ഉരുള്‍പൊട്ടല്‍; ദുരിതമൊഴിയാതെ കട്ടിപ്പാറ
താമരശേരി: നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ കരിഞ്ചോല ദുരന്തത്തിന്റെ വേദന ഇനിയും വിട്ടകന്നിട്ടില്ല. 14 പേരുടെ ജീവനും നിരവധി വീടുകളും കൃഷിസ്ഥലവും വിളകളുമാണ് ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞത്.
കരിഞ്ചോല ദുരന്തത്തോടൊപ്പം കട്ടിപ്പാറ പഞ്ചായത്തിലെ ചമല്‍, കട്ടിപ്പാറ എന്നീ പ്രദേശങ്ങളിലും ഇത്തരത്തില്‍ നാശം വിതച്ച ഉരുള്‍പൊട്ടലുണ്ടായിരുന്നു. ആളപായമില്ലാത്തതിനാല്‍ അധികമൊന്നും ആളുകള്‍ ഇവിടേക്ക് എത്തിപ്പെട്ടിരുന്നില്ല. അധികമാരുടെയും കണ്ണെത്തിയതുമില്ല. എന്നാല്‍ ഇവിടെ ആര്‍ക്കും ജീവന്‍ അപഹരിക്കപ്പെട്ടില്ലെന്ന് മാത്രമാണ് കരിഞ്ചോലയും കട്ടിപ്പാറയും തമ്മിലുള്ള വ്യത്യാസം. അത്രക്ക് ഭീകരം തന്നെയാണ് ഇവിടുത്തെയും അവസ്ഥകള്‍. നിരവധി വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നു തരിപ്പണമായി.
കട്ടക്കഴം എലിസബത്ത്, ബിനീഷ് പിലാക്കണ്ടി, നബീസ വടക്കെകുന്നത്ത് എന്നിവരുടെ വീടുകള്‍ പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. ഭവന നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാലു സെന്റ് ഭൂമിയില്‍ നിര്‍മാണം എകദേശം പൂര്‍ത്തിയായ ബിനീഷിന്റെ വീടും തകര്‍ന്നവയില്‍ പെടും. കൂലിപ്പണിയെടുത്ത് സ്വരുക്കൂട്ടിയ പണം കൂടി ഉപയോഗിച്ചായിരുന്നു ബിനീഷ് വീടുപണി നടത്തിക്കൊണ്ടിരുന്നത്. ഇപ്പോല്‍ താമസിച്ചു കൊണ്ടിരിക്കുന്ന നിലം പൊത്താറായ വീട്ടില്‍നിന്ന് പിഞ്ചു കുട്ടികളടങ്ങുന്ന കുടുംബത്തെ അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറ്റാന്‍ ദിവസങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു ബിനീഷ്. അതിനിടെയാണ് ദുരന്തം വന്നെത്തിയത്. ഇനിയെന്ത് എന്ന ചോദ്യം ഈ യുവാവിനെയും കുടുംബത്തെയും തളര്‍ത്തിയിരിക്കുകയാണ്. റവന്യു വിഭാഗത്തിന്റെ കണക്കെടുപ്പില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ കൂട്ടത്തിലാണ് ഈ വീടും ഉള്‍പ്പെട്ടത്. ഏതു നിമിഷവും ഒരിക്കല്‍കൂടി ദുരന്തം വന്നെത്തിയേക്കാമെന്ന സ്ഥിതിയുള്ള ഈ പ്രദേശത്തെ വീടുകളില്‍ താമസിക്കാന്‍ ആരും തയാറല്ല. ഇവരുടെ പുനരധിവാസം കൂടി ഉറപ്പുവരുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."