പിണറായി തൊട്ടപ്പോള്‍ പിള്ളയും വിശുദ്ധന്‍: ഷിബു ബേബിജോണ്‍
കൊല്ലം: മുഖ്യമന്ത്രിയുടെ പരനാറി പ്രയോഗത്തിനെതിരേ ആഞ്ഞടിച്ച് ആര്‍.എസ്.പി നേതാക്കള്‍. വി.എസ് അച്യുതാനന്ദന്‍ നിയമപോരാട്ടം നടത്തി ജയിലിലടച്ച ആര്‍. ബാലകൃഷ്ണപിള്ളയെ എല്‍.ഡി.എഫിലെടുക്കുന്നതിനായി പിണറായി വിജയന്‍ തൊട്ടതോടെയാണ് അദ്ദേഹം പരിശുദ്ധനായതെന്നും കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലിനോട് പിണറായി വിജയന് വിരോധമുണ്ടോയെന്നു സംശയമുണ്ടെന്നും ആര്‍.എസ്.പി നേതാവ് ഷിബു ബേബിജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിണറായി തൊടുന്നത് ശുദ്ധവും തൊടാത്തത് അശുദ്ധവുമെന്നത് സി.പി.എം ആലോചിക്കണം. യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫിലെത്തിയതോടെ വീരനും നല്ലവനായി. പിണറായി വിജയന്‍ നടത്തിയത് പദവിക്ക് ചേരാത്ത പദപ്രയോഗമാണ്. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ നടത്തിയ പരാമര്‍ശം മുഖ്യമന്ത്രിയായപ്പോഴും അദ്ദേഹം മാറ്റിയിട്ടില്ല. ഇതു സി.പി.എമ്മിന്റെ പൊതു അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.
ചുറ്റിപ്പറ്റി നില്‍ക്കുന്ന സ്തുതിപാടകര്‍ പറയുന്നത് കേട്ട് ഏകാധിപതിയായി മാറിക്കഴിഞ്ഞു മുഖ്യമന്ത്രി. ഇതുതന്നെയായിരുന്നു സ്റ്റാലിനും ചെയ്തത്. കേരള സ്റ്റാലിനായി പിണറായി മാറി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിണറായി നടത്തിയ പരാമര്‍ശത്തില്‍ അന്നു സ്ഥാനാര്‍ഥിയായിരുന്ന എം.എ ബേബി പോലും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയത്തിനപ്പുറം വ്യക്തിപരമായി കണുന്ന പകയാണ് പിണറായിയുടേത്.
എന്‍.കെ പ്രേമചന്ദ്രന്റെ പ്രസംഗം കേള്‍ക്കാത്തതുകൊണ്ടായിരിക്കാം അദ്ദേഹം മോദിയെയും ബി.ജെ.പിയെയും കുറിച്ച് പറയുന്നില്ലെന്നു വിമര്‍ശിക്കുന്നത്. ലാവ്‌ലിന്‍ കേസില്‍ 12 തവണ സുപ്രിംകോടതിയില്‍ കേസ് മാറ്റാന്‍ ആവശ്യപ്പെട്ടത് മോദിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ അറ്റോര്‍ണി ജനറല്‍ തൃപ്തി ദേശായിയാണ്. ചീഫ് ജസ്റ്റിസിനുപോലും അലോസരമുണ്ടാക്കിയ കേസ് മാറ്റിവയ്ക്കലിനു പിന്നില്‍ എന്ത് അഡ്ജസ്റ്റ്‌മെന്റാണെന്ന് പിണറായി വ്യക്തമാക്കണം. കൊല്ലത്തെത്തിയ സീതാറാം യെച്ചൂരിയും വി.എസും പ്രേമചന്ദ്രനെതിരേ മോശമായി ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. ആര്‍.എസ്.പി മുന്നണി മാറാന്‍ തീരുമാനിച്ചത് പ്രേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള എല്ലാ നേതാക്കളും ഒരുമിച്ചായിരുന്നു. അത് പ്രേമചന്ദ്രന്റെ വ്യക്തിപരമായ തീരുമാനമനുസരിച്ച് അല്ലായിരുന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശം യു.ഡി.എഫിന് പ്രയോജനം ചെയ്യുമെന്നും എല്‍.ഡി.എഫില്‍ നിന്നും ബാലകൃഷ്ണപിള്ളയും ഗണേശനും തിരികെ യു.ഡി.എഫിലെത്തില്ലെന്നു ആരുകണ്ടുവെന്നും ഷിബു ചോദിച്ചു.
പ്രേമചന്ദ്രന്‍ തിരിച്ചു പരനാറി പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും വോട്ടര്‍മാര്‍ അദ്ദേഹത്തെ തിരിച്ചറിയുമെന്നും ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് പറഞ്ഞു. സി.പി.എം രാഷ്ട്രീയ മര്യാദ കാണിക്കണം. പരാജയഭീതിപൂണ്ട് എന്തും വിളിച്ചുകൂവുന്നത് ശരിയല്ല. മണ്ഡലത്തിലെ കിഴക്കന്‍ മേഖലയില്‍ സി.പി.ഐയുടെ മണ്ഡലങ്ങളില്‍പോലും വ്യക്തമായ ലീഡ് നിലനിര്‍ത്താന്‍ യു.ഡി.എഫിന് കഴിയുമെന്ന് അസീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."