സര്‍ക്കാരിന്റെ ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളം: മന്ത്രി ജലീല്‍
കാക്കനാട്: എല്ലാവര്‍ക്കും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുകവഴി ഭവനരഹിതരില്ലാത്ത കേരളം വാര്‍ത്തെടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍. 13ാം പഞ്ചവത്സര പദ്ധതിയിലുള്‍പ്പെടുത്തി നടപ്പുസാമ്പത്തിക വര്‍ഷം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആദ്യ മൂന്നുമാസത്തിനകം കൈവരിച്ച പദ്ധതി പുരോഗതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്ത് രണ്ടരലക്ഷം പുതിയ വീടുകള്‍ നിര്‍മിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സ്ഥലമുള്ള ഭവനരഹിതര്‍ക്ക് വീടുവെക്കാന്‍ നാലു ലക്ഷം രൂപ വീതമാണ് നീക്കിവക്കുന്നത്. ഇതില്‍ ഒന്നര ലക്ഷം രൂപ കേന്ദ്ര വിഹിതവും ശേഷിക്കുന്ന രണ്ടരലക്ഷം രൂപ സംസ്ഥാന വിഹിതവുമാണ്.
'സ്പില്‍ ഓവര്‍' എന്ന ആശയംതന്നെ തദ്ദേശ സ്വയംഭരണ വകുപ്പില്‍നിന്നു മാറുകയാണെന്നും ലാപ്‌സാവുന്ന പദ്ധതികള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതികളുടെ മുന്‍ഗണനാ ക്രമത്തില്‍ ആദ്യം ഉള്‍പ്പെടുത്തുന്ന വിധത്തില്‍ ക്രമീകരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എന്‍ജിനീയര്‍മാരുടെ കുറവ് നിര്‍മാണ പദ്ധതികളുടെ പുരോഗതിക്ക് വിലങ്ങുതടിയാകുന്നതായി യോഗം വിലയിരുത്തി. പല എന്‍ജിനീയര്‍മാര്‍ക്കും ഒന്നിലധികം തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടച്ചുമതല ലഭിക്കുന്നുണ്ട്. പുതിയ തസ്തികകള്‍ സൃഷ്ടിക്കുക മാത്രമാണ് ഇതിനു പരിഹാരം. എന്‍ജിനീയറിങ് വിഭാഗത്തിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് മൂന്നു മാസത്തിനകം യോഗം വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.
ഭരണാനുമതി കിട്ടിയ മിക്ക പദ്ധതികളും സാങ്കേതികാനുമതി ലഭിക്കാന്‍ കാലതാമസം നേരിടുന്നതിനാല്‍ നീണ്ടുപോകുക പതിവാണ്. സെര്‍വര്‍ തകരാറും ഇതിനു കാരണമാകാറുണ്ട്. സംസ്ഥാനത്തെ ഉത്തര, മധ്യ, ദക്ഷിണ എന്നിങ്ങനെ മൂന്നു മേഖലകളായി വിഭജിച്ച് സെര്‍വര്‍ സ്ഥാപിക്കുകവഴി നെറ്റ് വര്‍ക്കിലെ പ്രശ്‌നം പരിഹരിക്കുന്ന കാര്യം പരിശോധിച്ചു വരികയാണ്. നടത്തിപ്പിനിടയില്‍ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തത് കഴിഞ്ഞ സാമ്പത്തികവര്‍ഷം നേട്ടമായി. എല്ലാ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി തദ്ദേശഭരണ നേതൃത്വം ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നതും പുരോഗതി കൈവരിക്കുന്നതില്‍ നിര്‍ണായകമായെന്ന് മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."