രാഹുല്‍ പാപ്പരായ രാഷ്ട്രീയ നേതാവെന്ന് എസ്.രാമചന്ദ്രന് പിള്ള
കോഴിക്കോട്: രാഹുല്‍ ഗാന്ധി പാപ്പരായ രാഷ്ട്രീയ നേതാവാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ള. പ്രസംഗവും പ്രവൃത്തിയും തമ്മില്‍ യാതൊരു പൊരുത്തവുമില്ലാത്ത രാഷ്ട്രീയ നേതാവാണ് രാഹുലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സി.പി.എമ്മിനെക്കുറിച്ചും ഇടതുപക്ഷത്തെക്കുറിച്ചും ഒന്നും പറയില്ല എന്നാണ് രാഹുല്‍ പറയുന്നത്. അങ്ങനെ പറയുന്ന രാഹുല്‍ ഗാന്ധി എന്തിനാണ് വയനാട്ടില്‍ സ്ഥാനാര്‍ഥിയാവുന്നത്? കേരളത്തില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായി വന്നിരിക്കുന്നത് ബി.ജെ.പിയെ എതിര്‍ക്കാനല്ല. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ എതിര്‍ക്കാനാണ്. ബി.ജെ.പിയെന്ന അത്യാപത്തിനെ ഒഴിവാക്കാനുള്ള കൂട്ടായ്മയില്‍ കോണ്‍ഗ്രസിനു താല്പര്യമില്ല. അതുകൊണ്ടാണ് മതനിരപേക്ഷ ഐക്യം വളര്‍ത്തിക്കൊണ്ടുവരുന്നതിന് അനുകൂലമല്ലാത്ത നിലപാട് അവര്‍ സ്വീകരിക്കുന്നത്.
കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടു തന്നെ മതനിരപേക്ഷ കക്ഷികള്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ കരുത്താര്‍ജിക്കും. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കാനാണ് തമിഴ്നാട്ടില്‍ ഡി.എം.കെയുമായുള്ള ധാരണ. കേരളത്തിലെ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ വന്നതില്‍ വലിയ തര്‍ക്കമുണ്ട്. രാഹുല്‍ വരാനിടവന്നതു തന്നെ തര്‍ക്കം മൂലമാണ്.
ആ തര്‍ക്കം ഇനിയും മൂര്‍ച്ഛിക്കും. പൊതുവായി ബി.ജെ.പി വിരുദ്ധ ശക്തികള്‍ കരുത്താര്ജിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."