് എംബാപ്പേയും ഫ്രഞ്ച് സംഘവും തിരിച്ചറഞ്ഞിട്ടുണ്ടായിരുന്നില്ല. വയസന്‍മാരായ അര്‍ജന്റീനയോട് മുട്ടിയപ്പോഴായിരുന്നു യഥാര്‍ഥത്തില്‍ എംബാപ്പെ വേഗത ഉപയോഗിച്ചത്. പിന്നീടുള്ള മത്സരങ്ങളില്‍ എംബാപ്പെയെ റണ്ണിങ് മെഷീനിന്റെ റോളിലായിരുന്നു എല്ലാവരും കണ്ടത്. എംബാപ്പയെ പൂട്ടാന്‍ ഓടാന്‍ കഴിവുള്ള രണ്ട് പേരെ തന്നെ ചുമതല ഏല്‍പ്പിക്കുന്ന ഘട്ടംവരെ കാര്യങ്ങള്‍ എത്തി. എംബാപ്പെ നേടിയ മൂന്ന് ഗോളിനും അതിവേഗത്തിന്റെ ടച്ചുണ്ടായിരുന്നു. അതോടെ റഷ്യയുടെ പുത്തന്‍ താരോദയങ്ങളുടെ പട്ടികയില്‍ എംബാപ്പെയുടെ പേരും എഴുതിച്ചേര്‍ത്തു.
ലൂക്കാ മോഡ്രിച്ച്
ഫുട്‌ബോളിന്റെ ചരട് വലിക്കുന്നത് മധ്യനിരയില്‍ നിന്നാണ്. പ്രതിരോധ നിരയും മുന്നേറ്റ നിരയും ഒരു പോലെ ആശ്രയിക്കുന്ന സംഘമാണ് ഫുട്‌ബോള്‍ മൈതാനത്തിന്റെ മധ്യനിര കൈകാര്യം ചെയ്യുന്നവര്‍. ലോക ക്ലബായ റയല്‍ മാഡ്രിഡിന്റെ മധ്യനിര കൈകാര്യം ചെയ്യുന്ന ലൂക്കാ മോഡ്രിച്ചെന്ന അര്‍പ്പണ ബോധമുള്ള ഫുട്‌ബോളറുടെ ജയവും ഉയര്‍ച്ചയും കണ്ടൊരു ലോകകപ്പാണ് റഷ്യയിലേതെന്നതില്‍ സംശയമില്ല. കാരണം നായക സ്ഥാനത്ത് നിന്ന് തന്റെ ടീമിനെ തോളിലേറ്റി സെമിഫൈനല്‍ വരെ എത്തിക്കുന്നതില്‍ മോഡ്രിച്ച് തന്നെയാണ് മുന്നില്‍ നിന്ന് നയിച്ചത്. അര്‍ജന്റീനക്കെതിരേ ലോക നിലവാരത്തിലുള്ള ഗോള്‍ നേടാനും താരത്തിനായി. റഷ്യയുമായുള്ള ക്വാര്‍ട്ടര്‍ മത്സരത്തിലും എക്‌സ്ട്രാ ടൈമിലേക്ക് കളി നീണ്ടപ്പോള്‍ തളരാത്ത പോരാളിയായി ലൂക്കാ മോഡ്രിച്ച് തന്നെയായിരുന്നു മുന്നില്‍ നിന്ന് നയിച്ചത്.
ഗോള്‍ കീപ്പര്‍ സുബാസിച്ച് തളര്‍ന്നു തുടങ്ങിയപ്പോഴും മുന്നേറ്റ താരം മാന്‍സൂക്കിച്ച് കിതച്ചപ്പോളും ലൂക്കാ മോഡ്രിച്ചെന്ന യഥാര്‍ഥ പോരാളി തളരാതെ തന്നെ നിന്നു. ഗ്രൗണ്ടിലുടനീളമുള്ള താരത്തിന്റെ സാന്നിധ്യം ക്രൊയേഷ്യന്‍ ടീമിന്റെ ജയത്തില്‍ നിര്‍ണായകമായിരുന്നു. മധ്യനിര ഭരിക്കാന്‍ കൂടെയുണ്ടായിരുന്ന ബാഴ്‌സലോണന്‍ താരം ഇവാന്‍ റാക്കിട്ടിച്ചെന്ന സെന്‍സിബിള്‍ ഫുട്‌ബോളറുടെ സാന്നിധ്യവും മോഡ്രിച്ചിന്റെ പ്രതിഭ ഉയരുന്നതില്‍ ഉണ്ടായിട്ടുന്നത്. ക്രൊയേഷ്യ റഷ്യയില്‍നിന്ന് മടങ്ങുമ്പോള്‍ സോച്ചിയിലെയും ഫിഷ്റ്റിലേയും ലുഷ്‌നിക്കിയിലേയും മൈതാനത്ത് റാക്കിട്ടിച്ചിന്റെയും മോഡ്രിച്ചിന്റെയും പേരുകള്‍ കൂടി എഴുതിച്ചേര്‍ക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."