HOME
DETAILS
MAL
യു.പിയില്‍ പൊലിസുകാര്‍ വെടിയേറ്റ് മരിച്ച സംഭവം ഒറ്റുകാര്‍ പൊലിസില്‍ തന്നെ
backup
July 06 2020 | 01:07 AM
ലക്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ റെയ്ഡിനിടെ എട്ടു പൊലിസുകാരെ വെടിവച്ച് കൊന്ന കേസിലെ പ്രധാന പ്രതിയും ഗുണ്ടാ നേതാവുമായ വികാസ് ദുബെയെ പിടികൂടാനാകാതെ പൊലിസ്. ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് നേരത്തെ പൊലിസ് അന്‍പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇത് ഇന്നലെ ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തി. അതേസമയം, ഇയാളുടെ താവളത്തില്‍ റെയ്ഡ് നടക്കുന്ന കാര്യം ചില പൊലിസുകാര്‍ നേരത്തേതന്നെ ചോര്‍ത്തിനല്‍കിയിരുന്നെന്ന വിവരം പുറത്തായതോടെ യു.പി പൊലിസ് വെട്ടിലായിരിക്കുകയാണ്.
വികാസ് ദുബെയുടെ സഹായിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, പൊലിസിനുള്ളില്‍നിന്ന് ഒറ്റുകൊടുത്തവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് യു.പി പൊലിസ്. വികാസ് ദുബെയുടെ സഹായിയായ ദയാശങ്കര്‍ അഗ്നിഹോത്രി ഇന്നലെ പൊലിസ് പിടിയിലായിരുന്നു. ഇയാളാണ് ദുബെയുമായി ചില പൊലിസുകാര്‍ക്ക് ബന്ധമുള്ള കാര്യം തുറന്നു സമ്മതിച്ചിരിക്കുന്നത്. ദുബെയുടെ മൊബൈല്‍ ഫോണില്‍ ഇരുപതിലേറെ പൊലിസുകാരുടെ നമ്പര്‍ ഉണ്ടെന്നും ഇവര്‍ നിരന്തരം ബന്ധപ്പെടാറുണ്ടെന്നുമുള്ള വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്.
വെള്ളിയാഴ്ച ഏറ്റുമുട്ടല്‍ നടന്ന ചൗബേപൂര്‍ പൊലിസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥരടക്കം ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്. ഇവിടത്തെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ വിനയ് തിവാരിയെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. റെയ്ഡിനിടെ ഇയാള്‍ സ്ഥലത്തുനിന്നു മുങ്ങിയതു വിവാദമായിരുന്നു. വിവിധ വകുപ്പുകളിലായി നിരവധി കേസുകളില്‍ പ്രതിയായ വികാസ് ദുബെയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാളുടെ വീട് കഴിഞ്ഞ ദിവസം ഇടിച്ചുനിരത്തിയിരുന്നു. ഡിവൈ.എസ്.പിയടക്കം എട്ടു പൊലിസുകാരാണ് കഴിഞ്ഞ ദിവസം വെടിവയ്പില്‍ കൊല്ലപ്പെട്ടിരുന്നത്.
വൈദ്യുതി വിച്ഛേദിച്ചും സഹായം?
ലക്‌നൗ: കാണ്‍പൂരില്‍ ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് ആ സമയത്ത് വൈദ്യുതി വിച്ഛേദിച്ച് ഇലക്ട്രിസിറ്റി ബോര്‍ഡും വികാസ് ദുബെയെ സഹായിച്ചതായി ആരോപണം. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം കാരണമാണ് ആ സമയത്ത് വൈദ്യുതി വിച്ഛേദിച്ചതെന്നാണ് പവര്‍സ്റ്റേഷനിലെ ജീവനക്കാര്‍ വ്യക്തമാക്കുന്നത്.
പൊലിസ് റെയ്ഡിനെത്തുമെന്നു പൊലിസില്‍നിന്നു തന്നെ വിവരം ലഭിച്ചിരുന്ന വികാസ് ദുബെ, അവരെ നേരിടുന്നതിനായി ആളുകളെ ആയുധം നല്‍കി സജ്ജരാക്കി നിര്‍ത്തിയിരുന്നു. ഈ സമയത്ത് വൈദ്യുതി വിച്ഛേദിക്കുകകൂടി ചെയ്തതോടെ പൊലിസുകാര്‍ കുടുങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."