അധ്യാപക വിദ്യാര്‍ഥി ബന്ധം: സ്ഥിതി ദയനീയമോ?
പരീക്ഷ കഴിഞ്ഞ് കലാലയങ്ങളെല്ലാം അടച്ചുകഴിഞ്ഞു. വിട പറയലിന്റെ നൊമ്പരം പേറി വിദ്യാര്‍ഥി വിദ്യാര്‍ഥിനികളെല്ലാം കലാലയങ്ങളില്‍ സെന്റോഫുകളും പാര്‍ട്ടികളും നടത്തി, അതിന്റെ മധുര സ്മരണകളാല്‍ അവധി ദിനങ്ങള്‍ ആഘോഷിച്ചുവരികയാണ്. ഈയവസരത്തില്‍ നഷ്ടപ്പെട്ടു പോയ ഒരു സൗകുമാര്യത്തെ കുറിച്ച് പറയാതിരുന്നാല്‍ അതൊരപരാധമായി മാറിയേക്കാം. അധ്യാപക വിദ്യാര്‍ഥിബന്ധം. പോയ കാലങ്ങളില്‍ അത് അത്രമേല്‍ പവിത്രമായിരുന്നു. അതിലേറെ മഹത്വവുമുണ്ടായിരുന്നു. പാവനമായ ബന്ധമായിരുന്നു അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലെന്ന് പറഞ്ഞാല്‍ പോലും അധികമാവില്ല. വിദ്യാര്‍ഥികളില്‍ രക്ഷിതാക്കളിലേറെ സ്വാധീനം ചെലുത്താന്‍ മുന്‍കാലങ്ങളില്‍ അധ്യാപകര്‍ക്ക് സാധിച്ചിരുന്നു. ഇന്ന് അധ്യാപക വിദ്യാര്‍ഥിബന്ധങ്ങളില്‍ മലീമസവും കളങ്കപരവുമായ ഒരു കാലാവസ്ഥ അത്ര വ്യാപകമല്ലെങ്കിലും രൂപപ്പെട്ടു വന്നിട്ടുണ്ട്.
വ്യാപ്തിക്ക് മാത്രം രൂക്ഷത കുറവാണെന്ന് വാദിക്കുമ്പോഴും അതിന്റെ ദുരന്ത സാഹചര്യത്തിന് നാള്‍ക്കുനാള്‍ ആക്കം കൂടി വരികയാണെന്ന സത്യം വിസ്മരിച്ചുകൂട. അധ്യാപകരെ ഭയഭക്തിയോടെ ബഹുമാനത്തോടെ കണ്ടിരുന്ന വിദ്യാര്‍ഥി കള്‍ ഇന്ന് അവരെ കേവലം സുഹൃത്തുക്കളോ സോഷ്യല്‍ മീഡിയാ ഫ്രണ്ട്‌സോ ആയി മാത്രം കാണുന്ന അവസ്ഥ എത്ര പരിതാപകരമാണെന്നാലോചിച്ചു നോക്കൂ...
ഇതിന് അധ്യാപകരില്‍ പല ന്യായവാദങ്ങളുമുണ്ടാകാം. പരുക്കന്‍ സ്വഭാവങ്ങളുമായി വിദ്യാര്‍ഥികളെ പീഡിപ്പിച്ച് അധ്യാപനം നടത്തുന്ന രീതി കാലഹരണപ്പെട്ടുവെന്നും മാറിയ സാഹചര്യം ഇത്തരമൊരു രീതിയോട് സമരസപ്പെടില്ലെന്നും, ഇങ്ങനെ അധ്യാപനം നടത്തിയാല്‍ തന്നെ ഈ രീതി ഇന്നത്തെ കുട്ടികള്‍ക്കിടയില്‍ വിലപ്പോവില്ലെന്നും വാദിക്കുന്നവരുണ്ടാകാം.
എന്നാല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ ഇന്ന് രൂപപ്പെട്ട് വന്നിരിക്കുന്ന രീതി അത്ര അഭികാമ്യമായിരുന്നില്ലെന്ന് മാതൃകാ അധ്യാപകരും അധ്യാപകവൃത്തിയില്‍ ശോഭിച്ചവരും ഒരേ സ്വരത്തില്‍ പറയും. അത്രത്തോളം ദയനീയപരമായ ബന്ധത്തിന്റെ ഏടുകള്‍ എഴുതിച്ചേര്‍ക്കുന്നതില്‍ അധ്യാപക വിദ്യാര്‍ഥിബന്ധം ഇന്ന് എത്തിച്ചേര്‍ന്നുവെന്നതില്‍ തര്‍ക്കമില്ല. പാഠ്യവിഷയങ്ങള്‍ക്കപ്പുറം സാമൂഹ്യപരമായ, സാംസ്‌കാരിക പരമായ, വ്യക്തിത്വ വികസനത്തിനുതകുന്ന നല്ലൊരു അധ്യാപനത്തിന്റെ കുളിര്‍ക്കാറ്റ് വീശിക്കൊടുക്കാന്‍ മുന്‍കാലങ്ങളില്‍ അധ്യാപകര്‍ ബദ്ധശ്രദ്ധ ചെലുത്തിയിരുന്നു. ഇവിടെ അധ്യാപകര്‍ മാത്രമല്ല ഇത്തരമൊരു അപചയത്തിന് കാരണമെന്ന് മനസ്സിലാക്കാം. ഭാരിച്ച സിലബസുകളുടെ സൃഷ്ടികര്‍ത്താക്കള്‍ വരെ ഇതിനുത്തരവാദികളാണ്.
എന്നാല്‍ കലാലയങ്ങളില്‍ നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കുന്നതിലും വിദ്യാര്‍ഥികളില്‍ ബന്ധങ്ങളുടെ പവിത്രതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലും അധ്യാപകര്‍ക്കുള്ള പങ്ക് ചില്ലറയല്ല. മറിച്ച് വിദ്യാര്‍ഥികളുടെ മാനസികാവസ്ഥയോട് ഇഴകിച്ചേരാന്‍ സോഷ്യല്‍ മീഡിയാ, യോ യോ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നത് തീര്‍ത്തും അഭിലഷണീയമല്ലെന്നോര്‍ക്കണം. വിദ്യാര്‍ഥികള്‍ക്കൊപ്പം സെല്‍ഫിയെടുത്തത് കൊണ്ടല്ല അധ്യാപകര്‍ വിദ്യാര്‍ഥികളുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിക്കേണ്ടത്. അതിന് മഹത്തരമായ ബന്ധത്തിന്റെ വര്‍ഷങ്ങളായുള്ള ചൈതന്യം പൂത്ത് വിളയണം.
അധ്യാപനത്തിലുപരി എല്ലാ കുട്ടികളും സുഹൃത്തുക്കളായല്ല, മക്കളായി കണ്ട് അവരെ സ്‌നേഹപുരസരം പരിപാലിക്കാനുള്ള വിശാലമനസ്‌കത വാര്‍ത്തെടുക്കണം. ബഹുമാനവും ആദരവും അനുസരണയും സ്വായത്തമാക്കാനുള്ള, അത് അവരുടെ ജീവിതത്തിലുടനീളം സ്വാധീനം ചെലുത്താനുള്ള വകകള്‍ അധ്യാപകര്‍ നട്ടുവളര്‍ത്തേണ്ടതായുണ്ട്. ശാസ്യപരമല്ലാത്ത വാര്‍ത്തകള്‍ അധ്യാപക വിദ്യാര്‍ഥിബന്ധങ്ങള്‍ക്കിടയില്‍ നാം പലപ്പോഴായി വായിച്ചറിയുന്നു. ഇതിന്റെ തീവ്രത തടഞ്ഞ് നിര്‍ത്താനാവാത്ത വിധം രൂക്ഷമായി കഴിഞ്ഞാല്‍ അതില്‍ പരം വിപത്ത് സാംസ്‌കാരിക കേരളത്തിന് അനുഭവപ്പെടാനില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."