രാഹുലിനെതിരേ ആക്രമണം ശക്തമാക്കി സി.പി.എം
തിരുവനന്തപുരം: ഭാവി സഖ്യസാധ്യത കൂടി തുറന്നിട്ട് സി.പി.എമ്മിനെതിരേ ഒരു വാക്കും പറയില്ലെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തന്ത്രപരമായ നിലപാട് സി.പി.എം തള്ളി. രാഹുല്‍ ശത്രുപക്ഷത്ത് നിര്‍ത്തുന്നില്ലെന്ന് വ്യക്തമാക്കിയിട്ടും ആ സൗജന്യം വേണ്ടെന്ന നിലപാടില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരേ ആക്രമണം ശക്തമാക്കാനാണ് സി.പി.എം തീരുമാനം.
ദേശീയ നേതാക്കളെ ഇറക്കി മെഗാ റാലി സംഘടിപ്പിക്കുകയും ദേശീയ, സംസ്ഥാന നേതാക്കളുടെ പ്രചാരണ പ്രസംഗങ്ങളില്‍ യു.പി.എ സര്‍ക്കാരിന്റെ അഴിമതിയും അന്നത്തെ സാമ്പത്തിക നയങ്ങളും പ്രധാന ആയുധമാക്കാനും പാര്‍ട്ടി തീരുമാനിച്ചു. കോണ്‍ഗ്രസിന്റെ അതേ പാതയാണ് ഭരണത്തില്‍ ബി.ജെ.പിയും പിന്തുടര്‍ന്നതെന്നതും പ്രചാരണത്തില്‍ വിഷയമാക്കും. വയനാട്ടിലെ പ്രചാരണ യോഗത്തില്‍ സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. 18ന് വയനാട്ടിലെത്തുന്ന യെച്ചൂരി ആദ്യം കല്‍പ്പറ്റയിലും പിന്നീട് വണ്ടൂരിലും നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10ന് കല്‍പ്പറ്റയിലും വൈകുന്നേരം 3.30ന് വണ്ടൂരിലുമാണ് പരിപാടികള്‍.
രാഹുലുമായി നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്ന യെച്ചൂരി ഈ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ എന്ത് പറയുന്നു എന്നത് ശ്രദ്ധേയമാകും. പ്രത്യേകിച്ച് തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഡി.എം.കെ നേതൃത്വം നല്‍കുന്ന സഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസും സി.പി.എമ്മും പരസ്പരം ജയിപ്പിക്കാന്‍ ഒന്നിച്ചു നില്‍ക്കുക കൂടി ചെയ്യുമ്പോള്‍.
ദക്ഷിണേന്ത്യയിലെ ഒരു സീറ്റില്‍നിന്ന് കൂടി മത്സരിക്കാന്‍ രാഹുലിനോട് നിര്‍ദേശിച്ചത് യെച്ചൂരിയാണെന്ന് നേരത്തെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ രീതിയില്‍ ചര്‍ച്ച വഴിമാറുന്നത് ഒഴിവാക്കുകയും രാഹുലിനെ പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി നേരിടുകയും ചെയ്യുന്നുവെന്ന സന്ദേശം നല്‍കുകയും ചെയ്യുക എന്നത് കൂടി മുന്നില്‍ കണ്ടാണ് യെച്ചൂരി അടക്കമുള്ള ദേശീയ നേതാക്കളെ സി.പി.എമ്മും സി.പി.ഐയും വയനാട്ടില്‍ ഇറക്കുന്നത്.
ഒന്നാം യു.പി.എ കാലത്തുണ്ടായ നിയന്ത്രണങ്ങളും പിന്നീടിങ്ങോട്ട് ഇടതുപക്ഷത്തിന്റെ എതിര്‍പ്പുകളുമെല്ലാം കോണ്‍ഗ്രസിന് തടസമായുണ്ടായിരുന്നെങ്കില്‍ ആ ഭീഷണി തീര്‍ത്തും ഇല്ലാതാക്കുക എന്ന തന്ത്രം കോണ്‍ഗ്രസില്‍ ഒളിഞ്ഞു കിടപ്പുണ്ടെന്ന നിരീക്ഷണമാണ് ഇടതു ക്യാംപുകളില്‍. ബി.ജെ.പിക്കെതിരേ പൊരുതുന്നതിനു പകരം ഇടതുപക്ഷത്തെ ലക്ഷ്യമാക്കാനാണ് രാഹുല്‍ തയാറായതെന്ന് സി.പി.എം ആരോപിക്കുന്നതും അതിനാലാണ്. ഇത്തരമൊരു തീരുമാനത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ രാഹുലിനാണെന്ന് പ്രകാശ് കാരാട്ട് കഴിഞ്ഞ ദിവസം പാര്‍ട്ടി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു.
രാഹുലിനെ കടന്നാക്രമിച്ചായിരുന്നു ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചാരണ യോഗങ്ങള്‍. കോണ്‍ഗ്രസിന്റെ തെറ്റായ സാമ്പത്തിക നയത്തിന്റെ ഫലമായി 2016നു മുമ്പ് വയനാട്ടില്‍ മാത്രം അഞ്ഞൂറോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തെന്ന ആക്ഷേപം ഇന്നലെ പത്തനംതിട്ടയിലെ പൊതുയോഗത്തില്‍ അദ്ദേഹം ഉന്നയിച്ചു. രാഹുലിനെതിരേ ഇടതുപക്ഷം രാഷ്ട്രീയ ആക്രമണം ശക്തമാക്കുന്നതിന്റെ സൂചനയാണ് പ്രകാശ് കാരാട്ടിന്റെയും മുഖ്യമന്ത്രിയുടെയും വാക്കുകളില്‍ ഉള്ളത്.
ആസിയാന്‍ കരാറില്‍ രണ്ടാം യു.പി.എ സര്‍ക്കാര്‍ ഒപ്പുവച്ചതിന്റെ ദുരന്തമാണ് കര്‍ഷകര്‍ അനുഭവിക്കുന്നതെന്ന വാദമാണ് ഇടതിനുള്ളത്. ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും സാമ്പത്തിക നയങ്ങള്‍ ഒന്നാണ് എന്നതുകൊണ്ടു തന്നെ അതിനെതിരേ നിലകൊള്ളുന്ന ഇടതുപക്ഷത്തെ ദീര്‍ഘകാലടിസ്ഥാനത്തില്‍ ഇല്ലാതാക്കുകയെന്ന കോണ്‍ഗ്രസ് തന്ത്രം വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവിനു പിന്നിലുണ്ടെന്നാണ് സി.പി.എം വാദം.
ഉത്തരേന്ത്യയിലെ പശു സംരക്ഷണ വാദങ്ങള്‍, രാമക്ഷേത്ര വിഷയത്തിലെ മൃദു നിലപാട്, ബി.ജെ.പിയിലേക്ക് ഒഴുകുന്ന കോണ്‍ഗ്രസ് നേതാക്കളുടെ വിശ്വാസ്യതയില്ലായ്മ എന്നിവയെല്ലാം വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിനെതിരേ ശക്തമായി ഉയര്‍ത്താനാണ് സി.പി.എം നീക്കം. വയനാട്ടില്‍ രാഹുല്‍ എത്തിയപ്പോള്‍ കാണാനെത്തിയ ജനസഞ്ചയത്തിന്റെ സ്വഭാവം മതന്യൂനപക്ഷങ്ങളുടെ ഏകീകരണം ശക്തിപ്പെട്ടതാണെന്നും അത് യു.ഡി.എഫിന് അനുകൂലമാകുമെന്നും സി.പി.എം വിലയിരുത്തുന്നു. ഇത് തടയിടാനുള്ള രാഷ്ട്രീയ പ്രചാരണമാകും ഇനി ഇടതുപക്ഷം സ്വീകരിക്കുക.
അതേസമയം, പത്രിക നല്‍കിയതിനു ശേഷമുള്ള രാഹുലിന്റെ പ്രതികരണം ഇടതിനെ പ്രതിരോധത്തിലാക്കാനുള്ള ആയുധമാക്കി എന്‍.ഡി.എ രാഷ്ട്രീയ ആക്രമണം ആരംഭിച്ചിട്ടുണ്ട്. ഇതിനും സി.പി.എം പ്രചാരണ യോഗങ്ങളില്‍ മറുപടി പറയേണ്ടിവരും. ദേശീയനേതാക്കളെല്ലാം വരുന്നതോടെ എല്ലാ അര്‍ഥത്തിലും കേരളത്തിലെ ഗ്ലാമര്‍ മണ്ഡലമായി വയനാട് മാറുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ, കേന്ദ്രമന്ത്രിമാര്‍ എന്നിവരും വയനാട്ടിലെത്തി രാഹുലിനെതിരേ പ്രചാരണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."