ഒത്തുതീര്‍പ്പായില്ല നഴ്‌സുമാരുടെ സമരം തുടരുന്നു
അമ്പലവയല്‍: അനധികൃതമായി പിരിച്ചുവിട്ടുവെന്നാരോപിച്ച് നഴ്‌സുമാര്‍ നടത്തുന്ന സമരം 10ാം ദിവസവും തുടരുന്നു.
സെന്റ് മാര്‍ട്ടിന്‍ ആശുപത്രിയിലെ അഞ്ച് നഴ്‌സുമാരാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പിരിച്ചുവിട്ടെന്നാരോപിച്ച് ജൂലൈ ഒന്ന് മുതല്‍ ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധ കുത്തിയിരിപ്പ് സമരം നടത്തുന്നത്. കഴിഞ്ഞ രണ്ടു മാസമായി മാനേജ്‌മെന്റും നഴ്‌സുമാരും തമ്മില്‍ തുടരുന്ന പ്രശ്‌നങ്ങളില്‍ ജില്ല ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി അഞ്ച് നഴ്‌സുമാരെ പിരിച്ചുവിട്ടത്. ഒന്നര മാസം മുമ്പെങ്കിലും നോട്ടിസ് നല്‍കണമെന്ന വ്യവസ്ഥ നിലനില്‍ക്കെ ജൂണ്‍ 30ന് നഴ്‌സുമാര്‍ക്ക് ലഭിച്ച കത്തില്‍ ജൂലൈ ഒന്ന് മുതല്‍ ജോലിക്ക് വരേണ്ടതില്ലെന്നാണ് മാനേജ്‌മെന്റ് അറിയിച്ചിരുന്നതെന്ന് നഴ്‌സുമാര്‍ പറയുന്നത്.
കിടത്തി ചികിത്സ നിര്‍ത്തലാക്കുന്നതിനാലാണ് നഴ്‌സുമാരുടെ സേവനം ആവശ്യമില്ലാത്തതെന്നാണ് മാനേജ്‌മെന്റ് അവകാശപ്പെടുന്നത്. എന്നാല്‍ കിടത്തി ചികിത്സ പുനരാരംഭിക്കുന്ന ഘട്ടത്തില്‍ പിരിച്ചുവിട്ട മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കണമെന്ന നഴ്‌സുമാരുടെ ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചില്ല. ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ മൂന്നുതവണ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ പരാതി ജോയിന്റ് ലേബര്‍ കമ്മിഷണര്‍ക്ക് കൈമാറിയിട്ടുണ്ട്.
തൊഴില്‍ നിയമങ്ങളുടെ നഗ്നമായ ലംഘനമെന്ന് യു.എന്‍.എ
കല്‍പ്പറ്റ: സെന്റ് മാര്‍ട്ടിന്‍ ആശുപത്രിയില്‍ ജീവനക്കാരോട് കടുത്ത തൊഴില്‍ നിയമ ലംഘനമാണ് നടത്തുന്നതെന്ന് യു.എന്‍.എ ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ ജൂണില്‍ പ്രാബല്യത്തില്‍ വന്ന പുതുക്കിയ വേതന വ്യവസ്ഥ അംഗീകരിക്കാത്ത മാനേജ്‌മെന്റ് 2013ലെ വേതന വ്യവസ്ഥ പോലും നഴ്‌സുമാര്‍ക്ക് നല്‍കുന്നില്ല. വര്‍ഷങ്ങളായി ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ആറായിരം മുതല്‍ പതിനൊന്നായിരം രൂപ വരെയാണ് ശമ്പള സ്‌കെയില്‍. പി.എഫ്, പ്രൊബേഷന്‍ തുടങ്ങിയവ ഇവര്‍ക്കില്ല. ആശുപത്രി നഷ്ടത്തിലാണെന്ന് പറയുമ്പോഴും കഴിഞ്ഞ മാസം 80ഓളം രോഗികള്‍ക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കിയിട്ടുണ്ട്. ഇത് ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രികളിലെ കിടത്തി ചികിത്സയെക്കാള്‍ വളരെ കൂടുതലാണെന്ന് യു.എന്‍.എ ജില്ലാ സെക്രട്ടറി ജനീഷ് പറഞ്ഞു.
സമരം നിയമവിരുദ്ധമെന്ന്
മാനേജ്‌മെന്റ്
അമ്പലവയല്‍: സെന്റ് മാര്‍ട്ടിന്‍ ആശുപത്രിക്കു മുന്നില്‍ ആറ് ദിവസമായി തുടരുന്ന നഴ്‌സുമാരുടെ സമരം നിയമവിരുദ്ധമെന്ന് സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് പാരിഷ് കമ്മിറ്റി.
അന്യായമായും നിയമവിരുദ്ധമായും പിരിച്ചുവിട്ടെന്നാരോപിച്ച് സെന്റ് മാര്‍ട്ടിന്‍ ആശുപത്രിക്ക് മുന്നില്‍ നഴ്‌സുമാര്‍ ജൂലൈ ഒന്നു മുതല്‍ സമരത്തിലാണ്. നിലവിലുള്ള ലേബര്‍ ആക്ട് പ്രകാരമാണ് നഴ്‌സുമാരെ പിരിച്ചുവിട്ടത്.
നിയമാനുസൃതം ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന് തടസമായി നില്‍ക്കുന്നവരെ ഒഴിവാക്കുന്നതിനുള്ള നിയമം നില നില്‍ക്കുന്നുണ്ടെന്ന് സമരത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ മനസിലാക്കണം.
സമരത്തില്‍നിന്ന് പിന്‍വാങ്ങിയില്ലെങ്കില്‍ നിയമപരമായി തന്നെ നേരിടും. നഴ്‌സുമാരെ ഒരുകാരണവശാലും തിരിച്ചെടുക്കില്ലെന്നും മനേജ്‌മെന്റ് വ്യക്തമാക്കി. ഇടവക വികാരി ചാക്കോ മേമ്പുറം, ബിജോ തറപ്പേല്‍, ജോസ് വാഴപ്പള്ളി തട്ടില്‍ ,മേബിള്‍, വര്‍ഗീസ് ഊരോത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."