കരിഞ്ചോല മല ദുരന്തം; കട്ടിപ്പാറ പി.എച്ച്.സിയില്‍ അഞ്ചോളം കുടുംബങ്ങള്‍ പുനരധിവാസം പൂര്‍ത്തിയായില്ല
താമരശ്ശേരി: കട്ടിപ്പാറയിലെ കരിഞ്ചോല മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വീടും സ്ഥലവും നഷ്ടമായ മുഴുവന്‍ കുടുംബങ്ങളെയും പുനരധിവസിപ്പിച്ചുവെന്ന സര്‍ക്കാര്‍ റവന്യൂ അധികൃതരുടെ അവകാശവാദങ്ങള്‍ പൊളിയുന്നു. നിരവധി കുടുംബങ്ങളെ റവന്യൂ വകുപ്പും കട്ടിപ്പാറ പഞ്ചായത്ത് അധികൃതരും ലോഡ്ജുകളിലേക്കും വാടക വീടുകളിലേക്കും മാറ്റി താമസിപ്പിച്ചിരുന്നു. കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ താമരശ്ശേരി റസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഴുവന്‍ പേരെയും പുനരധിവസിപ്പിക്കുമെന്ന് അവകാശപ്പെട്ടിരുന്നു.
എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇവരുടെ പുനരധിവാസം നടന്നിട്ടില്ല. അഞ്ചു കുടുംബങ്ങള്‍ ഇപ്പോഴും കട്ടിപ്പാറ പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ കെട്ടിടത്തില്‍ തന്നെയാണ് കഴിഞ്ഞുവരുന്നത്. ഇവിടുത്തെ മൂന്നു മുറികളും ഹാളുകളുമാണ് ഇവര്‍ ഉപയോഗിക്കുന്നത്. കരിഞ്ചോല മല ദുരന്തത്തില്‍ സര്‍വവും നഷ്ടപ്പെട്ടവരാണ് ഇവിടുത്തെ ക്യാംപില്‍ കഴിയുന്നത്. ഭക്ഷണവും വസ്ത്രവുമെല്ലാം സന്നദ്ധപ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കിയിട്ടുണ്ടെങ്കിലും ഇവരുടെ രേഖകളും മറ്റും നഷ്ടപ്പെട്ടതിനാല്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ എന്തെങ്കിലും തരത്തിലുള്ള സഹായം അഭ്യര്‍ഥിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്.
ഭാഗികമായി തകര്‍ന്ന വീടുകള്‍ നന്നാക്കുന്നതിനായി കേവലം 5,000ത്തോളം രൂപ മാത്രമാണു നല്‍കുന്നത്. വലിയ പാറക്കല്ലുകള്‍ പതിച്ച് ചുമരുകള്‍ നഷ്ടപ്പെട്ടവ ഭാഗികമായി തകര്‍ന്ന ഇനത്തിലാണ് പെടുത്തിയിരിക്കുന്നത്. ദുരന്തത്തിന്റെ ആഘാതത്തില്‍ ചുവരുകള്‍ക്ക് വിള്ളല്‍വീണ വീടുകളുമുണ്ട്. ഇതിന്റെയെല്ലാം പുനര്‍പ്രവൃത്തിക്ക് ഭാരിച്ച ചെലവാണു വരിക. ഇതോടൊപ്പം ഭൂമിയും കൃഷിയിടവും വിളനിലങ്ങളും തൊഴിലുപകരണങ്ങളും വാഹനങ്ങളും നഷ്ടപ്പെട്ടവരുണ്ട്. ഇവയില്‍ പലതും നഷ്ടങ്ങളുടെ കണക്കെടുത്ത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുമില്ല.
രേഖകള്‍ മുഴുവനായും നഷ്ടപ്പെട്ട പലര്‍ക്കും തുടര്‍ന്നങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എന്തു ചെയ്യണമെന്നതിനെ കുറിച്ച് ആവലാതിയാണ്. ഇതിനെയെല്ലാം തരണം ചെയ്യാന്‍ ഇവര്‍ക്കു കഴിയണമെങ്കില്‍ അര്‍ഹമായ നഷ്ടപരിഹാര പാക്കേജുകള്‍ ലഭ്യമാക്കണം. എന്നാല്‍ വീടുകളിലേക്കുള്ള ഇവരുടെ തിരിച്ചുപോക്കുകള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. ഏതുനിമിഷവും താഴേക്കു പതിക്കാവുന്ന രീതിയില്‍ നില്‍ക്കുന്ന കൂറ്റന്‍ പാറക്കല്ലുകള്‍ മലമുകളില്‍ സ്ഥിതിചെയ്യുന്നതിനാല്‍ തിരികെ വീടുകളിലേക്കു പോകാനും ഇവര്‍ മടിക്കുകയാണ്.
അതേസമയം പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ഇതേ ആവശ്യം ഇടതുപക്ഷവും ഉന്നയിച്ചിട്ടുണ്ട്. ജനകീയ സഹകരണത്തോടെ ഫണ്ട് ശേഖരിക്കാന്‍ എം.എല്‍.എ കാരാട്ട് റസാഖിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. കട്ടിപ്പാറയിലെ ദുരന്തബാധിതരെ സഹായിക്കാന്‍ മുസ്‌ലിം ലീഗും കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
ഇരകളായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുക, ഇവിടുത്തെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുക, നഷ്ടപ്പെട്ട രേഖകള്‍ അടിയന്തരമായി പുനര്‍ നിര്‍മിച്ച് നല്‍കുക, നഷ്ടപ്പെട്ട സ്ഥലം, കൃഷിയിടങ്ങള്‍, വിളകള്‍, ആടുമാടുകള്‍ എന്നിവയ്ക്കനുസരിച്ച് നഷ്ടം കണക്കാക്കുക, ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് കട്ടിപ്പാറ പാക്കേജില്‍ പ്രധാനമായും ഉന്നയിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."