സ്‌കൂള്‍ മുടങ്ങാതിരിക്കാന്‍ 'ഓടിയത് ' ദുരന്തത്തിലേക്ക്
ഉപ്പള (കാസര്‍കോട്): യാത്രാസംഘത്തിലെ വിദ്യാര്‍ഥികളുടെ സ്‌കൂള്‍ പഠനം മുടങ്ങാതിരിക്കാന്‍ ധൃതിപിടിച്ചുള്ള യാത്ര അവസാനിച്ചത് വന്‍ ദുരന്തത്തില്‍. ഇന്നലെ പുലര്‍ച്ചെ ഉപ്പളയില്‍ അപകടത്തില്‍പ്പെട്ടവര്‍ പാലക്കാട് നടന്ന ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് ഞായറാഴ്ച രാത്രി തന്നെ വേഗത്തില്‍ മടങ്ങിയത് കുട്ടികളുടെ ഒരു ദിവസത്തെ അധ്യയനം മുടങ്ങേണ്ടെന്ന് കരുതിയാണ്. എന്നാല്‍ അസമയത്തുള്ള ആ യാത്ര അവസാനിച്ചത് സംഘത്തിലെ അഞ്ചുപേരുടെ മരണത്തിലാണ്. 13 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അതിരാവിലെ നാട്ടിലെത്തി സംഘത്തിലെ കുട്ടികളെ സ്‌കൂളിലയക്കാനുള്ള ഒരുക്കം നടത്താമെന്ന് കരുതി ജീപ്പില്‍ ഉറക്കത്തിലായിരുന്ന കുടുംബാംഗങ്ങളാണ് ദുരന്തത്തിനിരയായത്.
അപകടത്തില്‍പ്പെട്ടവരുടെ ബന്ധുവിന്റെ ഗൃഹപ്രവേശനത്തില്‍ പങ്കെടുക്കാന്‍ ശനിയാഴ്ചയാണ് കേരള - കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ നിന്നുള്ള സംഘം പാലക്കാട്ടേക്ക് പോയത്. ഞായറാഴ്ച്ച ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ് വൈകുന്നേരത്തോടെ തലപ്പാടിയിലേക്ക് മടങ്ങുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ഉപ്പളയ്ക്ക് സമീപം അപകടം നടന്നത്. സംഘം യാത്ര ചെയ്തിരുന്ന ജീപ്പില്‍ മംഗളൂരുവില്‍ നിന്ന് വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. യാത്രാസംഘത്തിലുണ്ടായിരുന്നവരുടെ നിലവിളിക്കൊപ്പം തളം കെട്ടിയ ചോരയും കണ്ടാണ് ഉപ്പള നഗരം ഇന്നലെ രാവിലെ ഉണര്‍ന്നത്.
പട്രോളിങ്ങിലുണ്ടായിരുന്ന ഹൈവേ പൊലിസും ഉപ്പള അഗ്നിശമന സേനയും നാട്ടുകാര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഉടനെ നയാബസാര്‍ ഹെല്‍ത്ത് സെന്ററിലേക്കും പരുക്കേറ്റ കുട്ടികളടക്കമുള്ളവരെ മംഗളൂരു യൂനിറ്റി ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. സംഘം വീടെത്തുന്നതിന് കിലോമീറ്ററുകള്‍ക്കിപ്പുറമാണ് അപകടം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."