ലീഗിനൊപ്പം ചേര്‍ന്നുള്ള മത്സരം: 'കോണ്‍ഗ്രസ് അധ്യക്ഷന്റെ മതനിരപേക്ഷ വിശ്വാസ്യതയ്ക്ക് ക്ഷതമേല്‍പ്പിക്കും'- യോഗിയുടെ വഴിയേ കാരാട്ടും
കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെ, മുസ്‌ലിം ലീഗിനെതിരെ ആക്ഷേപവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. സമാനമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.
'മറ്റൊരര്‍ഥത്തിലും കോണ്‍ഗ്രസിന്റെ ഹൃസ്വദൃഷ്ടിയോടെയുള്ള ഈ സമീപനത്തിന് അവര്‍ വലിയ വില നല്‍കേണ്ടിവരും. യുഡിഎഫിന്റെ ഭാഗമാണ് മുസ്ലിംലീഗ്. വയനാട് മണ്ഡലത്തില്‍ മുസ്ലിംലീഗിന് ശക്തമായ സാന്നിധ്യമുണ്ട്. രാഹുല്‍ കോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെയും സംയുക്ത സ്ഥാനാര്‍ഥിയായാണ് യുഡിഎഫ് ബാനറില്‍ ജനവിധി തേടുന്നത്. വയനാട്ടിലെ ഇടതുപക്ഷസ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താനായുള്ള ശ്രമത്തില്‍ രാഹുല്‍ ആശ്രയിക്കുന്നത് മുസ്ലീംലീഗിനെയാണ്. അവരെ കൂട്ടുപിടിച്ച് ഇടതുപക്ഷത്തെ തോല്‍പ്പിക്കാനാകില്ല. കോണ്‍ഗ്രസ് അധ്യക്ഷന്റെ മതനിരപേക്ഷ വിശ്വാസ്യതയ്ക്ക് ഇതൊരു നല്ല പരസ്യവുമാകില്ല!'- ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
ഇതേ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ദ സിറ്റിസണ്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലുമുണ്ട്.
യോഗി ആദിത്യനാഥ് പറഞ്ഞത്
മുസ്‌ലിം ലീഗ് രാജ്യം മുഴുവന്‍ വ്യാപിക്കാന്‍ പോവുന്ന വൈറസാണെന്നാണ് ബി.ജെ.പി നേതാവും യു.പി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് പറഞ്ഞത്. ഈ വൈറസ് ഒരിക്കല്‍ രാജ്യം വിഭജിക്കാന്‍ ഇടയാക്കി. കോണ്‍ഗ്രസിന് ഈ വൈറസ് ബാധിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ജയിച്ചാല്‍ ഈ വൈറസ് രാജ്യം മുഴുവന്‍ പടരുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അധിക്ഷേപിച്ചു.
'1857ലെ സ്വാതന്ത്ര സമരത്തില്‍ എല്ലാവരും മംഗല്‍ പാണ്ഡെയോടൊപ്പം ചേര്‍ന്ന് ഇംഗ്ലീഷുകാര്‍ക്കെതിരെ പോരാടി. പിന്നെ ഈ മുസ്‌ലിം ലീഗെന്ന വൈറസ് വന്ന് രാജ്യത്തിന്റെ വിഭജനം വരെ കൊണ്ടെത്തിച്ചു. ഇപ്പോള്‍ വീണ്ടു അതേ അപകടം വന്നെത്തിയിരിക്കുകയാണ്. പച്ചപ്പതാക വീണ്ടും പറക്കുന്നു. കോണ്‍ഗ്രസിനെ മുസ് ലിം ലീഗ് വൈറസ് ബാധിച്ചിരിക്കുകയാണ്. കരുതിയിരുന്നോളൂ'- യോഗി ട്വിറ്ററില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."