വീടുപൂട്ടി യാത്ര തിരിക്കുന്നവര്‍ക്കായി ചില മുന്നറിയിപ്പുകള്‍
കൊല്ലം: അവധിക്കാല ആഘോഷങ്ങള്‍ക്കായി വീടു പൂട്ടി കുടുംബസമേതം ദിവസങ്ങളോളം മാറി നില്‍ക്കുന്ന സാഹചര്യങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. അവധി ആഘോഷങ്ങളുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളിലും അയല്‍രാജ്യങ്ങളിലും മറ്റും പോകുന്നവരുമുണ്ട്. ചില സാഹചര്യങ്ങളില്‍ പ്രായമായവരെ മാത്രം വീട്ടിലാക്കിയ ശേഷവും ആഘോഷങ്ങള്‍ക്കായി പോകുന്നതും സ്ഥിരമാണ്. ദിവസങ്ങളോളം വീട് വിട്ട് മാറി നില്‍ക്കുന്ന സാഹചര്യങ്ങളില്‍ മോഷണം, ഭവനഭേദനം, കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഉണ്ടാകുന്നതിന് വളരെയേറെ സാധ്യതകള്‍ ഉള്ളതാണ്. ഇപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയുന്നതിനായി സ്വീകരിക്കാവുന്ന ചില സ്വയം മുന്‍കരുതലുകള്‍ ഇവിടെ സൂചിപ്പിക്കുകയാണ്.
വീട് ആരോരുമില്ലാതെ ഇട്ടെറിഞ്ഞ് പോകുന്നത് ഒഴിവാക്കുക.
ദിവസവും വീട് കൃത്യമായി നിരീക്ഷിക്കുന്നതിന് അടുത്ത ബന്ധുക്കളെയും അയല്‍വാസികളെയും ഏര്‍പ്പെടുത്തുന്നതോടൊപ്പം ബന്ധപ്പെട്ട പൊലിസ് സ്‌റ്റേഷനിലും വിവരം അറിയിക്കുക.
പുറത്ത് നിന്നും വീട് പൂട്ടിയിട്ടുള്ളതായി തോന്നാത്ത രീതിയിലായിരിക്കുക. വീട്ടുടമസ്ഥനും കുടുംബാംഗങ്ങളും സ്ഥലത്തില്ലായെന്ന് മോഷ്ടാക്കള്‍ക്ക് എളുപ്പം മനസ്സിലാകാതിരിക്കാന്‍ ഇത് സഹായിക്കും.
പത്രങ്ങളും മറ്റു മാസികകളും എടുക്കുകയും വായിക്കുകയും ചെയ്യുന്നില്ല എന്നു തോന്നത്തക്ക രീതിയില്‍ കിടക്കുന്ന അവസ്ഥ ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുക.
വീടിനു വെളിയിലുള്ള ലൈറ്റുകള്‍ രാത്രികാലങ്ങളില്‍ ഇടുന്നതിനും പകല്‍ നിര്‍ബന്ധമായും ഓഫ് ചെയ്യിപ്പിക്കുന്നതിനും അയല്‍വാസികളെയോ ബന്ധുക്കളെയോ ഏര്‍പ്പാടാക്കുക.
വീടിന്റെ സുരക്ഷയ്ക്കായി വീടും പരിസരവും നിരീക്ഷിക്കാവുന്ന രീതിയില്‍ സി.സി.ടി.വി ക്യാമറ ഘടിപ്പിക്കുന്നത് നന്നാവും.
വീടും പരിസരവും ചപ്പുചവറുകള്‍ വീണ് ആള്‍ത്താമസമില്ല എന്ന പ്രതീതിവരാതെ ശ്രദ്ധിക്കുന്നതിന് ആളുകളെ ചുമതലപ്പെടുത്തുക.
കഴിയുന്നിടത്തോളം വീടിന്റെ എല്ലാ ജനലുകളും കതകുകളും സുരക്ഷിതമായി എളുപ്പം കുത്തിത്തുറക്കാന്‍ പറ്റാത്ത രീതിയില്‍ അടച്ചുറപ്പാക്കണം.
പണവും സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള മറ്റ് മുതലുകളും പരമാവധി ആളുകളില്ലാത്ത വീടുകളില്‍ സൂക്ഷിക്കാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം.
ജനമൈത്രി ബീറ്റ് പൊലിസിലെ ഉദ്യോഗസ്ഥര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട് പൊലിസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുക.
ഏതു സമയത്തും പൊലിസ് സ്‌റ്റേഷനില്‍ നിന്നും സേവനം ലഭ്യമാകുന്നത് കൊണ്ട് കഴിവതും പൊലിസ് സ്‌റ്റേഷനിലേക്ക് ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."