മഞ്ചേരിയിലെ കൊലപാതകം: പ്രതി കാസര്‍കോട്ട് കീഴടങ്ങി
കാസര്‍കോട്: മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതി കാസര്‍കോട് വിദ്യാനഗര്‍ പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങി.
കാസര്‍കോട് ബെള്ളൂര്‍ പഞ്ചായത്തിലെ പള്ളപ്പാടി എടോണിയില് അബ്ദുല്ലക്കുഞ്ഞി ഹാജിയുടെ മകന് ഹസൈനാര്‍ ആഷിഖിനെ (22) കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതി കാസര്‍കോട് മൊഗ്രാലിലെ അഹമ്മദ് നവാസ് (21) ഇന്നലെയാണ് വിദ്യാനഗര്‍ പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ മഞ്ചേരി പൊലിസ് സ്റ്റേഷന് പരിധിയിലെ കാരാപറമ്പിലെ ക്വാര്‍ട്ടേഴ്സില്‍ വച്ചാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
കാരാപറമ്പിലെ ചപ്പാത്തി നിര്‍മാണ യൂനിറ്റില്‍ ജീവനക്കാരായ ഹസൈനാര്‍ ആഷിഖും മൊഗ്രാല്‍ കൊപ്പളത്തെ അഹമ്മദ് നവാസും ക്വാര്‍ട്ടേഴ്സിനു മുന്നില്‍ ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യുന്നതിനെചൊല്ലി തര്‍ക്കമുണ്ടാവുകയും പ്രകോപിതനായ നവാസ് ആഷിഖിനെ കഴുത്തറുത്തു കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്.
സംഭവത്തിന് ശേഷം സ്ഥലം വിട്ട നവാസ് ഇന്നലെ രാവിലെ കാസര്‍കോട് വിദ്യാനഗര്‍ പൊലിസ് സ്റ്റേഷനില്‍ എത്തി ആഷിഖിനെ കൊലപ്പെടുത്തിയ വിവരം ഏറ്റുപറയുകയായിരുന്നു.
ഇതേ തുടര്‍ന്ന് ഇയാളെ വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങോത്ത് കസ്റ്റഡിയിലെടുക്കുകയും മഞ്ചേരി പൊലിസിനെ വിവരമറിയിക്കുകയും ചെയ്തു.
മഞ്ചേരി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം വിദ്യാനഗര്‍ സ്റ്റേഷനിലെത്തി നവാസിനെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."