ജനറല്‍ സെക്രട്ടറി ഏകാധിപതിയെന്ന്; പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഐ.എന്‍.എല്ലില്‍ നീക്കം
കൊച്ചി: ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്‍ വഹാബ് ഏകാധിപതിയാകുന്നെന്നാരോപിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി 14 ജില്ലകളിലും മെഹ്ബൂബേ മില്ലത്ത് കള്‍ച്ചറല്‍ ഫോറം രൂപീകരിക്കാന്‍ എറണാകുളത്തു ചേര്‍ന്ന ഐ.എന്‍.എല്‍ പ്രവര്‍ത്തകരുടെ യോഗം തീരുമാനിച്ചു.
ഐ.എന്‍.എല്‍ മുന്‍ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിനിര്‍ണയം ഏകപക്ഷീയമായി നടത്തി, ഐ.എന്‍.എല്ലിനു നല്കിയ പിന്നോക്ക ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ചെയര്മാന് സ്ഥാനം പാര്‍ട്ടിയില്‍ ആലോചിക്കാതെ ജനറല്‍ സെക്രട്ടറി ഏറ്റെടുത്തു, സെക്രട്ടറിയുടെ ഏകാധിപത്യപ്രവണത ചോദ്യം ചെയ്ത കോഴിക്കോട് ജില്ലാകമ്മിറ്റി പിരിച്ചുവിട്ടു തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണു പുതിയ സംഘടന രൂപീകരിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കള്‍ച്ചറല്‍ ഫോറത്തിന്റെ ജില്ലാകണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്ത് എല്ലാ ജില്ലകളിലും കമ്മിറ്റി രൂപീകരിക്കും.
പാര്‍ട്ടിയില്‍ തിരുത്തലുണ്ടായില്ലെങ്കില്‍ പുതിയ രാഷ്ട്രീയ സംഘടന രൂപീകരിക്കുമെന്ന് അഡ്വ. എ.ഇ അബ്ദുല്‍ കലാം, എ. ഷംസുദ്ദീന്, അബ്ദുല്‍മജീദ്, എം.കെ മുജീബ്, ഷെരീഫ് ഷാ കുനിയ, മുജീബ് എം.കെ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."