പ്രീതാ ഷാജിയുടെ കിടപ്പാടം ഒഴിപ്പിക്കാനുള്ള ശ്രമം നിര്‍ത്തിവച്ചു
കളമശേരി: ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീതാ ഷാജിയുടെ കിടപ്പാടം ഒഴിപ്പിക്കാനുള്ള പൊലിസ് ശ്രമങ്ങള്‍ ശക്തമായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവയ്ച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം ഇന്നലെ രാവിലെ പോലിസിന്റെ സഹായത്തോടെ അഭിഭാഷക കമ്മിഷനും ആര്‍.ഡി.ഒയും ജപ്തി നടപടികള്‍ക്കായി എത്തിയെങ്കിലും മാനാത്തുപാടം പാര്‍പ്പിട സംരക്ഷണ സമിതിയുടെയും സര്‍ഫാസി വിരുദ്ധ ജനകീയ സമിതിയുടെയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ആരംഭിച്ചതോടെ നടപടികള്‍ പൂര്‍ത്തിയാക്കാനാകാതെ മടങ്ങുകയായിരുന്നു.
പൊലിസ് നടപടികള്‍ തടസപ്പെടുത്തിയെന്ന് കാണിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. സ്ഥലത്തുണ്ടായ സംഘര്‍ഷത്തില്‍ സര്‍ഫാസി വിരുദ്ധ ജനകീയ സമിതി പ്രവര്‍ത്തകയായ അമ്മിണിക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ജപ്തി നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുവാനും തീരുമാനമായി. ഏറെ നാടകീയ സംഭവങ്ങളാണ് ഇന്നലെ പ്രീതാ ഷാജിയുടെ വീട്ടുപടിക്കല്‍ അരങ്ങേറിയത്.
ഹൈക്കോടതി ഉത്തരവുമായി രാവിലെതന്നെ അഭിഭാഷക കമ്മിഷനും ആര്‍.ഡി.ഒയും പൊലിസ് സംരക്ഷണയില്‍ പ്രീതാ ഷാജിയുടെ വീട്ടിലേക്ക് തിരിച്ചു. എന്നാല്‍ പൊലിസിനെയും മറ്റുള്ളവരെയും വീടിന്റെ പരിസരത്തേക്ക് അടുപ്പിക്കില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ സമരസമിതി പ്രവര്‍ത്തകരും നാട്ടുകാരും വഴിയില്‍ നിലയുറപ്പിച്ചതോടെ പൊലിസ് ബലം പ്രയോഗിച്ചു. ഇത് പിന്നീട് സംഘര്‍ഷത്തിലേക്ക് വഴി മാറുകയായിരുന്നു. സമര പന്തലില്‍ നിലയുറപ്പിച്ചിരുന്ന സമരക്കാരില്‍ അഞ്ചുപേര്‍ വീടിനു മുമ്പിലെ റോഡിലേക്കിറങ്ങി ദേഹത്ത് മണ്ണെണ്ണയൊഴിച്ചു തീ കൊളുത്താന്‍ ശ്രമിച്ചു. സി.എസ് മുരളി, പി.ജെ മാനുവല്‍, വി.സി ജെന്നി, വി.കെ വിജയന്‍, കെ.വി റെജുമോന്‍ എന്നിവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടന്‍ തന്നെ അഗ്‌നിരക്ഷാ സേന ഫയര്‍ എക്സ്റ്റിംഗിഷന്‍ ഉപയോഗിച്ചും വെള്ളമൊഴിച്ചും ശ്രമം പരാജയപ്പെടുത്തി. മൂന്നു തവണ ഇവര്‍ തീ കൊളുത്താന്‍ ശ്രമിച്ചു. ഇതോടെ പൊലിസ് കൂടുതല്‍ പ്രതിരോധത്തിലായി.
ഷാജിയും പ്രീത ഷാജിയും മകന്‍ അഖിലും ഭാര്യ അനുവും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണിയുമായി വീടിനകത്തും നിലയുറപ്പിച്ച വിവരം ലഭിച്ചതോടെ പൊലിസ് ബലം പ്രയോഗിച്ചുള്ള ജപ്തി നടപടികള്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. വീടിന്റെ തിണ്ണയില്‍ സമരാനുകൂലികള്‍ പരസ്പരം തുണിയുപയോഗിച്ച് ബന്ധിച്ച് ആരെയും അകത്ത് കയറ്റാന്‍ സമ്മതിക്കാതെ നിലയുറപ്പിക്കുയും ചെയ്തതോടെ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതിനിടെ മണ്ണെണ്ണ പുരണ്ട തുണിയില്‍ പിടിച്ച തീ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് പടര്‍ന്ന് കയറിയത് ആശങ്കയുണ്ടാക്കി. ഫയര്‍ ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടല്‍ തീ പടരുന്നത് തടഞ്ഞു.
പൊലിസ് മടങ്ങുകയാണ് എന്ന വിവരം ലഭിച്ചതോടെയാണ് പ്രതിഷേധക്കാര്‍ റോഡില്‍നിന്ന് പിന്മാറിയത്. 1995ല്‍ സുഹൃത്തിന് ലോണെടുക്കാന്‍ ജാമ്യം നിന്നതായിരുന്നു ഷാജി.
എന്നാല്‍ ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെ ഈട് നല്‍കിയ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നടപടികളുമായി ബാങ്ക് മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടയില്‍ ഇവരുടെ വീടും സ്ഥലവും 38 ലക്ഷം രൂപക്ക് ലേലത്തില്‍ പിടിച്ച രശീത് സമര്‍പ്പിച്ച ഹരിജിയിലായിരുന്നു ജപ്തി നടപടികളുമായി മുന്നോട്ടു പോകുവാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഇതിന് മുന്‍പ് രണ്ടുതവണ ഒഴിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പ്രതിഷേധം ഭയന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."