ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണം: ഭീകരന്റെ മാനസികനില പരിശോധിക്കും
വെല്ലിങ്ടണ്‍:ന്യൂസിലന്‍ഡിലെ മുസ്‌ലിം പള്ളിയില്‍ ആക്രമണം നടത്തിയ ഭീകരന്റെ മാനസിക നില പരിശോധിക്കാന്‍ കോടതി ഉത്തരവ്.
വിചാരണ നടത്താന്‍ അക്രമി ബ്രന്റന്‍ ടറന്റെ മാനസികനില പര്യാപ്തമാണോയെന്ന് പരിശോധിക്കണമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് ഹൈക്കോടതി ജഡ്ജി കാമറോന്‍ മാന്‍ഡേര്‍ ആവശ്യപ്പെട്ടു. ആക്രമണവുമായി ബന്ധപ്പെട്ടുള്ള ഓക്ക്‌ലാന്‍ഡ് ജയിലില്‍ നിന്ന് വിഡിയോ വഴി ഭീകരന്‍ ഇന്നലെ വിചാരണയില്‍ ഹാജരായിരുന്നു. ആക്രമണത്തിന് ശേഷം രണ്ടാമതാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നത്. ജഡ്ജി, അഭിഭാഷകര്‍, കോടതി നടപടികള്‍ എന്നിവ കാണാന്‍ ബ്രന്റര്‍ ടറന്റിന് സൗകര്യം ഒരുക്കിയിരുന്നു. എന്നാല്‍ വിചാരണയ്ക്കിടെ ഇയാള്‍ ഒന്നും പ്രതികരിച്ചില്ല.
അടുത്ത വിചാരണ ദിവസമായ ജൂണ്‍ 14 വരെ അദ്ദേഹത്തെ ജഡ്ജി റിമാന്‍ഡ് ചെയ്തു. വിചാരണയ്ക്കിടെ ശാന്തനായിട്ടാണ് ഇയാള്‍ ഇന്നലെ പ്രത്യക്ഷപ്പെട്ടത്. ആദ്യമായി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളുപ്പ് വംശീയതയുടെ ചിഹ്നം അദ്ദേഹം ഉയര്‍ത്തിക്കാട്ടിയിരുന്നു.
ബ്രന്റന്‍ ടറന്റിനെതിരേ പൊലിസ് കഴിഞ്ഞ ദിവസം 89 കുറ്റങ്ങള്‍ ചുമത്തിയിരുന്നു.50 കൊലപാതക കുറ്റങ്ങളും വധ ശ്രമത്തിനുള്ള 39 കുറ്റങ്ങളുമാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തുകയാണെങ്കില്‍ പരോളില്ലാത്ത ജീവപര്യന്തം തടവിന് ന്യൂസിലന്‍ഡ് കോടതി വിധിക്കുന്ന ആദ്യത്തെ കുറ്റവാളിയാവും ബ്രന്റന്‍ ടറന്റ്.
പ്രതിക്ക് വാദം നടത്താനുള്ള അവസരമുണ്ട്. നേരത്തെ പ്രതിക്കുവേണ്ടി ഹാജരാവാന്‍ തീരുമാനിച്ചിരുന്നത് അഭിഭാഷകനായ റിച്ചാര്‍ഡ് പീറ്റേഴ്‌സണായിരുന്നു. എന്നാല്‍ താന്‍ സ്വയം വാദിക്കുമെന്ന് ഭീകരവാദി പറഞ്ഞതിനെ തുടര്‍ന്ന് അഭിഭാഷകന്‍ പിന്‍മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."