യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍
നാദാപുരം: പണമിടപാടിനെ ചൊല്ലി യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. അരൂരിലെ കപ്പള്ളി വിജിലേഷിന്റെ പരാതിയില്‍ കടമേരിയിലെ ഊരാളി വീട്ടില്‍ രതീഷ് (34), ആയഞ്ചേരിയിലെ കുട്ടംപറമ്പത്ത് മിഥുന്‍ (28), അരൂരിലെ തെക്കേ മഞ്ചാംപറമ്പത്ത് സുരേഷ് (33), പിലാക്കൂല്‍ വിജിത്ത് (30) എന്നിവരെയാണ് നാദാപുരം എസ്.ഐ എന്‍. പ്രജീഷ് ഇന്നലെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 28നായിരുന്നു കേസിനാസ്പദമായ സംഭവം. വിജിത്തില്‍നിന്ന് കടം വാങ്ങിയ 700 രൂപ വിജിലേഷിന് തിരിച്ചുകൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പ്രതികള്‍ വിജിലേഷിനെ അരൂരിലെ കനാലിന് സമീപം വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇരുമ്പുവടി കൊണ്ടുള്ള അടിയില്‍ വലതുകണ്ണിനു താഴെ പൊട്ടലുണ്ടാവുകയും ദേഹമാസകലം പരുക്കേല്‍ക്കുകയും ചെയ്തു. ഭീഷണി കാരണം സംഭവം പുറത്തുപറയാതിരുന്ന വിജിലേഷിനെ, പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്. പ്രതികളെ നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."