ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടിച്ച് സി.പി.ഐ എം.എല്‍.എ
കരുനാഗപ്പള്ളി: മദ്യശാലകള്‍ പൂട്ടിയാല്‍ വ്യാജമദ്യം ഒഴുകുമെന്ന് സി.പി.എം വ്യക്തമാക്കിയതിനു പിന്നാലെ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ബിവറേജസ് ഔട്ട്‌ലെറ്റ് സി.പി.ഐ എം.എല്‍.എ ആര്‍ രാമചന്ദ്രന്‍ ഇടപെട്ടു പൂട്ടിച്ചത് ശ്രദ്ധ പിടിച്ചുപറ്റി. വെയര്‍ഹൗസിന് സമീപം അനധികൃതമായി സ്ഥാപിച്ച മദ്യശാലയ്ക്ക് മുന്നില്‍ എം.എല്‍.എയും നാട്ടുകാരും ചേര്‍ന്ന് കഴിഞ്ഞദിവസം രാവിലെ മുതല്‍ ഉച്ചവരെ നടത്തിയ കുത്തിയിരിപ്പ് സമരമാണ് ശ്രദ്ധേയമായത്. ടൗണില്‍ ലാലാജി ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന ബീവറേജസ് ഔട്ട്‌ലെറ്റ് കഴിഞ്ഞ 17ന് കല്ലേലിഭാഗത്തെ വെയര്‍ ഹൗസ് ഗോഡൗണിന് അകത്ത് ആരോരുമറിയാതെ സ്ഥാപിക്കുകയായിരുന്നു.
ഇവിടെ മദ്യം വാങ്ങാന്‍ എത്തിയവരുടെ തിക്കും തിരക്കും കണ്ടപ്പോഴാണ് പരിസരവാസികള്‍ വിവരം അറിയുന്നത്. ആദ്യം ജനങ്ങള്‍ എതിര്‍ത്തിരുന്നില്ലെങ്കിലും ജനവാസത്തിനു ബുദ്ധിമുട്ടായതോടെയാണ് സമരം ശക്തമായത്. ഇതിനിടെ എം.എല്‍.എയുടെ വീട്ടിലേക്കു ബഹുജനമാര്‍ച്ചും നടത്തി. ഇതോടെയാണ് മദ്യശാല പൂട്ടിക്കാന്‍ എം.എല്‍.എ തന്നെ ഒടുവില്‍ നേരിട്ടിറങ്ങിയത്. എം.എല്‍.എയെ കൂടാതെ ജില്ലാ പഞ്ചായത്തംഗം ശ്രീലേഖാ വേണു, പൗരസമിതി നേതാക്കളായ മണക്കാട് ബഷീര്‍, മജീദ് കാദിയാര്‍, അബ്ദുല്‍ സമദ് പുള്ളിയില്‍, എസ്.എം. മുഖ്താര്‍, സുഗുണന്‍, ഷാജഹാന്‍, കുഞ്ഞ് മോള്‍, സല്‍മ ടീച്ചര്‍, സാവിത്രി, ശോഭന, റെജീന, പിസോള്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കാളികളായി. മദ്യശാലകള്‍ നിര്‍ബന്ധിച്ച് പൂട്ടിക്കുന്ന സമീപനത്തോട് സി.പി.എമ്മിന് വിയോജിപ്പാണ്. അതേസമയം, മദ്യശാലകള്‍ക്കെതിരെയുള്ള സമരങ്ങളില്‍ ജില്ലയിലെ സി.പി.എം എം.എല്‍.എമാര്‍ പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ്. ഇതിനിടിയിലാണ് സി.പി.ഐയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ കരുനാഗപ്പള്ളിയില്‍ എം.എല്‍.എ നേരിട്ടെത്തി മദ്യശാല പൂട്ടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."