സംസ്ഥാന ഭാഗ്യക്കുറിക്ക് സമാന്തരമായി നടത്തുന്ന ഒറ്റ നമ്പര്‍ ചൂതാട്ട ലോബി: ഉറവിടം തേടി പൊലിസ്
കോഴിക്കോട്: സംസ്ഥാന ഭാഗ്യക്കുറിക്ക് സമാന്തരമായി നടത്തുന്ന ഒറ്റ നമ്പര്‍ ചൂതാട്ട ലോബിയുടെ ഉറവിടം തേടി പൊലിസ്. സംസ്ഥാന വ്യാപകമായി ഇത്തരത്തില്‍ ചൂതാട്ടം നടക്കുന്നുണ്ടെങ്കിലും അതിനെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. കോഴിക്കോട് നഗരത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി മൂന്നു കേസുകളാണ് ഒറ്റനമ്പര്‍ ലോട്ടറിയുടേതായി രജസിറ്റര്‍ ചെയ്തത്. ഈ മൂന്നു കേസുകള്‍ക്കു പിന്നിലുമുള്ളത് ഒരേ കേന്ദ്രമാണെന്നാണ് പൊലിസ് സംശയിക്കുന്നത്.
ജില്ലയില്‍ സമീപകാലത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിശോധിച്ച് ഒറ്റ നമ്പര്‍ ചൂതാട്ടത്തിന് പിന്നിലുള്ളവര്‍ ആരെല്ലാമാണെന്ന് കണ്ടൈത്തുവാനാണ് പൊലിസിന്റെ നീക്കം. ഇതിനായി സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. കസബ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ഒറ്റ നമ്പര്‍ ചൂതാട്ടവുമായി ബന്ധപ്പെട്ട് രണ്ടുപേരെയാണ് പിടികൂടിയത്.
ഗുരുവായൂരപ്പന്‍ കോളജിന് സമീപത്തെ പിലാക്കാട്ട് വീട്ടില്‍ പി. രതീഷ്‌കുമാര്‍, മാങ്കാവ് പട്ടേല്‍താഴം ശശി എന്നിവരെയായിരുന്നു പിടികൂടിയത്. ഇവരില്‍ ശശിയാണ് പ്രധാന ഏജന്റ്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശശി ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനാല്‍ ചോദ്യംചെയ്യാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. ഇവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം.
സംസ്ഥാന ഭാഗ്യക്കുറി എടുക്കുന്നവരെ വലയിലാക്കിയാണ് ഒറ്റ നമ്പര്‍ ചൂതാട്ടം നടത്തുന്നത്. ഇതോടെ സ്ഥിരമായി ഭാഗ്യക്കുറിയെടുക്കുന്നവര്‍ കൂടുതല്‍ പണം മോഹിച്ച് ഒറ്റ നമ്പര്‍ ചൂതാട്ടത്തിലെ കണ്ണികളായി മാറുകയാണ്. ഇതുവഴി സംസ്ഥാന സര്‍ക്കാറിന് ഭീമമായ നഷ്ടമാണുണ്ടാകുന്നത്. ഒരു ദിവസം 150 സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിറ്റിരുന്നിടത്ത് ഒറ്റ നമ്പര്‍ ചൂതാട്ടം തുടങ്ങിയതോടെ 50 ടിക്കറ്റുകളായി കുറഞ്ഞു.
സ്ഥിരമായി ഭാഗ്യക്കുറി എടുക്കുന്നവരില്‍ പലരെയും ഒറ്റ നമ്പര്‍ ചൂതാട്ടത്തിലെ കണ്ണികളാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് പൊലിസിന് ലഭിച്ച വിവരം. ചൂതാട്ടത്തിനായി ഒരു ടിക്കറ്റ് എടുക്കുമ്പോള്‍ 10 രൂപയാണ് കടയിലുള്ള ഏജന്റിന് പ്രധാന ഏജന്റ് നല്‍കുന്നത്. ഇപ്രകാരം ഒരു ദിവസം 1000 രൂപയോളം കടയിലുള്ളവര്‍ക്ക് ലഭിക്കുന്നുണ്ട്.
ഭാഗ്യക്കുറി സ്ഥിരമായി എടുക്കുന്നവരെ വലയിലാക്കി ഒറ്റ നമ്പര്‍ ചൂതാട്ടത്തിനായുള്ള വാട്‌സ്ആപ്പില്‍ അംഗങ്ങളാക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇവര്‍ ഇഷ്ടമുള്ള മൂന്നക്ക നമ്പര്‍ എഴുതി നല്‍കും. ഭാഗ്യക്കുറി നറുക്കെടുപ്പിന് മുമ്പ് നമ്പര്‍ എഴുതി വാട്‌സ്ആപ് വഴി നല്‍കണം. നമ്പറിന് നേരെ എത്ര എണ്ണമാണ് വേണ്ടതെന്നും എഴുതണം. ഇപ്രകാരം എഴുതി കടയിലുള്ള രതീഷ്‌കുമാറിന് വാട്‌സ്ആപ്പ് ചെയ്യും. രതീഷ്‌കുമാര്‍ ഇത്തരത്തില്‍ ലഭിക്കുന്ന വാട്‌സ്ആപ്പ് സന്ദേശം പ്രധാന ഏജന്റായ ശശിക്ക് കൈമാറുകയാണ് ചെയ്യുന്നത്. സംസ്ഥാന ലോട്ടറിയുടെ സമ്മാനം ലഭിച്ച ടിക്കറ്റില്‍ അവസാന മൂന്നക്ക നമ്പര്‍ ആരെങ്കിലും എഴുതി നല്‍കിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് സമ്മാനം നല്‍കും. ഒരു നമ്പര്‍ എഴുതി നല്‍കുന്നതിന് 10 രൂപയാണ് ഈടാക്കുന്നത്.
പലരും അഞ്ച് ടിക്കറ്റ് മുതല്‍ എടുക്കാറുണ്ട്. ഒരു ടിക്കറ്റിന് 5,000 രൂപയാണ് ലഭിച്ചതെങ്കില്‍ അഞ്ച് ടിക്കറ്റെടുത്ത ആള്‍ക്ക് 25,0000 രൂപ ലഭിക്കും. 5000, 1000, 500, 250, 100, 50, 30 എന്നീ നിരക്കില്‍ ചൂതാട്ടം നടത്താം. നമ്പറിന് സമ്മാനം അടിച്ചാല്‍ അടുത്ത ദിവസം തന്നെ തുക ലഭിക്കുമെന്നതാണ് കൂടുതല്‍ പേരെ ഒറ്റ നമ്പര്‍ ചൂതാട്ടത്തിലേക്ക് ആകര്‍ഷിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."