HOME
DETAILS
MAL
അധ്യക്ഷ പദവിയെ ചൊല്ലി തര്‍ക്കം; എല്‍.ജെ.ഡി- ജെ.ഡി.എസ് ലയന ചര്‍ച്ച അലസിപ്പിരിഞ്ഞു
backup
July 06 2020 | 01:07 AM
കോഴിക്കോട്: പ്രസിഡന്റെ് സ്ഥാനത്തെച്ചൊല്ലിയുണ്ടായ അഭിപ്രായ ഭിന്നതയില്‍ എല്‍.ജെ.ഡി-ജെ.ഡി.എസ് ലയന ചര്‍ച്ച അലസിപ്പിരിഞ്ഞു. ഇരു സോഷ്യലിസ്റ്റ് പാര്‍ട്ടികളും തമ്മില്‍ ലയിക്കുന്നത് സംബന്ധിച്ച് ഇന്നലെ കോഴിക്കോട്ട് എം.വി ശ്രേയാംസ്‌കുമാറിന്റെ വീട്ടില്‍ നടന്ന ഉപസമിതി ചര്‍ച്ചയാണ് അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് തീരുമാനമാകാതെ പിരിഞ്ഞത്.
ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന ഘടകം ജനതാദള്‍ എസില്‍ ലയിക്കുന്ന വിധമാണ് ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നിരുന്നത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് ജെ.ഡി.എസിന്റെ നിലവിലെ പ്രസിഡന്റായ സി.കെ നാണു എം.എല്‍.എ തുടരാനും ധാരണയായിരുന്നു. എന്നാല്‍, പ്രസിഡന്റ് പദം വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു ധാരണക്കും തയാറാവേണ്ടതില്ലെന്ന പാര്‍ട്ടിക്കുള്ളിലെ ശക്തമായ വികാരത്തെ തുടര്‍ന്ന് എല്‍.ജെ.ഡി നേതൃത്വം ഇന്നലെ നടന്ന ചര്‍ച്ചയില്‍ പ്രസിഡന്റ് പദവി ആവശ്യപ്പെടുകയായിരുന്നു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിക്കേണ്ട സീറ്റുകള്‍ സംബന്ധിച്ചും ഇരു വിഭാഗങ്ങള്‍ക്കും രമ്യതയിലെത്താനായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് മത്സരിച്ച ഒരു സീറ്റും വിട്ടു തരാനാകില്ലെന്ന് ചര്‍ച്ചയുടെ ആരംഭഘട്ടത്തില്‍ ജെ.ഡി.എസ് പക്ഷം വ്യക്തമാക്കിയിരുന്നു. എന്നാല്‍, വടകരയടക്കമുള്ള ചില സീറ്റുകള്‍ തങ്ങള്‍ക്ക് നല്‍കണമെന്നായിരുന്നു എല്‍.ജെ.ഡിയുടെ ആവശ്യം. സിറ്റിങ് സീറ്റായ വടകര നല്‍കിയുള്ള ചര്‍ച്ചക്ക് താല്‍പര്യമില്ലെന്ന് ജെ.ഡി.എസ് നിലപാടെടുത്തു.
ലയന ചര്‍ച്ചകള്‍ക്കായി ഇരു പാര്‍ട്ടികളും രൂപം കൊടുത്ത ഉപസമിതി അംഗങ്ങളാണ് ഇന്നലെ യോഗത്തില്‍ പങ്കെടുത്തത്.
ജെ.ഡി.എസ് പക്ഷത്ത് നിന്ന് ജല വിഭവ മന്ത്രി കെ.കൃഷ്ണന്‍കുട്ടി, സംസ്ഥാന പ്രസിഡന്റ് സി.കെ നാണു എം.എല്‍.എ എന്നിവരും എല്‍.ജെ.ഡിയില്‍ നിന്ന് സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ്‌കുമാര്‍, മുന്‍ മന്ത്രി കെ.പി മോഹനന്‍, ഷെയ്ഖ് പി.ഹാരിസ്, കെ.ശങ്കരന്‍ എന്നിവരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ജെ.ഡി.എസ് ഉപസമിതി അംഗമായ എ. നീലലോഹിത ദാസ് നാടാര്‍ ഇന്നലത്തെ ചര്‍ച്ചയിലും പങ്കെടുത്തില്ല. ഇതുവരെ നടന്ന ചര്‍ച്ചകളിലൊന്നും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല.
നേരത്തെ ജെ.ഡി.എസ് ദേശീയ അധ്യക്ഷന്‍ ദേവഗൗഡ എല്‍.ജെ.ഡി നേതാക്കളായ എം.പി വീരേന്ദ്രകുമാര്‍, എം.വി ശ്രേയാംസ്‌കുമാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായ ധാരണകള്‍ ഇന്നലത്തെ യോഗത്തില്‍ അട്ടിമറിക്കപ്പെടുകയായിരുന്നു. പ്രസിഡന്റ് സ്ഥാനം ജെ.ഡി.എസിനും വര്‍ക്കിങ് പ്രസിഡന്റ്, പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ എല്‍.ജെ.ഡിക്കുമെന്നായിരുന്നു ആദ്യ ഘട്ടത്തിലെ ധാരണ.
വീരേന്ദ്രകുമാറിന്റെ മരണത്തിന് ശേഷം ലയനത്തിനെതിരേ എല്‍.ജെ.ഡിയില്‍ കൂടുതല്‍ നേതാക്കള്‍ രംഗത്തു വന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞുമതി ലയനമെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം.
പാര്‍ട്ടിയിലെ ഭിന്നത പുറത്തുവന്നതിനെ തുടര്‍ന്ന് ശ്രേയാംസ്‌കുമാര്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തി ലയനത്തിന് ധാരണയായെന്നും പ്രസിഡന്റ് പദവിയെ ചൊല്ലി അഭിപ്രായ വ്യത്യാസമില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നലെ നടന്ന ഉപസമിതി ചര്‍ച്ച വഴിമുട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."