സമാന്തര റോഡും തകര്‍ച്ചയില്‍; വരിട്ട്യാക്കില്‍-പെരിങ്ങളം റൂട്ടില്‍ ഗര്‍ത്തം രൂപപ്പെട്ടു
കുന്ദമംഗലം: സമാന്തര റോഡും തകര്‍ച്ചയിലായതോടെ കുന്ദമംഗലം ദേശീയപാത 766ല്‍ യത്ര ദുഷ്‌കരമായി. വരിട്ട്യാക്കില്‍-പെരിങ്ങളം റൂട്ടിലാണ് കനത്ത മഴയില്‍ റോഡ് തകര്‍ന്നത് അപകട ഭീഷണി ഉയര്‍ത്തുന്നത്. പെരിങ്ങളം ഭജനമഠം റോഡിന് സമീപമാണ് ഒരു അടിയിലധികം വിസ്തൃതിയുള്ള ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ശക്തമായ മഴ പെയ്തതോടെയാണ് ഭജന മഠം റോഡിന് സമീപമുള്ള കലുങ്കിന് സമീപം കഴിഞ്ഞദിവസം ഗര്‍ത്തം രൂപപ്പെട്ടത്. കുന്ദമംഗലം, കാരന്തൂര്‍ ടൗണുകളിലെ ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ മുക്കം, താമരശേരി ഭാഗത്ത് നിന്ന് വരുന്ന യാത്രക്കാര്‍ സമാന്തരമായി ഉപയോഗിക്കുന്ന റോഡാണിത്.
ദിവസേന ചെറുതും വലുതുമായ നൂറുക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ദേശീയപാത 766ലെ താമരശേരി കാരാടിയില്‍ നിന്ന് ആരംഭിച്ച് മാനിപുരം, പിലാശ്ശേരി, വരിട്ട്യാക്കില്‍, പെരിങ്ങളം വഴി സി.ഡബ്ല്യു.ആര്‍.ഡി.എം വരെയുള്ള ഈ റോഡിന്റെ പ്രവൃത്തി നടക്കുന്നുണ്ട്. 36 കോടി രൂപ ചെലവില്‍ ബി.എം.ബി.സി ചെയ്ത് നന്നാക്കുന്ന റോഡിന്റെ പ്രവൃത്തി ഏറ്റെടുത്തത് നാഥ് കണ്‍സ്ട്രക്ഷനാണ്. താമരശേരി മുതല്‍ വരിട്ട്യാക്കില്‍ വരെയുള്ള പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്.
റോഡ് തകര്‍ന്നതോടെ കരാര്‍ ഏറ്റെടുത്ത നാഥ് കസ്ട്രക്ഷനെ കൊണ്ടുതന്നെ പെട്ടെന്ന് ഈ റോഡ് നന്നാക്കാനുള്ള നടപടി സ്വീകരിക്കാന്‍ അധികൃതര്‍ മനസു വച്ചാല്‍ സാധിക്കും. പെരിങ്ങളം മില്‍മയില്‍ നിന്ന് മുക്കം, താമരശേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പാലുമായി വാഹനങ്ങള്‍ കടന്നുപോകുന്നത് ഇതുവഴിയാണ്.
റോഡ് തകര്‍ന്നതോടെ മില്‍മയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ എം.എല്‍.എ റോഡ് വഴി കുന്ദമംഗലത്തെത്തി മുക്കം താമരശേരി ഭാഗങ്ങളിലേക്ക് പോകേണ്ടി വരും. ഗതാഗത കുരുക്ക് രൂക്ഷമായ കുന്ദമംഗലത്ത് മില്‍മയില്‍ നിന്നുള്ള വലിയ വാഹനങ്ങള്‍ കൂടി എത്തിയാല്‍ ഗതാഗത കുരുക്ക് രൂക്ഷമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."