നൂറ്റിരണ്ടിന്റെ നിറവില്‍ കെ.ആര്‍.ഗൗരിയമ്മ: വിപ്ലവ നായികക്ക് ആഘോഷങ്ങളില്ലാതെ പിറന്നാള്‍
ആലപ്പുഴ: കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായിക കെ.ആര്‍.ഗൗരിയമ്മ 102 ന്റെ നിറവില്‍. ഗൗരിയമ്മയുടെ പിറന്നാള്‍ ചൊവ്വാഴ്ച ആഘോഷങ്ങളില്ലാതെ നടക്കും. രാഷ്ട്രീയപരമായും ഭരണപരമായും തന്റേതായ വ്യക്തിത്വം കേരള രാഷ്ട്രീയത്തില്‍ എഴുതിചേര്‍ത്ത ഗൗരിയമ്മയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ജെ.എസ്.എസ് പിളര്‍പ്പും തമ്മിലടിയും മൂലം നിറംമങ്ങിയ നിലയില്‍ മുന്നണി രാഷ്ട്രീയത്തിന് പുറത്താണ്.
കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുമ്പോഴും യു.ഡി.എഫ് വിട്ട കെ.ആര്‍ ഗൗരിയമ്മയ്ക്കും പാര്‍ട്ടിക്കും ആറുവര്‍ഷമായിട്ടും ഇടതുമുന്നണി പ്രവേശനം സാധ്യമായിട്ടില്ല.
ജന്മദിനം ജൂലൈ 14 ആണെങ്കിലും നാള്‍ പ്രകാരം ചൊവ്വാഴ്ചയാണ് പിറന്നാള്‍. കൊവിഡ് നിയന്ത്രണമുള്ളതിനാല്‍ പിറന്നാളാഘോഷമില്ല. ഇക്കുറി ഗൗരിയമ്മയുടെ വസതിയിലേക്ക് ആര്‍ക്കും പ്രവേശനവുമില്ല. പിറന്നാള്‍ ദിനത്തില്‍ കക്ഷി രാഷ്ട്രീയം മറന്ന് നേതാക്കളും ജനങ്ങളും കെ.ആര്‍ ഗൗരിയമ്മയ്ക്ക് നല്‍കുന്ന സ്‌നേഹത്തിന്റെ പങ്ക് കൊവിഡ് പശ്ചാത്തലത്തില്‍ ജെ.എസ്.എസിനും നേതാക്കള്‍ക്കും ഇക്കുറി ലഭിക്കുകയില്ല.
1919 മിഥുനമാസത്തിലെ തിരുവോണ നാളില്‍ ചേര്‍ത്തല പട്ടണക്കാട് ഗ്രാമത്തില്‍ കെ.എ. രാമന്റേയും പാര്‍വതിയുടേയും മകളായിട്ടാണ് കെ.ആര്‍ ഗൗരി പിറന്നത്. അതുകൊണ്ടുതന്നെ കേരള രാഷ്ട്രീയത്തിലെ കയറ്റിറക്കങ്ങള്‍ കണ്ടും അനുഭവിച്ചും പോരാടിയും ഒരു രാഷ്ട്രീയപുസ്തകമായി മാറിയ ഗൗരിയമ്മയുടെ പിറന്നാള്‍ ആഘോഷം ഇക്കുറി നിശ്ബ്ദമായിരിക്കും.
ഇടതുമുന്നണിക്കൊപ്പം ചേര്‍ന്നിട്ടും അര്‍ഹമായ പരിഗണന ലഭിക്കാത്ത ഗൗരിയമ്മയ്ക്ക് സ്വന്തം പാര്‍ട്ടിയിലെ ചേരിപ്പോരാണ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. അണികളുടെ കൊഴിഞ്ഞുപോക്കിനൊപ്പം നേതാക്കളുടെ തമ്മിലടിയും കൂടിയായതോടെ ജെ.എസ്.എസ് ഏറ്റവും വലിയ പ്രതിസന്ധിയിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിയെ പിന്തുണച്ച് കൂടെ കൂടിയെങ്കിലും മുന്നണിയില്‍നിന്ന് അര്‍ഹമായ പരിഗണന കിട്ടാതായതോടെ പാര്‍ട്ടിക്കുള്ളില്‍ അവശേഷിക്കുന്നവരിലും തമ്മിലടി രൂക്ഷമായി.
യു.ഡി.എഫ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച് എന്‍.ഡി.എയ്ക്ക് ഒപ്പം ചേര്‍ന്ന എ.എന്‍.രാജന്‍ ബാബു തിരികെ പാര്‍ട്ടിയിലെത്തി പ്രസിഡന്റായി മാറിയെങ്കിലും പാര്‍ട്ടിയില്‍ നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ ഭിന്നത കൂടുകയും പാര്‍ട്ടി ദുര്‍ബലമാകുകയും ചെയ്തു.
സി.പി.എമ്മിലേക്ക് മടങ്ങാനുള്ള ഗൗരിയമ്മയുടെ ആഗ്രഹത്തിന് സി.പി.എം സമ്മതം മൂളിയെങ്കിലും പാര്‍ട്ടിയെ മൊത്തത്തില്‍ വേണ്ടെന്ന നിലപാട് സ്വീകരിച്ചതോടെയാണ് ഇടതുമുന്നണിക്കൊപ്പം നീങ്ങാന്‍ ഗൗരിയമ്മ തീരുമാനിച്ചത്. ഇടതുമുന്നണി ഭരണത്തിലെത്തിയപ്പോള്‍ പിന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ പദവി നല്‍കിയാണ് ജെ.എസ്.എസിനെ അനുനയിപ്പിച്ചത്. സംഗീത് ചക്രപാണിയെ ആദ്യം ചെയര്‍മാനാക്കുകയും പിന്നീട് ഗൗരിയമ്മയുടെ ആവശ്യപ്രകാരം മാറ്റി ടി.കെ സുരേഷിനെ നിയമിക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ സുരേഷിനെയും മാറ്റി സംസ്ഥാന സെന്റര്‍ അംഗമായ ശിവാനന്ദനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നണിക്ക് കത്തു നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ മാസം ഗൗരിയമ്മയുടെ അസാന്നിധ്യത്തില്‍ രാജന്‍ ബാബുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന സെന്റര്‍ യോഗം ഒരു വിഭാഗം നേതാക്കളെ പുറത്താക്കിയെങ്കിലും ഗൗരിയമ്മ അത് റദ്ദ് ചെയ്തു പത്രക്കുറിപ്പ് ഇറക്കിയതോടെ ഭിന്നത വീണ്ടും രൂക്ഷമായി.
മുന്നണി പ്രവേശനത്തിന് കത്തു നല്‍കി ഇനിയും കാത്തിരുന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒന്നുമല്ലാതായി മാറുമെന്ന വാദം ഉയര്‍ത്തി തിരികെ യു.ഡി.എഫിനൊപ്പം പോകണമെന്ന വാദമാണ് രാജന്‍ബാബുവിനെ പിന്തുണക്കുന്നവര്‍ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ എല്‍.ഡി.എഫിനൊപ്പം തുടര്‍ന്നാല്‍ മതിയെന്നാണ് മറ്റൊരുവിഭാഗത്തിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."