പ്രതിസന്ധിയില്‍ ബി.ജെ.പി
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കേ ബി.ജെ.പി നേതൃത്വത്തിനെതിരേ പടയൊരുക്കവുമായി മുതിര്‍ന്ന നേതാക്കള്‍. അപ്രതീക്ഷിതമായി നേരിടേണ്ടിവന്ന വിമര്‍ശനം ബി.ജെ.പിയെ പ്രതിരോധത്തിലാക്കി. സീറ്റ് നിഷേധിച്ച മോദി-അമിത് ഷാ സഖ്യത്തിന് കനത്ത ആഘാതമേല്‍പിച്ചു രംഗത്തെത്തിയത് സ്ഥാപകനേതാക്കളായ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയുമാണ്. ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജനും അതൃപ്തി അറിയിച്ചിട്ടുണ്ട്.
വിമര്‍ശനം ഉന്നയിക്കുന്നവരെ ശത്രുക്കളായി കാണുന്നതായിരുന്നില്ല മുന്‍പ് ബി.ജെ.പിയുടെ ശൈലിയെന്ന് കഴിഞ്ഞ ദിവസം എല്‍.കെ അദ്വാനി തുറന്നടിച്ചിരുന്നു. ഇതിനു പിന്നാലെ തനിക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മുരളി മനോഹര്‍ ജോഷിയും രംഗത്തെത്തി. സീറ്റ് നിഷേധിച്ച രീതി വേദനയുളവാക്കിയെന്ന് അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ഇനി മത്സരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായോ തന്നോട് പറഞ്ഞിരുന്നില്ല. അതിനാല്‍ മത്സരിക്കാന്‍ മാനസികമായി തയാറെടുത്തിരിക്കുമ്പോഴാണ് ഇക്കുറി സീറ്റുണ്ടാവില്ലെന്ന വിവരം പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാംലാല്‍ തന്നെ അറിയിച്ചതെന്നും ജോഷി പറഞ്ഞതായാണ് വിവരം. രാംലാലിനോട്, 'താങ്കളൊരു സന്ദേശവാഹകന്‍ മാത്രമാണ്, മോദിയും അമിത് ഷായും എന്തുകൊണ്ട് തന്നെ കാണാന്‍ തയാറാവുന്നില്ല' എന്ന് ജോഷി ചോദിച്ചു.
ബി.ജെ.പിയുമായി ഇടഞ്ഞ മുരളി മനോഹര്‍ ജോഷിയുമായി ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ നേതാക്കള്‍ ആശയവിനിമയം നടത്തിയതായി വാര്‍ത്തകളുണ്ട്. ജോഷി മത്സരിക്കാന്‍ തയാറാണെങ്കില്‍ വാരണാസിയില്‍ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സ്ഥാനാര്‍ഥിയായി പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അങ്കലാപ്പിലായ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നേതാക്കള്‍ ജോഷിയെ അനുനയിപ്പിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
മോദി തരംഗം സൃഷ്ടിക്കപ്പെട്ട 2014 ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്താണ് മുതിര്‍ന്ന നേതാക്കളെ നിര്‍ണായകസമിതികളില്‍ നിന്ന് അകറ്റുന്നത്. അദ്വാനി പക്ഷത്തെ പല നേതാക്കള്‍ക്കും അന്ന് സീറ്റ് നിഷേധിക്കുകയോ മണ്ഡലം മാറ്റി നല്‍കുകയോ ചെയ്തിരുന്നു. മുരളി മനോഹര്‍ ജോഷി പതിറ്റാണ്ടുകളായി മത്സരിച്ചുപോന്ന വാരണാസി സീറ്റ് 2014ലാണ് നരേന്ദ്രമോദിക്കു വേണ്ടി ഒഴിഞ്ഞുകൊടുത്തത്. തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദി പ്രധാനമന്ത്രിയാവുകയും ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് അമിത് ഷാ നിയമിക്കപ്പെടുകയും ചെയ്തതോടെ പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാക്കളോട് അവഗണന തുടങ്ങി. ബി.ജെ.പി പാര്‍ലമെന്ററി കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ ജോഷിയേയും അദ്വാനിയേയും മാര്‍ഗനിര്‍ദേശക് മണ്ഡല്‍ എന്ന പുതിയ ഘടകത്തിലേക്ക് ഒതുക്കി. ഇതോടെ പാര്‍ട്ടിയുടെ നിര്‍ണായക നയരൂപീകരണത്തിലും ഇവര്‍ക്ക് സ്വാധീനം നഷ്ടമായി.
2013ല്‍ ഗോവയില്‍ നടന്ന ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ തെരഞ്ഞെടുപ്പിലെ മുഖ്യപ്രചാരകനായി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തതോടെയാണ് അദ്വാനിയും ബി.ജെ.പി നേതൃത്വവും തമ്മിലുള്ള അകല്‍ച്ച ആരംഭിക്കുന്നത്. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്ന വേദിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അദ്വാനി ശ്രമിച്ചെങ്കിലും ആര്‍.എസ്.എസ് നേതൃത്വവും ഗഡ്കരി അടക്കമുള്ള ബി.ജെ.പി നേതാക്കളും ചേര്‍ന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷം ഒതുങ്ങിനിന്ന അദ്വാനിക്കും ജോഷിക്കും ഇത്തവണ പ്രായാധിക്യത്തിന്റെ പേരിലാണ് സീറ്റ് നിഷേധിച്ചത്. കാല്‍ നൂറ്റാണ്ടിലേറെയായി അദ്വാനി മത്സരിച്ചുപോരുന്ന ഗാന്ധിനഗര്‍ സീറ്റില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും മോദി വാരണാസിയിലും സ്ഥാനാര്‍ഥികളാവുകയും ചെയ്തു.
മല്‍സരിക്കാനില്ലെന്ന് സുമിത്ര മഹാജന്‍
ഇന്‍ഡോര്‍: തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാത്തതില്‍ ബി.ജെ.പി നേതൃത്വത്തിനെതിരേ അതൃപ്തി അറിയിച്ച് ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍. താന്‍ പ്രതിനിധീകരിക്കുന്ന മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതില്‍ അതൃപ്തി അറിയിച്ച് സുമിത്ര ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്തയച്ചു.
ഇനി മല്‍സരിക്കാനില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തയാഴ്ച തനിക്ക് 76 വയസാകുമെന്ന് സുമിത്ര സൂചിപ്പിച്ചു. കോണ്‍ഗ്രസും ഇന്‍ഡോറിലെ സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ബി.ജെ.പിയില്‍ 75 വയസ് കഴിഞ്ഞവര്‍ക്ക് സീറ്റ് നല്‍കില്ലെന്ന് തീരുമാനമുണ്ട്. ഇന്‍ഡോറില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി സുമിത്രയ്ക്കു പകരം ബി.ജെ.പി മറ്റു ചിലരെ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ വാര്‍ഗിയയുടെ മകനാണ് ഇതിലൊരാള്‍. നിലവില്‍ എം.എല്‍.എയായ രമേഷ് മെന്‍ഡോലയാണ് മറ്റൊരാള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."