കാളമ്പാടി ഉസ്താദ് : മായാത്ത ആ ഓര്‍മകള്‍ക്ക് എട്ടാണ്ട്
ബഹുമാനപ്പെട്ട സമസ്തയുടെ എട്ടാമത്തെ പ്രസിഡണ്ടായി എട്ടുവര്‍ഷം നമ്മെ നയിച്ച ശൈഖുനാ കാളമ്പാടി ഉസ്താദ്
ഈ ലോകത്തോട് വിട പറഞ്ഞിട്ട് ദുല്‍ഖഅദ് 15ന് എട്ട് വര്‍ഷം പൂര്‍ത്തിയാകുകയാണ്.
മഹാന്റെ ദറജകളെ അല്ലാഹു ഉയര്‍ത്തട്ടെ,ആമീന്‍...
വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ അഹ്‌സാബിലെ 23-ാം ആയത്ത് ഇങ്ങനെ സംഗ്രഹിക്കാം..
'സത്യവിശ്വാസികളില്‍ ചില ആണുങ്ങളുണ്ട്.
ഏതൊരു കാര്യത്തെ കുറിച്ചാണോ അവര്‍ അല്ലാഹുവുമായി കരാര്‍ ചെയ്തത് അതവര്‍ പൂര്‍ത്തിയാക്കി വീട്ടിയിരിക്കുന്നു.
അങ്ങനെ മരണപ്പെട്ടവരും, രക്തസാക്ഷികളായവരും അവരുടെ കൂട്ടത്തിലുണ്ട്. അതിനവസരം കാത്തിരിക്കുന്നവരും അവരിലുണ്ട്. റബ്ബിനോടുള്ള കരാറിന് അവര്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല '....
ഖുര്‍ആനില്‍ പറഞ്ഞ ഈ ആണുങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒരാളാണ് ഉസ്താദിന്റെ ജീവിത രീതിയിലുടെ നമുക്ക് ബോധ്യപ്പെടും.
പത്ത് വര്‍ഷം മുമ്പ് കേരളം ഭരിച്ചിരുന്ന ഇടതുപക്ഷ സര്‍ക്കാര്‍ സ്‌കൂള്‍ പഠന സമയം രാവിലെ എട്ട് മണിക്ക് ആരംഭിച്ചു വൈകിട്ട് അഞ്ച് മണി വരെയാക്കണമെന്ന ഒരു നിയമം കൊണ്ടു വന്നു. പഞ്ചായത്തുകള്‍ക്ക് അതിന്റെ അധികാരം നല്‍കി. പല പഞ്ചായത്തുകളും അത് നടപ്പില്‍ വരുത്തുകയും ചെയ്തു.
അന്നത്തെ ഭരണത്തിലുള്ള പല അധ്യാപക സംഘടനകളും അതില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭാസ ബോര്‍ഡ് അന്നത്തെ മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും ഇത് കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും, കുട്ടികളുടെ മതവിദ്യാഭ്യാസത്തിനുണ്ടാകുന്ന പ്രയാസത്തെ കുറിച്ചും, അധ്യാപകര്‍ക്കുണ്ടാകുന്ന ഞെരുക്കങ്ങളെ കുറിച്ചും രേഖാമൂലം നിവേദനം നല്‍കി ബോധ്യപ്പെടുത്തിയപ്പോഴും
സമയം മാറ്റുകയില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പറഞ്ഞ് സര്‍ക്കാരും ഉറച്ച തീരുമാനമെടുത്ത് മുന്നോട്ടുപോയി.
ഈ നിയമത്തിനെതിരെ സമസ്ത രണ്ട് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
ഒന്ന് പെരിന്തല്‍മണ്ണയിലും, രണ്ട് മലപ്പുറത്തും. രണ്ടിടത്തും നടന്ന വമ്പിച്ച പ്രതിഷേധ സമ്മേളനത്തില്‍ ശൈഖുനാ ഉസ്താദ് തുറന്നടിച്ചു.
'നിങ്ങള്‍ക്ക് വേണമെങ്കില്‍ എട്ടു മണിക്ക് തന്നെ സ്‌കൂള്‍ പഠനം ആരംഭിക്കാം. അങ്ങനെ ചെയ്‌തോളൂ.
പക്ഷെ ഞങ്ങള്‍ക്ക് ഒരുപാട് മദ്‌റസകളുണ്ട്.
ഒരുപാട് റിട്ടയേര്‍ഡ് അധ്യാപകരുമുണ്ട്.
വിദ്യാഭ്യാസ പരിചയമുള്ള ഒരുപാട് യുവാക്കളുണ്ട്.അവരെ ഉപയോഗപ്പെടുത്തി മദ്റസാ പഠനത്തിനു ശേഷം 10 മണി കഴിഞ്ഞ് അതേ സ്ഥാപനത്തില്‍ വെച്ച് സ്‌കൂള്‍ പഠനവും നല്‍കും.
അത് മൂലം പല അധ്യാപകരുടെയും തൊഴിലുകള്‍ നഷ്ടപ്പെടും..വേണോ?
ഈ ചോദ്യം കുറിക്ക് കൊണ്ടു...
ഗവണ്‍മെന്റിന് അവരുടെ തീരുമാനം മാറ്റേണ്ടി വന്നു. മതവിദ്യാഭ്യാസത്തി തടസ്സങ്ങളൊന്നും ഞങ്ങളില്‍ നിന്ന് ഉണ്ടാകില്ലെന്ന് തിരുത്തിപ്പറഞ്ഞു.
ഉസ്താദിന്റെ വാക്കുകള്‍ക്ക് വലിയ ശക്തിയുണ്ടായി....!
ഉസ്താദ് മുദരിസായി സേവനം ചെയ്യുന്ന സമയത്ത് ആ മഹല്ലില്‍ ജനറല്‍ ബോഡി നടക്കുന്നു. പ്രസിഡണ്ടിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതില്‍ തര്‍ക്കമുണ്ടായി.
ജുമുഅ കഴിഞ്ഞ് തുടങ്ങിയ ജനറല്‍ ബോഡി അസറിന്റ സമയമായിട്ടും തീരുമാനമാകാതെ നീണ്ടുപോയി.
ഉസ്താദ് എഴുന്നേറ്റു.
'ഈ യോഗത്തിന്റെ അദ്ധ്യക്ഷന്‍ ഞാനാണ്.
ഈ മഹല്ലിലെ മുദരിസ്സും, ഇമാമും, ഖത്വീബും ഞാനാണ് '.
ഉറച്ച സ്വരത്തില്‍ ശൈഖുനാ പറഞ്ഞു 'ഇന്ന് മുതല്‍ ഈ മഹല്ലിന്റെ പ്രസിഡന്റും ഞാനാണ് '.
തീരുമാനമായി.
ജനങ്ങള്‍ തക്ബീര്‍ ധ്വനികളോടെ സ്വീകരിച്ചംഗീകരിച്ചു.
കാട്ടുങ്ങല്‍ എന്ന സ്ഥലത്തുള്ള വാഹനപകടത്തില്‍ 18 ആളുകളാണ് അന്ന് മരണപ്പെട്ടത്.
പത്രങ്ങള്‍ എഴുതിയത് കാട്ടുങ്ങല്‍ യുദ്ധക്കളമായി എന്നായിരുന്നു.
ഉസ്താദിന്റെ രണ്ട് പെണ്‍കുട്ടികളും അതില്‍പ്പെട്ടു.
അവര്‍ക്ക് റബ്ബ് പൊറുത്തു കൊടുക്കട്ടെ. ആമീന്‍.
രണ്ട് പൊന്നോമന പുത്രിമാരെ ഖബറടക്കിയ ശേഷം പിറ്റേന്ന് രാവിലെ പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്ക് വന്നു. ദര്‍സ് നടത്താന്‍.
വിദ്യാര്‍ത്ഥികളോട് പറഞ്ഞു 'ഞാന്‍ കാരണമായി നിങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുമോ എന്ന് ഭയന്നാണ് ഞാന്‍ വന്നത് '...!
ഈ വിനീതന്‍ വിശുദ്ധ മദീനയില്‍ നിന്ന് നിന്ന് ഒരു നീളക്കുപ്പായം വാങ്ങി ജാമിഅയില്‍ ഉസ്താദിന്റെ മേശപ്പുറത്ത് വെച്ചു.
എന്താണിത്.?
നീളക്കുപ്പായം.
'മുസ്ല്യാരെ ഇപ്പോള്‍ തന്നെ രണ്ടെണ്ണമുണ്ട്.ഇത് തന്നാല്‍ ഓവറാകും.
അല്ലാഹുവിനോട് മറുപടി പറയേണ്ടി വരും' ...
ശൈഖുനായുടെ അവസാന സമയങ്ങള്‍ചെലവഴിച്ചത് ജാമിഅയില്‍ തന്നെയായിരുന്നു.
സുലൈമാന്‍ ഫൈസി ചുങ്കത്തറ ശൈഖുനായെ പെരിന്തല്‍മണ്ണ അല്‍ ശിഫാ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്ന സമയത്ത് കാണാന്‍ വന്ന ഒരാള്‍ കൊടുത്ത ആയിരം രൂപ മാത്രമാണ് കയ്യിലുണ്ടായിരുന്നത്.
ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു.
ഉസ്താദ് വഫാത്തായി.
വര്‍ഷങ്ങള്‍ ദര്‍സ് നടത്തിയ ജാമിഅയിലേക്ക് തിരുശരീരം കൊണ്ടുവന്നു.കുളിപ്പിച്ചു കഫന്‍ ചെയ്തു.
ആയിരക്കണക്കിനാളുകള്‍ ജനാസ നിസ്‌ക്കാരത്തില്‍ പങ്കെടുത്തു.
പിന്നെ കാളമ്പാടിയിലെ ഓട് മേഞ്ഞ ആ വീട്ടിലേക്ക്....
വീടരോട് സലാം ചൊല്ലി വീട് വിട്ടിറങ്ങുമ്പോള്‍ വീടര്‍ക്കറിയില്ലായിരുന്നു വീട്ടുകാരന്റെ ജനാസയാകും വരികയെന്ന്....
ഉസ്താദായ കോട്ടുമല ഉസ്താദിന്റെയും, മകന്‍ കോട്ടുമല ബാപ്പു മുസ്ല്യാരുടെയും, ശൈഖുന കോമു മുസ്ല്യാരുടെയും ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്ന ഉസ്താദിന്റെ പദവികളെ അല്ലാഹു ഉയര്‍ത്തട്ടെ. ആമീന്‍...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."