കശ്മിരില്‍ വിഘടനവാദികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കില്ല
ശ്രീനഗര്‍: കശ്മിരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം വിഘടന വാദികള്‍ പിന്‍വലിച്ചു. കഴിഞ്ഞ 23 വര്‍ഷത്തിനു ശേഷം ഇതാദ്യമാണ് വിഘടനവാദികള്‍ ഈ നിലപാട് സ്വീകരിക്കുന്നത്.
ജമാഅത്തെ ഇസ്‌ലാമി, ജമ്മുകശ്മിര്‍ ലിബറേഷന്‍ ഫ്രണ്ട് എന്നീ സംഘടനകളുടെ നിരോധനത്തിനും കശ്മിരിന്റെ കാര്യത്തില്‍ കേന്ദ്രം ശക്തമായ നിലപാടിലേക്ക് എത്തിയതുമാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം പിന്‍വലിക്കാനുള്ള കാരണമെന്നാണ് വിവരം.
ഹുര്‍റിയത്ത് നേതാവ് സയ്യിദ് അലിഷാ ഗീലാനി വോട്ട് ബഹിഷ്‌കരണത്തിന് നേരത്തേ ആഹ്വാനം ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ അദ്ദേഹവും പിന്‍വാങ്ങി. അദ്ദേഹത്തിന്റെ സംഘടന വോട്ട് ബഹിഷ്‌കരണം ആഹ്വാനം ചെയ്ത് തെരുവില്‍ ഇറങ്ങാന്‍ ഇതുവരെ തയാറായിട്ടില്ല.
അതേസമയം തെരഞ്ഞെടുപ്പ് എന്നത് ഒരു രാജ്യത്തിന്റെ ആഭ്യന്തരവും ജനാധിപത്യത്തിന്റെയും ഭാഗമായിട്ടുള്ള നടപടിയാണെന്ന് ഹുര്‍റിയത്ത് നേതാവ് പറഞ്ഞു. തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിലൂടെ ജനാധിപത്യത്തിന്റെ മൂല്യം നഷ്ടപ്പെടുത്തുന്നത് ശരിയല്ല.
കശ്മിരി സമൂഹം ഏതെങ്കിലും മതത്തെയോ മേഖലയെയോ അടിസ്ഥാനമാക്കിയല്ല നിലനില്‍ക്കുന്നത്. ഈ നാടിന്റെ അടിസ്ഥാനപരമായ കാര്യങ്ങളില്‍ സംതൃപ്തരാണ് ജനങ്ങള്‍. തെരഞ്ഞെടുപ്പ് സുഗമമാക്കാന്‍ ശക്തമായി സൈന്യത്തെ സജ്ജമാക്കുമ്പോള്‍ ബഹിഷ്‌കരണത്തിലൂടെ അതിന്റെ പ്രാധാന്യം കുറയ്ക്കാന്‍ കഴിയില്ലെന്നും ഗീലാനി പറയുന്നു.
1996ലാണ് വിഘടനവാദികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം ശക്തമാക്കിയിരുന്നത്. രാഷ്ട്രീയ രംഗത്ത് വലിയ തിരിച്ചടി സൃഷ്ടിച്ചുകൊണ്ട് ഭീകരവാദം ശക്തമാക്കിയതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിനായി വിഘടന വാദികള്‍ ആഹ്വാനം ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."