കാണാതായ സഹോദരങ്ങള്‍ മരിച്ച നിലയില്‍
തൃക്കരിപ്പൂര്‍: അഞ്ചുദിവസം മുന്‍പ് കാണാതായ മൂന്ന് സഹോദരങ്ങളില്‍ രണ്ടുപേരുടെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി. സൗത്ത് തൃക്കരിപ്പൂര്‍ ഇളമ്പച്ചി തിരുവമ്പാടി ക്ഷേത്രപരിസരത്ത് റെയില്‍ പാളത്തിനരികിലെ കുറ്റിക്കാട്ടിലാണ് അഴുകി പുഴുവരിച്ച നിലയില്‍ തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പത്രവിതരണക്കാരനായിരുന്ന ഇളമ്പച്ചി തലിച്ചാലം റെയില്‍വെ അടിപ്പാതക്ക് സമീപം താമസിക്കുന്ന വേലായുധന് തമ്പായി ദമ്പതികളുടെ മക്കളായ സ്വാമിനാഥന് (52), സോമന് (38) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
മൃതദേഹം കിടന്നിടുത്തുനിന്ന് ഏതാനും മീറ്റര്‍ അകലത്തിലാണ് ഇവരുടെ വീട്. ഇന്നലെ രാവിലെ മറ്റൊരു സഹോദരന് ചായകുടിക്കാന്‍ റെയില്‍വെ പാളം മുറിച്ചുകടന്ന് പോകുന്നതിനിടെ കുറ്റിക്കാട്ടില്‍നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് രണ്ടു പേരുടെ മൃതദേഹങ്ങള്‍ റെയില്‍ പാളത്തിനരികെയുള്ള കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി വീട്ടില്‍ വഴക്കുണ്ടായെന്നും തുടര്‍ന്നാണ് സ്വാമിനാഥന്, സോമന്, പവിത്രന് എന്നീ മൂന്ന് സഹോദരങ്ങള്‍ വീടുവിട്ടിറങ്ങിയതെന്നും പറയുന്നു.
സംഭവത്തില്‍ ഇടപെടാന്‍ പൊലിസിന്റെ സഹായം തേടിയെങ്കിലും പൊലിസ് എത്തിയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. എറണാകുളത്ത് ജോലി ചെയ്യുന്ന സ്വാമിനാഥന് വീട്ടില്‍ വന്നാല്‍ മറ്റു സഹോദരങ്ങളും കൂടെ പോകാറുണ്ട്.
ഇങ്ങനെ പോയതുകൊണ്ടാണ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷിക്കാതിരുന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സഹോദരന് പവിത്രന് എവിടെയാണെന്നതിനെ കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല. പവിത്രനെ കണ്ടെത്തുന്നതിനുളള അന്വേഷണം നടത്തുന്നുണ്ട്.
മരണത്തില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. സ്വാമിനാഥന് വിവാഹിതനാണ്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ടി.കെ സുധാകരന്, സി.ഐ സന്തോഷ്കുമാര്‍, എസ്.ഐമാരായ വിനോദ് കുമാര്‍, വിപിന്‍ ചന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചു. ട്രെയിന്‍തട്ടി മരിച്ചതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലിസ്. മറ്റു സഹോദരങ്ങള്‍ ഭവാനി, കരുണാനിധി. നിത്യാനന്ദന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."