ഫ്രാന്‍സ് -ബെല്‍ജിയം
സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: നാല് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തിയ ഫുട്‌ബോള്‍ വസന്തം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ലോകകപ്പ് മോഹവുമായി റഷ്യയിലെത്തിയ 32 ടീമുകളില്‍ 28 ടീമുകള്‍ക്കും നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. അവശേഷിക്കുന്നത് നാല് ടീമുകള്‍ മാത്രം. ലോകമാമാങ്കത്തിന് തിരശ്ശീല വീഴാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പുതിയ ചാംപ്യന്‍മാര്‍ ഉയര്‍ന്ന് വരുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഏറ്റവും മികച്ച പ്രകടനം നടത്തിയ നാല് ടീമുകള്‍ തന്നെയാണ് സെമിഫൈനലില്‍ എത്തിയത്. ബെല്‍ജിയം, ഫ്രാന്‍സ്, ക്രൊയേഷ്യ, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് അവസാന നാലിലെ പോരാളികള്‍. ഇതില്‍ ഇംഗണ്ടും ഫ്രാന്‍സും ഒരുതവണ ലോകകപ്പ് നേടിയവരാണ്. ഫൈനല്‍ പോരാളികളെ നിര്‍ണയിക്കുന്ന ആദ്യ സെമിഫൈനല്‍ പോരാട്ടത്തിനാണ് ഇന്ന് റഷ്യയിലെ സെന്റ്പീറ്റേഴ്‌സ് ബര്‍ഗ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. കരുത്തരായ ഫ്രാന്‍സും ബെല്‍ജിയവും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ സമയം രാത്രി 11.30നാണ് മത്സരം.
മുഖാമുഖം
ഇത് 74ാം തവണയാണ് ബെല്‍ജിയവും ഫ്രാന്‍സും തമ്മില്‍ ഏറ്റുമുട്ടുന്നത്. 30 മത്സരങ്ങളില്‍ ബെല്‍ജിയവും 24 മത്സരങ്ങളില്‍ ഫ്രാന്‍സും വിജയിച്ചു. 19 മത്സരങ്ങളില്‍ ഇരുടീമുകളും സമനില പാലിച്ചു. 1986 ലോകകപ്പിലാണ് ഇരുവരും അവസാനമായി കണ്ടുമുട്ടിയത്. അന്ന് മൂന്നാം സ്ഥാനത്തിന് വേണ്ടി നടന്ന മത്സരത്തില്‍ ഫ്രാന്‍സിനായിരുന്നു (4-2) വിജയം. 2015 ല്‍ പാരിസില്‍ നടന്ന സൗഹൃദ മത്സരത്തിലാണ് ഇരുവരും അവസാനമായി പോരടിച്ചത്. അന്ന് ബെല്‍ജിയം 4-3ന് വിജയിച്ചിരുന്നു.
ബെല്‍ജിയം
ബെല്‍ജിയം ഇത് രണ്ടാം തവണയാണ് ലോകകപ്പ് സെമിഫൈനലില്‍ പ്രവേശിക്കുന്നത്. 1986ല്‍ മെക്‌സിക്കോയില്‍ ബെല്‍ജിയം സെമിഫൈനലിലെത്തിയിരുന്നു. അന്ന് സെമിയില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടാണ് പുറത്തായത്. പ്രീ ക്വാര്‍ട്ടറില്‍ സോവിയറ്റ് യൂനിയനെയും ക്വാര്‍ട്ടറില്‍ സ്‌പെയിനിനെയും പരാജയപ്പെടുത്തിയ ബെല്‍ജിയം സെമിഫൈനലില്‍ മറഡോണ നേടിയ രണ്ട് ഗോളുകളില്‍ അര്‍ജന്റീനക്ക് മുന്നില്‍ വീഴുകയായിരുന്നു.
ചുവന്ന ചെകുത്താന്മാരെന്ന വിളിപ്പേരുള്ള ബെല്‍ജിയം ഒരു അട്ടിമറി നടത്താനുറച്ചാണ് റഷ്യയിലെത്തിയത്. ഒരുപക്ഷേ ബ്രസീലിനെ നേരിട്ട 4-3-3 എന്ന ഫോര്‍മേഷനാവും ബെല്‍ജിയം ഫ്രാന്‍സിനെതിരേയും പരീക്ഷിക്കുക. സൂപ്പര്‍ താരങ്ങളായ ലുക്കാക്കു, ഹസാര്‍ഡ്, കെവിന്‍ ഡിബ്രുയ്ന്‍ എന്നിവരെ മുന്നില്‍ നിര്‍ത്തിയാണ് ബെല്‍ജിയത്തിന്റെ ആക്രമണം. മധ്യനിരയില്‍ ഫെല്ലെയ്‌നി, വിറ്റ്‌സെല്‍, ചാഡ്‌ലി എന്നിവരും പ്രതിരോധത്തില്‍ വെര്‍ട്ടോങ്ങന്‍, കൊംപാനി, ആല്‍ദെര്‍വിറേള്‍ഡ്, മ്യൂനിയര്‍ എന്നിവരും അണിനിരക്കും. റൊമേലു ലുക്കാക്കുവും കെവിന്‍ ഡി ബ്രുയ്‌നും ഈഡന്‍ ഹസാര്‍ഡും തന്നെയാണ് ബെല്‍ജിയത്തിന്റെ കുന്തമുനകള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി കളിക്കുന്ന ലുക്കാക്കു എതിരാളികള്‍ക്ക് എന്നും വില്ലനാണ്. പന്തുമായി മുന്നേറുന്ന ലുക്കാക്കുവിനെ പിടിക്കാന്‍ ക്വാര്‍ട്ടറില്‍ ബ്രസീല്‍ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. ഈ ലോകകപ്പില്‍ നാല് ഗോളുകള്‍ നേടിയ താരം മിന്നും ഫോമിലാണ്. കെവിന്‍ ഡി ബ്രുയ്‌നാണ് ബെല്‍ജിയത്തിന്റെ രണ്ടാമത്തെ കുന്തമുന. ലുക്കാക്കുവിനും ഹസാര്‍ഡിനും പന്തെത്തിക്കുന്ന ചുമതലയാണ് ഡി ബ്രുയ്‌നുള്ളത്. അവസരം കിട്ടുമ്പോള്‍ എതിരാളികളുടെ വലനിറക്കാനും താരം മടിക്കാറില്ല.
ഫ്രാന്‍സ്
ഇത് ആറാം തവണയാണ് ഫ്രാന്‍സ് സെമിഫൈനലിലെത്തുന്നത്. 1958, 1982, 1986, 1998, 2006 എന്നീ ലോകകപ്പുകളില്‍ ഫ്രാന്‍സ് ഇതിനു മുന്‍പ് സെമിയിലെത്തിയിരുന്നു. 1998ല്‍ ചാംപ്യനായ ഫ്രാന്‍സ് 2006ല്‍ രണ്ടാംസ്ഥാനം നേടി. മറ്റു മൂന്ന് ലോകകപ്പുകളിലും ഫ്രാന്‍സിന് സെമിഫൈനലില്‍ അടിതെറ്റി. സിനദിന്‍ സിദാന്റെ കീഴിലായിരുന്നു ഫ്രാന്‍സ് 1998ലെ ലോകകപ്പ് നേടിയത്. 2006 ലോകകപ്പ് ഫൈനലില്‍ ഇറ്റലിയോട് പെനാല്‍റ്റിയില്‍ തോറ്റ് ഫ്രാന്‍സ് മടങ്ങി. അതിനു ശേഷം 2010ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ഫ്രാന്‍സ് 2014 ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയോട് തോറ്റ് പുറത്തായി.
2018 റഷ്യയിലെത്തിയ ഫ്രാന്‍സ്‌നിര എന്തുകൊണ്ടും കപ്പില്‍ മുത്തമിടാന്‍ യോഗ്യതയുള്ളവരാണ്. മുന്നേറ്റവും മധ്യനിരയും പ്രതിരോധവും ഒന്നിനൊന്നു മെച്ചം. എന്നാലും എംപാപ്പെയുടെയും ഗ്രിസ്മാന്റെയും ജിറൂദിന്റെയും നേതൃത്വത്തിലുള്ള മുന്നേറ്റനിര തന്നെയാണ് ഫ്രാന്‍സിന്റെ കരുത്ത്. മധ്യനിരയില്‍ പോഗ്ബയും കാന്റെയും തകര്‍പ്പന്‍ ഫോമിലാണ്.
4-2-3-1 എന്ന ശൈലിയിലാണ് ഫ്രാന്‍സ് ഇറങ്ങുന്നത്. ജിറൂദിനെ മുന്നില്‍ നിര്‍ത്തിയാണ് ഫ്രാന്‍സിന്റെ ആക്രമണം. എംബാപ്പെ, ഗ്രീസ്മാന്‍, മറ്റിയൂഡി എന്നിവരെ തൊട്ടുപിന്നിലായി അണിനിരത്തും. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ കാന്റെയും പോഗ്ബയും ഇറങ്ങും. പ്രതിരോധത്തില്‍ വരാനെ, ഉമിറ്റി, ഹെര്‍ണാണ്ടസ്, പവാര്‍ഡ് എന്നിവരെയും ഇറക്കിയാവും ഫ്രാന്‍സ് ബെല്‍ജിയത്തെ തടയിടുന്നത്. എംപാപ്പെയും ഗ്രീസ്മാനും പോഗ്ബയുമാണ് ഫ്രാന്‍സിന്റെ മിന്നുംതാരങ്ങള്‍. 19 വയസുള്ള എംബാപ്പെയെ ഓടിപ്പിടിക്കാന്‍ ബെല്‍ജിയം പാടുപെടും. ബുള്ളറ്റ് ഷോട്ടുകളുമായി ഗ്രീസ്മാനും എംപാപ്പെയും കളം നിറഞ്ഞാല്‍ ബെല്‍ജിയത്തിന് പണിയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."