എതിരാളിയെ നിര്‍ണയിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു: ബിനോയ് വിശ്വം
കാസര്‍കോട് : രാജ്യത്ത് ഇടതുപക്ഷത്തിന്റെ മുഖ്യ എതിരാളി ആര്.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പിയാണെന്നും എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ആരാണ് മുഖ്യ എതിരാളിയെന്ന് പറയുന്നതില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണമായി പരാജയപ്പെട്ടുവെന്നും സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം. കാസര്‍കോട് പ്രസ്ക്ലബിന്റെ മീഡിയ ഫോര്‍ ദി പീപ്പ്ള് മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്താകമാനം ബി.ജെ.പി നടത്തുന്ന അക്രമത്തെയും സാംസ്കാരിക ഫാസിസത്തെയും എതിര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും തയാറാകുന്നില്ല.
തെക്കുള്ള ശത്രുവിനെ അടിക്കാന്‍ വടക്കു കൈയോങ്ങുന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസ് നടപ്പാക്കുന്നത്. മുഖ്യശത്രുവിനെ നിര്‍ണയിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതുകൊണ്ടാണ് പലയിടത്തും അവര്‍ക്ക് ബി.ജെ.പിക്കെതിരേ മുന്നണിയുണ്ടാക്കാന്‍ കഴിയാത്തത്.
ബി.ജെ.പിക്കെതിരേ ഇളകാത്ത പോരാട്ടം നടത്തുന്നത് ഇടതുപക്ഷം മാത്രമാണ്. ഇവിടെയാണ് ഇടതുപക്ഷത്തെ എതിര്‍ക്കാന്‍ ബി.ജെ.പിയെ മാറ്റിനിര്‍ത്തി രാഹുല്‍ വയനാട്ടില്‍ പോരാട്ടത്തിനിറങ്ങുന്നത്.
ഇതെത്ര വൈരുദ്ധ്യമാണ്? ബി.ജെ.പിയെ മാറ്റിനിര്‍ത്തി ഇടതുപക്ഷത്തിനെതിരേ നടത്തുന്ന പോരാട്ടം കോണ്‍ഗ്രസിനു വിനാശം വരുത്തും. കോണ്‍ഗ്രസ് ബി.ജെ.പിയുടെ വഴിയേ പോയി ശത്രുവേത് മിത്രമേത് എന്ന് മനസിലാക്കാതെ ബി.ജെ.പിയുടെ രണ്ടാംനിരയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."