ആഡംബര കാറില്‍ കറങ്ങി മോഷണം നടത്തുന്ന സംഘം തലസ്ഥാനത്ത് പിടിയില്‍
തിരുവനന്തപുരം: ആഡംബരകാറിലെത്തി മോഷണം നടത്തുന്ന അഞ്ചംഗ സംഘം പിടിയില്‍. തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശികളായ നാസറുദ്ദീന്‍ (അസര്‍- 31), അബ്ദുല്‍ ഖാദര്‍ (ട്യൂബ് ഖാദര്‍), നെടുമങ്ങാട് അഴിക്കോട് സ്വദേശി സുനീര്‍ (33), കഴക്കൂട്ടം സ്വദേശി രഞ്ജിത്ത് (ചക്കു- 22), മില്‍ക്ക് കോളനി സ്വദേശി സിറാജ് (22) എന്നിവരാണ് തിരുവനന്തപുരം സിറ്റി പൊലിസിന്റെ പിടിയിലായത്.
ഒന്നരമാസം കൊണ്ട് ആലുവ മുതല്‍ തിരുവനന്തപുരം വരെ ഒന്‍പത് വീടുകള്‍ സംഘം കൊള്ളയടിച്ചെന്നും അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും സിറ്റി പൊലിസ് കമ്മിഷണര്‍ പി.പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിക്കവെയാണ് സംഘം കൂട്ടക്കവര്‍ച്ച ആസൂത്രണം ചെയ്തത്. ആദ്യം പുറത്തിറങ്ങിയ സുനീര്‍, ബാക്കിയുള്ളവരെക്കൂടി ജാമ്യത്തിലിറക്കിയ ശേഷമാണ് കവര്‍ച്ച തുടങ്ങിയത്. ആഡംബര കാറിലെത്തി വീടുകളുടെ മുന്‍വാതില്‍ തകര്‍ത്ത് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. തുമ്പയില്‍ ഗൃഹപ്രവേശം കഴിഞ്ഞയുടന്‍ വീട് കുത്തിത്തുറന്ന് അഞ്ചുലക്ഷം രൂപയുടെ ഗൃഹോപകരണങ്ങള്‍ കൊള്ളയടിച്ച കേസിന്റെ അന്വേഷണത്തിനിടെയാണ് കണ്‍ട്രോള്‍ റൂം അസി.കമ്മിഷണര്‍ വി.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പ്രതികളെ കുടുക്കിയത്.
നെടുമങ്ങാട് കല്ലംപാറ പെയിന്റ് കട കുത്തിത്തുറന്ന് ഒന്നരലക്ഷത്തോളം പ്രതികള്‍ കവര്‍ന്നിരുന്നു. ആലുവ യു.സി കോളജിനടുത്തെ വീട് കുത്തിത്തുറന്നതും കൊല്ലം ചാത്തമ്പാറയില്‍ വീട് കൊള്ളയടിച്ചതും സംഘമാണെന്ന് പൊലിസ് പറഞ്ഞു. മൂന്നു കാറുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. സുനീറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ റെനോ കാര്‍ കൂടി പിടിച്ചെടുക്കാനുണ്ട്.വീടുകളില്‍ നിന്ന് എടുക്കാവുന്നതെല്ലാം മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. കൊള്ളയടിച്ച സ്വര്‍ണം സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍ പണയംവച്ചതിന്റെ രസീത് പൊലിസ് കണ്ടെത്തി. മോഷ്ടിച്ച ഗൃഹോപകരണങ്ങളടക്കം ബീമാപ്പള്ളിയിലെ കടകളിലാണ് വില്‍ക്കുന്നത്. ഓണക്കാലത്ത് നിരവധി വീടുകള്‍ കൊള്ളയടിക്കാന്‍ സംഘം ലക്ഷ്യമിട്ടിരുന്നതായി കമ്മിഷണര്‍ പറഞ്ഞു.
സംഘത്തലവനായ അസറുദ്ദീന്‍ പൂന്തുറ, ഫോര്‍ട്ട്, വിഴിഞ്ഞം, വലിയതുറ എന്നിവിടങ്ങളിലടക്കം 50ഓളം കേസുകളിലെ പ്രതിയാണ്. കവര്‍ച്ച ആസൂത്രണം ചെയ്യുന്നതും കൂട്ടാളികളെ ജാമ്യത്തിലിറക്കുന്നതും മോഷണമുതലുകള്‍ വില്‍ക്കുന്നതും സുനീറാണ്.
കല്ലമ്പലത്ത് സ്വര്‍ണക്കട ഉടമ നിസ്‌കരിക്കാന്‍ പോയ സമയത്ത് മൂന്നു ലക്ഷം മോഷണം നടത്തിയ കേസിലെ പ്രതിയാണ്. അബ്ദുള്‍ ഖാദര്‍ ഫോര്‍ട്ട്, തമ്പാനൂര്‍, പൂന്തുറ, വിഴിഞ്ഞം സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. അസറുദ്ദീനും ഖാദറും മോഷണക്കേസുകളില്‍ മൂന്ന് വര്‍ഷത്തോളം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കല്ലമ്പലത്തെ കവര്‍ച്ചാക്കേസില്‍ ജയിലില്‍ കഴിയുമ്പോഴാണ് അസറിനെയും രഞ്ജിത്തിനെയും അബ്ദുള്‍ ഖാദറിനെയും സുനീര്‍ ജാമ്യത്തിലിറക്കിയത്. വന്‍കവര്‍ച്ചകള്‍ നടത്താന്‍ ജയിലില്‍ വച്ച് ഇവര്‍ ഗൂഢാലോചന നടത്തിയെന്നും മലപ്പുറത്തുവരെ കവര്‍ച്ച നടത്തിയതായി വിവരമുണ്ടെന്നും കമ്മിഷണര്‍ പി.പ്രകാശ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."