ഇനി പ്രവാസികള്‍ പകരും വളരാനുള്ള കരുത്ത്
ചൈനീസ് ഉല്‍പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍നിന്ന് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനത്തിന്റെ പശ്ചാത്തലത്തില്‍ തന്നെയാണു പ്രവാസികളുടെ കൊവിഡ് മൂലമുള്ള മടങ്ങിവരവും സംഭവിക്കുന്നത്. ഒരുപക്ഷേ, ചൈനീസ് ഉല്‍പന്നങ്ങള്‍ വിപണിയില്‍നിന്ന് അപ്രത്യക്ഷമായേക്കാം. കാരണം അത്രമേല്‍ മെയ്ഡ് ഇന്‍ ചൈനയാണ് മാര്‍ക്കറ്റുകള്‍ വഴി വിറ്റഴിച്ചിരുന്നത്. പക്ഷേ, ഈ പ്രതിസന്ധി നേരിടാന്‍ കൊവിഡും തുടര്‍ന്നുണ്ടായ ലോകമാറ്റങ്ങളും പുതിയൊരു ആയുധം തരുന്നുണ്ട്. തിരിച്ചെത്തുന്ന പ്രവാസികള്‍!. ആയിരക്കണക്കിനു വിദഗ്ധരായ പ്രവാസികളാണ് ആറു മാസത്തിനകം കേരളത്തിലേക്ക് വരാനിരിക്കുന്നത്. അവര്‍ക്കൊരു കുടചൂടിക്കൊടുത്താല്‍, പിന്തുണ നല്‍കിയാല്‍, അവരുടെ കഴിവുകളെ ഉള്‍ക്കൊള്ളാനാവുന്ന പദ്ധതികള്‍ രൂപപ്പെടുത്തിയാല്‍ ഉല്‍പന്നങ്ങളും സേവനങ്ങളും തേടി വിദേശ കമ്പനികള്‍ കേരളത്തിലെത്തും. തീര്‍ച്ചയാണിത്.
ആറു മാസത്തിനകം നാലു ലക്ഷത്തിലേറെ പേര്‍ തൊഴില്‍രഹിതരായി കേരളത്തിലെത്തുമെന്നാണ് ഒടുവിലത്തെ സൂചന. ഇതില്‍ മൂന്നു ലക്ഷത്തിലധികം പേര്‍ ഗള്‍ഫില്‍നിന്നും അര ലക്ഷത്തോളം ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളില്‍നിന്നും അരലക്ഷത്തിലധികം അമേരിക്കയടക്കമുള്ള മറ്റു വിദേശരാജ്യങ്ങളില്‍ നിന്നുമായിരിക്കും. വിവിധ മേഖലകളില്‍ വൈദഗ്ധ്യം നേടിയവരാണിവര്‍. ഇവരെ ഉപയോഗപ്പെടുത്തിവേണം ഇനി കേരളത്തിനു പിടിച്ചുകയറാന്‍. കാരണം, പഴയതുപോലെ പ്രവാസി നിക്ഷേപം പ്രതീക്ഷിക്കേണ്ടതില്ല എന്നതു തന്നെ.
മടങ്ങിവരുന്ന വിദഗ്ധര്‍
വിദേശ രാജ്യങ്ങളില്‍നിന്ന് മടങ്ങിവരുന്നവരില്‍ സാധാരണ തൊഴിലാളികള്‍, വിദഗ്ധ-അര്‍ധവിദഗ്ധ തൊഴിലാളികള്‍, ഉയര്‍ന്ന പ്രൊഫഷനലുകള്‍, അന്താരാഷ്ട്ര തലത്തില്‍ പരിചയവും പരിശീലനവും ലഭിച്ചവര്‍, വൈദ്യശാസ്ത്ര, എന്‍ജിനീയറിങ് മേഖലകളില്‍ ഏറ്റവും ആധുനിക യന്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചും പ്രവര്‍ത്തിപ്പിച്ചും പരിശീലിച്ചവര്‍, സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമില്‍ ജോലി ചെയ്തവര്‍ ഉള്‍പ്പെടെ നിപുണരായ യുവാക്കളുണ്ട്. വിപണന സേവന രംഗത്താണെങ്കില്‍, ലോകത്തെ 150ലേറെ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരോടൊപ്പം പ്രവര്‍ത്തിച്ചവരോ അവരോട് മത്സരിച്ചുജയിച്ചവരോ ആണ് ഗള്‍ഫിലെ മലയാളികള്‍. മിക്ക പ്രവാസികളും വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാനറിയാവുന്നവരുമാണ്. കമ്പനി ആവശ്യങ്ങള്‍ക്കായും വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനും രാജ്യങ്ങളും വ്യവസായ സംരംഭങ്ങളും മോഡലുകളും സന്ദര്‍ശിച്ചവരും ഇവരില്‍പ്പെടും. ലോകത്തെ വിവിധ കമ്പനികളുമായും ഉപഭോക്താക്കളുമായും ഉല്‍പാദന യൂനിറ്റുകളുമായും വ്യക്തമായ ബന്ധം വച്ചുപുലര്‍ത്തുന്നവരും പ്രവാസികളിലുണ്ട്.
ഇവര്‍ക്കെല്ലാം നിലവിലെ കേരളീയ പശ്ചാത്തലത്തില്‍ തുറന്ന സാധ്യതകളാണുള്ളത്. സര്‍ക്കാര്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് വായ്പകള്‍ നല്‍കുക വഴി പുതിയൊരു കേരളം നിര്‍മിക്കപ്പെടാനുള്ള സാധ്യമായ വഴികളാണ് ആലോചിക്കേണ്ടത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ധാര്‍ഷ്ട്യം തുടര്‍ന്നാല്‍ ഈ മനുഷ്യവിഭവങ്ങളുടെ സേവനം അയല്‍സംസ്ഥാനങ്ങളിലേക്കു നീങ്ങും. പിടിച്ചുനിര്‍ത്താന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കിനല്‍കിയും ഐക്യപ്പെട്ടും നില്‍ക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്.
കേരളത്തില്‍നിന്ന് കയറ്റുമതി
ഇതര സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും കേരളത്തില്‍നിന്ന് വിവിധ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കഴിയുംവിധം പ്രവാസികളെ മാറ്റിയെടുക്കുന്നതിലാണ് സര്‍ക്കാര്‍ മിടുക്കു കാണിക്കേണ്ടത്. തിരിച്ചെത്തുന്ന ലക്ഷം പേര്‍ക്ക് തൊഴില്‍ അനിവാര്യമായിരിക്കും. മറ്റുള്ളവര്‍ എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിയുന്നവരോ ചെറിയ രീതിയില്‍ നിക്ഷേപം നടത്താന്‍ സാധ്യമാകുന്നവരോ ആയിരിക്കും. ഇവരോടൊപ്പം സര്‍ക്കാരും വിദേശത്തുള്ള പ്രവാസി നിക്ഷേപകരും കൂടി ചേര്‍ന്നാല്‍ കേരളത്തിന് ഇന്ത്യയിലെ ചൈനയാകാം. ഇത്രയധികം വിദേശ പരിശീലനം ലഭിച്ചവരെ ഒരുമിച്ച് കിട്ടുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ഒരുപക്ഷേ, കേരളമായിരിക്കും.
വരട്ടെ ഫ്രീ സോണുകള്‍
നിക്ഷേപങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി, നിയമക്കുരുക്കുകള്‍ ഇല്ലാത്ത തരത്തില്‍ ഓരോ ജില്ലയ്ക്കും അനുസൃതമായ രീതിയില്‍ ഫ്രീ സോണുകള്‍ സ്ഥാപിക്കപ്പെടേണ്ടതുണ്ട്. വിദേശ വ്യവസായികളുടെ നിക്ഷേപസഹകരണത്തോടെയായിരിക്കണം ഇത്. ആദ്യ 20 വര്‍ഷത്തേക്ക് ഫ്രീ സോണുകളില്‍ ട്രേഡ് യൂനിയനുകള്‍ക്കു നിരോധനമേര്‍പ്പെടുത്തണം. എന്നാല്‍, എല്ലാവിധ ലൈസന്‍സുകളും വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള ഏകജാലക സംവിധാനം ഇവിടെ നിര്‍ബന്ധമാണ്. എല്ലാ പേപ്പര്‍ വര്‍ക്കുകളും നടക്കുന്നത് ഫ്രീ സോണിനകത്തു വച്ചായിരിക്കണം.
ഇവിടെ നിന്നുള്ള കയറ്റുമതിക്കും നിര്‍മാണത്തിനുമെല്ലാം നികുതിയിളവുകള്‍ നല്‍കുകയും വേണം. ഇങ്ങനെയാകുമ്പോള്‍ ഇതരസംസ്ഥാനക്കാരുടെയും വിദേശികളുടേതുമടക്കമുള്ള നിക്ഷേപം കേരളത്തിലെത്തിക്കാന്‍ ബന്ധങ്ങള്‍വഴി പ്രവാസികള്‍ക്കു സാധിക്കും. നിലവില്‍ യു.എ.ഇയിലെ പത്തിലേറെ ഫ്രീ സോണുകളില്‍ നിക്ഷേപം നടത്തിയവരിലും അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരിലും നല്ലൊരു ശതമാനവും മലയാളികളാണെന്നത് ഇതിനോട് ചേര്‍ത്തുവായിക്കുക.
ഐ.ടി പാര്‍ക്കുകള്‍, ഇലക്ട്രിക്കല്‍-ഇലക്‌ട്രോണിക്‌സ് ഉല്‍പന്ന നിര്‍മാണം, സോളാര്‍ പാനല്‍, എല്‍.ഇ.ഡി ലൈറ്റ് നിര്‍മാണം, വസ്ത്രനിര്‍മാണം, ആരോഗ്യ സംബന്ധമായ ഉല്‍പന്നങ്ങള്‍, ഭക്ഷ്യസംസ്‌കരണവും വിതരണവും, സ്റ്റാര്‍ട്ടപ് പദ്ധതികള്‍ എന്നിവ പ്രവാസി സംരംഭകര്‍ക്കു സര്‍ക്കാര്‍ പിന്തുണയോടെ ഫ്രീ സോണുകള്‍ വഴി നടത്തിക്കൊണ്ടു പോകാനാകും.
ആപ്പിള്‍, സാംസങ്, എല്‍.ജി അടക്കമുള്ള കമ്പനികള്‍ അവരുടെ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതും ഘടകങ്ങള്‍ക്ക് ആശ്രയിക്കുന്നതും ചൈനയെയാണ്. നയതന്ത്രപരമായി ഇത്തരം കമ്പനികളെ കേരളത്തിലേക്ക് ക്ഷണിക്കുകയുമാകാം. തൊഴില്‍സമരങ്ങള്‍ ഉണ്ടാകില്ലെന്നും കടലാസു പണികള്‍ കാലതാമസമില്ലാതെ തീര്‍ത്തുകൊടുക്കുമെന്നുള്ള ഉറപ്പിനൊപ്പം നികുതിയിളവുകളും പ്രഖ്യാപിച്ചാല്‍ ഫ്രീ സോണില്‍ ഇവരെല്ലാം എത്തും. മടങ്ങിവരുന്ന വിദേശ മലയാളികളുടെ അന്താരാഷ്ട്ര തലത്തിലുള്ള പരിചയവും നാട്ടിലെ തൊഴില്‍ അന്വേഷകരെയുമൊക്കെ ഫ്രീ സോണ്‍ നടത്തിപ്പിന് ഉപയോഗപ്പെടുത്താം.
പറഞ്ഞുവരുന്നത്, മടങ്ങിവരുന്ന പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ ഉദാരവ്യവസ്ഥയില്‍ വായ്പ ലഭ്യമാക്കാനുള്ള നടപടികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുണ്ടാകണം. സംസ്ഥാനത്തെ ബാങ്കുകളിലെ പ്രവാസി നിക്ഷേപവും (1.90 ലക്ഷം കോടി) കോപറേറ്റീവ് ബാങ്കുകളുടെ കൈവശമുള്ള നിക്ഷേപവും ഇതിനായി ഉപയോഗിക്കാവുന്നതാണ്. പുറമെ 2008 മുതല്‍ വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ പ്രവാസികളില്‍നിന്ന് ഈടാക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് പലിശരഹിത വായ്പയായി കേന്ദ്രത്തിനു കേരള സര്‍ക്കാരിനു നല്‍കുകയുമാവാം. ചൈനയുടെ ഇന്ത്യയ്ക്കു മേലുള്ള വിപണനാധിപത്യം പതുക്കെ പിന്മാറുമ്പോള്‍ ഇതൊരവസരമാണ്. ഇനിയും പാര്‍ട്ടിയും രാഷ്ട്രീയവും മുഷ്ടിചുരുട്ടിയുള്ള മുദ്രാവാക്യം വിളികളിലുമാണ് താല്‍പര്യമെങ്കില്‍ നമുക്ക് പതുക്കെ ഒന്നിച്ച് പട്ടിണിയിലേക്കു നീങ്ങാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."