സഊദി കാരുണ്യത്തിന്റെ മറ്റൊരു മാതൃക; 32 ലക്ഷം രൂപ ഒഴിവാക്കി, എയർ ആംബുലൻസും നൽകി ഇന്ത്യൻ കുഞ്ഞിനെ രക്ഷിച്ചു
റിയാദ്: കാരുണ്യത്തിന്റെ മറ്റൊരു കഥ കൂടിയിതാ സഊദിയിൽ നിന്ന്. ഇന്ത്യൻ ബാലന്റെ ചികിത്സക്കായി ചിലവഴിച്ച ലക്ഷങ്ങൾ ഒഴിവാക്കിയതിന് പുറമെ ചികിത്സക്കായി എയർ ആംബുലൻസും നൽകി സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കലവറയാണ് ഇവിടെ ഒരുക്കിയത്. സഊദിയിലെ നജ്‌റാൻ ഗവർണറിന്റെ ഇടപെടലാണ് പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷപ്പെടാനും ഒരു കുടുംബത്തിന്റെ കണ്ണീർ മാറാനും ഹേതുവായത്. നജ്‌റാനില്‍ അല്‍ സഫര്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞ നാലു വര്‍ഷമായി നഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്ന തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ അലെന്‍കോട് പറമ്പായ്ക്കാട്ടുവിളൈ സ്വദേശിനി സുഹിറോസ് ജോസ്‌ലിന്‍ പോള്‍-ജഗന്‍ സെല്‍വരാജ് എന്നിവരുടെ മകനാണ് ഗവർണറുടെ കാരുണ്യ ഹസ്‌തം നീണ്ടത്.
പതിമൂന്ന് മാസം മുന്‍പ് നാട്ടില്‍ പോയി സഊദിയിൽ തിരിച്ചെത്തിയ സുഹിറോസ് ജോസ്‌ലിന്‍ ഗര്ഭിണിയായായിരുന്നു. പ്രസവത്തിന് നാട്ടിലേക്ക് പോകാനായിരുന്നു പദ്ധതിയെങ്കിലും ഇതിനിടെ നിനച്ചിരിക്കാതെ ഏഴാം മാസം നടന്നു. പ്രായം തികയാതെ പ്രസവിച്ചതിനാല്‍ കുട്ടിയ്ക്ക് ശ്വാസതടസ്സമുണ്ടായിരുന്നു. തുടര്‍പരിശോധനയില്‍ കുട്ടിയുടെ ഹൃദയവാള്‍വിന് തകരാറ് കണ്ടെത്തി. വെന്റിലേറ്റര്‍ സഹായത്താലാണ് കുട്ടി കഴിഞ്ഞിരുന്നത്. വിവരമറിഞ്ഞ് ഖത്തറില്‍ ജോലിചെയ്തിരുന്ന പിതാവ് ജഗന്‍ സെല്‍വരാജ് ഒരാഴ്ചക്കുള്ളില്‍ വിസിറ്റിംഗ് വിസയില്‍ സഊദി അറേബ്യയില്‍ എത്തി. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും ശരിയാക്കി. കുട്ടിയുടെ വാല്‍വിന് ഓപ്പറേഷന്‍ ചെയ്യുന്നതിനു വേണ്ടി ഇന്ത്യയിലേക്ക് കൊണ്ടു പോകുന്നതിനുള്ള ശ്രമം തുടങ്ങി. വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ 900 കിലോമീറ്റര്‍ റോഡ് വഴി ജിദ്ദയിലെ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു. ഈ സമയം എയര്‍ ഇന്ത്യ കുട്ടിയുടെ യാത്രയ്ക്ക് 3 ലക്ഷം ആവശ്യപ്പെട്ടു.
ഇതിനിടെ കുട്ടിയുടെ പിതാവിന്റെ വിസിറ്റിംഗ് വിസ കാലാവധി തീരാറായതിനാലും ഖത്തറിലെ അദ്ദേഹത്തിന്റെ കമ്പനിയിലേക്ക് ഉടനെ എത്തേണ്ടതു കൊണ്ടും തിരിച്ചു പോകാന്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ എത്തിയ ജഗന്റെ പാസ്‌പോര്‍ട്ടില്‍ കുട്ടിയുടെ പേര് ഉണ്ടായിരുന്നതുകൊണ്ട് കുട്ടി ഇല്ലാതെ സഊദിയില്‍ നിന്നും പോകാന്‍ പറ്റില്ലെന്നു പറഞ്ഞ് ജിദ്ദ എയര്‍പോര്‍ട്ട് അധികൃതര്‍ യാത്ര റദ്ദാക്കി. ഇതിനിടെ കുട്ടിയുടെ ചികില്‍സാചെലവ് ഏകദേശം 32 ലക്ഷം രൂപ കവിഞ്ഞിരുന്നു. ഈ പണം ഉടന്‍ അടയ്ക്കാനും നജ്‌റാനില്‍ ഈ ഓപ്പറേഷന്‍ ചെയ്യാന്‍ സൗകര്യമില്ലാത്തതിനാല്‍ കുട്ടിയെ ഉടനെ ജിദ്ദയിലെത്തിക്കാനും ആശുപത്രിക്കാര്‍ നിര്‍ദേശിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിലാൽ ജഗന്‍ സെല്‍വരാജ് ഖത്തറിലെ തന്റെ സുഹൃത്തായ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നജ്‌റാനിലെ സോഷ്യല്‍ ഫോറം വെല്‍ഫയര്‍ ഇന്‍ചാര്‍ജ് ഷെയ്ഖ് മീരാന്‍ വിഷയത്തില്‍ ഇടപെട്ടു.
കുട്ടിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായതിനാല്‍ റോഡ് മാര്‍ഗം ജിദ്ദയിലെത്തിക്കാന്‍ സാധ്യമായിരുന്നില്ല, എയര്‍ ആംബുലന്‍സ് വേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. ഭാരിച്ച ചെലവിനു മുന്നില്‍ കുടുംബം തരിച്ചു നിൽക്കാനായിരുന്നു വിധിയെങ്കിലും ഇവിടെ ഇവർക്ക് മറ്റൊരു വാതിൽ തുറക്കുകയായിരുന്നു. ഷെയ്ഖ് മീരാന്‍ മാതാപിതാക്കളുമായി നജ്‌റാനിലെ അമീറിന്റെ ഓഫീസില്‍ പോയി പബ്ലിക് റിലേഷന്‍ ഓഫീസറായ സാലിം അല്‍ ഖഹ്ത്താനിയെ കണ്ട് കാര്യം ബോധിപ്പിച്ചതോടെയാണ് ഇവർക്ക് കാരുണ്യ വാതിൽ തുറക്കപ്പെട്ടത്. ആരും പ്രതീക്ഷിക്കാത്ത വിധത്തിൽ അമീറിന്റെ ഓഫീസില്‍ നിന്ന് ആശുപത്രി ബില്ല് അടച്ചു. ജിദ്ദയിലേക്ക് കൊണ്ടുപോകാനുള്ള ആംബുലന്‍സും തയ്യാറാക്കി. മാത്രമല്ല, ജിദ്ദയിലെ ആശുപത്രിയില്‍ ഓപ്പറേഷന് വേണ്ട നിയമപരമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുകയായിരുന്നു.
ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വെച്ച് ശിശുരോഗ വിഭാഗം തലവന്‍ ഡോ. നായിഫ് ഒവായിദ് അല്‍ ഖുഷിയുടെ നേതൃത്വത്തില്‍ കുട്ടിയുടെ വാള്‍വിന്റെ ഓപ്പറേഷന്‍ വിജയകരമായി നടന്നു. 9 ദിവസം ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തതിന്റെയും ഓപ്പറേഷന്‍ ചെയ്ത ബില്ലുമടക്കം ചിലവായ 38,000 റിയാല്‍ (755896 രൂപ) അമീറിന്റെ ഓഫിസ് ഇടപെട്ട് ഇത് തീര്‍ത്തുകൊടുത്തു. ഓപ്പറേഷന്‍ കഴിഞ്ഞു ഒരാഴ്ചക്ക് ശേഷം റോഡ് മാര്‍ഗം കുടുംബം ജിദ്ദയില്‍ നിന്നും നജ്‌റാനില്‍ സുഖകരമായി തിരിച്ചെത്തി. അടുത്ത പടി ഇന്ത്യയിലേക്ക് തിരിച്ചെത്തലായിരുന്നു. കുട്ടിയെ കൂട്ടി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നിയമപരമായ പ്രശ്‌നം ഉള്ളതിനാല്‍ ഭാര്യ സുഹിറോസ് അല്‍ സഫര്‍ ഹോസ്പിറ്റലിലെ ജോലി രാജിവെച്ചു. സോഷ്യല്‍ ഫോറം വെല്‍ഫയര്‍ ഇന്‍ചാര്‍ജ് ഷെയ്ഖ് മീരാന്‍ ഇവരെ കൂട്ടി നജ്‌റാനിലെ ജവാസാത്ത് തലവനെ പോയി കാണുകയും ഇന്ത്യയിലേക്കുള്ള തിരിച്ചു പോക്കിന് വേണ്ട സഹായങ്ങള്‍ ചെയ്തു തരുവാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു. പക്ഷെ, സഊദി വിസ നിയമം ലംഘിച്ചതിനാല്‍ ജഗന്‍ സെല്‍വരാജിനോട് 15000 റിയാല്‍ (മൂന്ന് ലക്ഷത്തോളം രൂപ) പിഴയടക്കാനും ടിക്കറ്റ് എടുത്ത് മൂന്നു പേരോടും വിരലടയാളം കൊടുത്തു തര്‍ഹീല്‍ വഴി ഇന്ത്യയിലേക്ക് പോകാനും ജവാസാത്ത് അനുവാദം നല്‍കി. എന്നാൽ, വീണ്ടും ഒരു സഊദി പൗരന്റെ സഹായത്തോടെ പൗരനെ കൂട്ടി ജവാസാത്ത് തലവനെയും ഓഫീസര്‍മാരെയും പോയി കാണുകയും കുടുംബത്തിന്റെ ദയനീയാവസ്ഥയും അമീറിന്റെ സഹായങ്ങള്‍ ലഭിച്ച കാര്യങ്ങളും അവരെ ബോധ്യപ്പെടുത്തുകയും ചെയ്‌തതിനെ തുടർന്ന് ഇവിടെയും കാരുണ്യം പിറന്ന് വീണു പിഴ ഒഴിവാക്കി നാട്ടിലേക്ക് പോകാന്‍ അനുമതി നല്‍കി.
ജഗനും കുടുംബവും ഇന്ത്യയിലേക്ക് പോകുന്നതിനു വേണ്ടിയുള്ള യാത്രാ ഒരുക്കങ്ങള്‍ നടത്തുമ്പോഴാണ് കൊറോണ മൂലം വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. വീണ്ടും മാസങ്ങളോളം പ്രയാസങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ ദിവസങ്ങളായിരുന്നു ഇവർക്ക് നേരിടേണ്ടി വന്നത്. ഒടുവിൽ റിയാദിലെ സോഷ്യല്‍ ഫോറം പ്രവര്‍ത്തകന്‍ ഹാജി മുഹമ്മദിന്റെ ഇടപെടല്‍ മൂലം വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള കോയമ്പത്തൂരിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ഇവർക്ക് സീറ്റ് തരപ്പെടുത്തി ഇവര്‍ സഊദിയിലെ സ്‌നേഹ കാരുണ്യത്തിന്റെ വറ്റാത്ത ഉറവ ആസ്വദിച്ച് നാട്ടിലേക്ക് പറന്നു. സന്തോഷത്തോടെ നാട്ടിലേക്ക് യാത്രയായി. ഇപ്പോള്‍ നാട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."