സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ അങ്കത്തട്ടില്‍ 253 സ്ഥാനാര്‍ഥികള്‍
തിരുവനന്തപുരം:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. 253 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്.
54 പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളി. മൂന്നു പത്രികകളില്‍ തീരുമാനമെടുക്കാന്‍ ശനിയാഴ്ചത്തേക്ക് മാറ്റി. ഏറ്റവും കൂടുതല്‍ പേര്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടാണ്. ഇവിടെ 22 സ്ഥാനാര്‍ഥികളുടെ പത്രിക അംഗീകരിച്ചു.
ഒരെണ്ണത്തില്‍ ഇന്ന് തീരുമാനം എടുക്കും.
21 സ്ഥാനാര്‍ഥികളുമായി ആറ്റിങ്ങലാണ് രണ്ടാം സ്ഥാനത്ത്.രണ്ടു സ്വതന്ത്രരുടെ പത്രിക ഇവിടെ തള്ളി. യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്റെ പത്രിക സ്വീകരിക്കുന്നതിനെ ബി.ജെ.പി എതിര്‍ത്തു. തര്‍ക്കത്തിനൊടുവില്‍ പത്രിക സ്വീകരിച്ചു.
ഇതേ തുടര്‍ന്ന് വരണാധികാരിയ്‌ക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് ബി.ജെ.പി പരാതി നല്‍കി. ഏഴു പേരുള്ള കോട്ടയത്താണ് ഏറ്റവും കുറച്ച് സ്ഥാനാര്‍ഥികളുള്ളത്. ഇവിടെ എട്ടു പേരുടെ പത്രിക തള്ളി.
എറണാകുളത്തും വയനാട്ടിലും മത്സരിക്കുന്ന സരിതാ എസ്. നായരുടെ പത്രികയില്‍ ഇന്ന് തീരുമാനമെടുക്കാന്‍ മാറ്റി വച്ചു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു കേസുകളില്‍ സരിതയെ മൂന്നു വര്‍ഷത്തേയ്ക്ക് ശിക്ഷിക്കുകയും മേല്‍ കോടതി ശിക്ഷ സ്‌റ്റേ ചെയ്യുകയും ചെയ്തിരുന്നു.
ഇതിന്റെ പകര്‍പ്പ് പത്രികയോടൊപ്പം നല്‍കിയിരുന്നില്ല. ശനിയാഴ്ച രാവിലെ 10.30നകം രേഖകള്‍ ഹാജരാക്കാന്‍ വരണാധികാരി സമയം നല്‍കി. കാസര്‍കോട് 11 പത്രികയും സ്വീകരിച്ചു. കണ്ണൂരില്‍ 13പത്രിക സ്വീകരിക്കുകയും 4 പത്രിക തള്ളുകയും ചെയ്തു. വടകരയില്‍ 13 പത്രിക സ്വീകരിച്ചു. രണ്ട് പത്രിക തള്ളുകയും, കോഴിക്കോട്ട് 15 പത്രിക സ്വീകരിക്കുകയും നാല് പത്രിക തള്ളുകയും, മലപ്പുറത്ത് എട്ട് പത്രിക സ്വീകരിക്കുകയും നാല് പത്രിക തള്ളുകയും, പൊന്നാനിയില്‍ 14 പത്രിക സ്വീകരിക്കുകയും നാല് പത്രിക തള്ളുകയും, പാലക്കാട്ട് 10 പത്രിക സ്വീകരിക്കുകയും രണ്ട് പത്രിക തള്ളുകയും, ആലത്തൂരില്‍ ഏഴു പത്രിക സ്വീകരിച്ചു. മൂന്ന് പത്രിക തള്ളി. തൃശൂരില്‍ 9 പത്രിക സ്വീകരിക്കുകയും 4 പത്രിക തള്ളുകയും, ചാലക്കുടിയില്‍ 13 പത്രിക സ്വീകരിക്കുകയും മൂന്നു പത്രിക തള്ളുകയും, എറണാകുളത്ത് 14 പത്രിക സ്വീകരിക്കുകയും മൂന്ന് പത്രിക തള്ളുകയും, ഇടുക്കിയില്‍ എട്ട് പത്രിക സ്വീകരിക്കുകയും ഒരു പത്രിക തള്ളുകയും ചെയ്തു.
ആലപ്പുഴയില്‍ 12 പത്രിക സ്വീകരിക്കുകയും രണ്ട് പത്രിക തള്ളുകയും, മാവേലിക്കരയില്‍ 10 പത്രിക സ്വീകരിക്കുകയും രണ്ട് പത്രിക തള്ളുകയും, പത്തനംതിട്ടയില്‍ 19 പത്രിക സ്വീകരിക്കുകയും നാല് പത്രിക തള്ളുകയും ഒരെണ്ണത്തില്‍ തീരുമാനം ശനിയാഴ്ച എടുക്കാനും മാറ്റി വച്ചു.
കൊല്ലത്ത് 10 പത്രിക സ്വീകരിക്കുകയും രണ്ട് പത്രിക തള്ളുകയും തിരുവനന്തപുരത്ത് 17 പത്രിക സ്വീകരിക്കുകയും മൂന്ന് പത്രിക തള്ളുകയും ചെയ്തു. തിങ്കളാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."