ഇല്ലാത്തരേഖകള്‍ ഹാജരാക്കണം; ഭവന വായ്പക്കാരെ എസ്.ബി.ഐ വട്ടംചുറ്റിക്കുന്നു
കണ്ണൂര്‍: ഇല്ലാത്തരേഖകള്‍ ഹാജരാക്കാന്‍ പറഞ്ഞ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പക്കായി അപേക്ഷിക്കുന്നവരെ വട്ടം ചുറ്റിക്കുന്നു. പ്രൊസസിങ് ചാര്‍ജെന്നപേരില്‍ പണംവാങ്ങാത്തതിനാല്‍ സാധാരണക്കാര്‍ എസ്.ബി.ഐ വായ്പയ്ക്കായി അപേക്ഷിക്കാറുണ്ട്. ഇവ പരിശോധിക്കാന്‍ അഭിഭാഷകരുടെ ഒരുപാനല്‍ രൂപീകരിച്ചിട്ടുണ്ട്. ഇങ്ങനെ അപേക്ഷിക്കുന്നവരില്‍ ഭൂരിഭാഗത്തിനെയും ഒഴിവാക്കാനാണ് ബാങ്ക് അഭിഭാഷകരോട് നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനുള്ള മാര്‍ഗമായാണ് ഭൂമിയിലെ ക്രയവിക്രയങ്ങളെ കുറിച്ച് സാധൂകരണമില്ലാത്ത സംശയങ്ങള്‍ ഉന്നയിക്കുന്നത്.
പുറമെയുള്ള അഭിഭാഷകര്‍ക്ക് കരാര്‍ കൊടുത്താണ് ഓരോജില്ലയിലും ഇക്കാര്യം നടത്തുന്നത്.ഈ അഭിഭാഷകന്‍ ശുപാര്‍ശ ചെയ്യുന്ന അപേക്ഷകള്‍ റീജ്യനല്‍ ഓഫിസുകളില്‍ ചുമതലപ്പെടുത്തിയ അഭിഭാഷക മേധാവി അംഗീകരിക്കണം. 60 വര്‍ഷം മുന്‍പ് ഒസ്യത്തായി കിട്ടിയ ഭൂമി തലമുറകള്‍ കൈമാറിയാണ് സാധാരണ അപേക്ഷകരിലെത്തുന്നത്. ഇങ്ങനെയുള്ള ഭൂമിയുടെ ഒസ്യത്ത് ഹാജരാക്കാനാണ് ബാങ്ക് നിയോഗിക്കുന്ന അഭിഭാഷകന്റെ നിര്‍ദേശം.
ഇതുമല്ലെങ്കില്‍ തലമുറകള്‍ക്കു മുന്‍പ് മരിച്ചയാളുടെ മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സ്വാതന്ത്ര്യ പ്രാപ്തിക്കുമുന്‍പ് വീട്ടില്‍ മരണം നടന്നാല്‍ രജിസ്ട്രര്‍ ചെയ്യാന്‍ ഭൂരിഭാഗം കുടുംബങ്ങളും ശ്രമിക്കാറില്ല. ഇഷ്ടദാനത്തിലൂടെയാണ് മിക്കവരും ഭൂമി കൈമാറ്റം ചെയ്തിരുന്നത്. മുതുമുത്തച്ഛന്‍മാരുടെ മരണസര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി എന്തു ചെയ്യണമെന്ന് അറിയാതെ മിക്കവരും വായ്പാ അപേക്ഷ പിന്‍വലിക്കുകയാണ് പതിവ്.
ബാങ്ക് അധികൃതര്‍ നല്‍കിയ നിര്‍ദേശപ്രകാരമാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് അഭിഭാഷകരുടെ വാദം. ബാങ്ക് വായ്പ അനുവദിക്കുന്നതിനായി തയാറാക്കിയ ഇത്തരം നിര്‍ദേശങ്ങള്‍ പ്രായോഗികമായി നടക്കുന്നതല്ലെന്നു പലവട്ടം അറിയിച്ചിട്ടുണ്ടെന്നാണ് അഭിഭാഷകരുടെ വിശദീകരണം. എന്നാല്‍ ഇതില്‍ നിന്നും സാധാരണക്കാരെ ഒഴിവാക്കി വന്‍കിടക്കാര്‍ക്കു മാത്രം വായ്പ നല്‍കുകയാണ് ബാങ്ക് അധികൃതരെന്ന് അപേക്ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."