ആലപ്പുഴയില്‍ പോരാട്ടം ട്രാക്കിലായി; താരപ്രചാരകര്‍ കവലകളിലേക്ക്
ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആലപ്പുഴയിലെ പോരാട്ടത്തിന് വള്ളംകളിയുടെ എല്ലാ വീറും വാശിയും ദൃശ്യമായിത്തുടങ്ങി. വള്ളപ്പാടകലെ നിന്ന് പോരാട്ടം തുഴപ്പാട് അകലത്തിലായി. അവസാന ലാപ്പുവരേ ആവേശം അണയാതെ നിലനിര്‍ത്താന്‍ താരപ്രചാരകര്‍ ഉള്‍പെടെ എത്തുകയാണ്.
സ്ഥാനാര്‍ഥി പര്യടനത്തില്‍ നിന്ന് പ്രചാരണം കവലപ്രസംഗങ്ങളിലേക്കു കേന്ദ്രീകരിക്കുകയാണ്. തെരഞ്ഞെടുപ്പ് ട്രാക്കില്‍ ആദ്യമിറങ്ങിയ എ.എം ആരിഫ് (എല്‍.ഡി.എഫ്) പ്രചാരണ രംഗത്തെ മേധാവിത്വം വിട്ടുകൊടുക്കാതെ മുന്നേറുകയാണ്. അല്‍പം വൈകിയെങ്കിലും പോരാട്ടത്തിന്റെ ട്രാക്കില്‍ ഷാനിമോള്‍ ഉസ്മാനും (യു.ഡി.എഫ്) പൊരുതിക്കയറുകയാണ്. ഡോ. കെ.എസ് രാധാകൃഷ്ണന്‍ (എന്‍.ഡി.എ) തുഴയെറിഞ്ഞു തുടങ്ങിയിട്ടേയുള്ളൂ.
അന്തരീക്ഷം ചുട്ടുപൊള്ളുമ്പോഴും മണ്ഡലപര്യടനത്തിന്റെ തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. ഓരോ ബൂത്തിലും ഓടിയെത്താനുള്ള പരക്കംപാച്ചില്‍. മണ്ഡലപര്യടനത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി ആരിഫ് മൂന്നാംഘട്ടത്തിലേക്ക് കടക്കുകയാണ്. ഷാനിമോള്‍ ഒന്നാംഘട്ട പര്യടനത്തിന്റെ തിരക്കിലും.
ഇടതുപക്ഷത്തിന് ഒരു പതിറ്റാണ്ട് മുന്‍പ് കൈവിട്ടുപോയതാണ് ആലപ്പുഴ. തിരിച്ചുപിടിക്കേണ്ടത് അഭിമാനമായി കണ്ടാണ് പോരാട്ടം. ബൂത്ത്തല സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും സജീവം. സര്‍വസൈന്യാധിപനായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണേന്തുന്നത് മന്ത്രി ജി. സുധാകരനും. ഷാനിമോള്‍ എത്തിയതോടെ ഉണര്‍ന്ന യു.ഡി.എഫ് ക്യാംപ് രാഹുല്‍ ഗാന്ധിയുടെ വയനാട് വരവോടെ അത്യാവേശത്തിലാണ്. സിറ്റിങ് സീറ്റ് കൈവിട്ടു പോകാതെ നോക്കണം. ബൂത്ത്തല പ്രവര്‍ത്തനങ്ങള്‍ ഉണര്‍ന്നു തുടങ്ങി. പ്രവര്‍ത്തനത്തിന്റെ കടിഞ്ഞാണ്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഏറ്റെടുത്തിരുന്നു.
തെരഞ്ഞെടുപ്പ് ആവേശത്തിന്റെ തീവ്രത ജ്വലിപ്പിച്ചുനിര്‍ത്താന്‍ ദേശീയ, സംസ്ഥാന നേതാക്കളുടെ നീണ്ട നിര തന്നെയാണ് ആലപ്പുഴ മണ്ഡലത്തിലേക്ക് എത്തുന്നത്. എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രചാരണത്തിനായി എത്തും. മുതിര്‍ന്ന നേതാവ് എ.കെ ആന്റണി, മുസ്്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, മുസ്്‌ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീര്‍ ഉള്‍പെടെ നേതാക്കള്‍ ആലപ്പുഴയിലെത്തും.
എല്‍.ഡി.എഫിന് ആവേശം പകര്‍ന്നു വി.എസ് അച്യുതാനന്ദനും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും പ്രചാരണം നടത്തി മടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മൂന്നു പൊതുസമ്മേളനങ്ങളിലാണ് പങ്കെടുക്കുന്നത്.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ബൃന്ദാ കാരാട്ട്, എം.എ ബേബി, എസ്. രാമചന്ദ്രന്‍ പിള്ള, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം, മന്ത്രി വി.എസ് സുനില്‍കുമാര്‍ എന്നിവര്‍ വരും ദിവസങ്ങളില്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രചാരണത്തിനെത്തും.
എന്‍.ഡി.എ ക്യാംപ് ഉഷാറായിത്തുടങ്ങിയിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ ഖദര്‍ അഴിച്ചു കാവിയുടുത്ത ഡോ. കെ.എസ് രാധാകൃഷ്ണനെ ഉള്‍ക്കൊള്ളാന്‍ ബി.ജെ.പി ജില്ലാനേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. രാധാകൃഷ്ണന് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലെങ്കിലും ബി.ജെ.പി നേതാക്കളുടെ നീരസം പ്രവര്‍ത്തനങ്ങളില്‍ നിഴലിക്കുന്നു. പ്രചാരണം മേല്‍തട്ടില്‍ മാത്രമൊതുങ്ങി നില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."