കാര്‍പ്പാത്തിയന്‍ കഥ പോലൊരു നഗരം
ഫിറോസ് ഷാ കോട്‌ലയിലെ ശ്മശാനത്തില്‍ ജിന്നുകളുടെ നേതാവിനോട് സംസാരിച്ച സൂഫി പീര്‍ സദറുദ്ദീന്റെ കഥപറഞ്ഞാണ് വില്യം ഡാരയംപിള്‍ സിറ്റി ഓഫ് ജിന്‍സ് എന്ന പുസ്തകം തുടങ്ങുന്നത്. ഒരു രാത്രി ശ്മശാനത്തില്‍ ഉറങ്ങുകയായിരുന്ന പീറിനെ ജിന്ന് വന്ന് തൊട്ടുണര്‍ത്തി. കറുത്തിട്ടായിരുന്നു അയാള്‍. മരങ്ങളോളം പൊക്കം. നെറ്റിയില്‍ ഒറ്റക്കണ്ണ്. ആവശ്യമുള്ളതെന്തു വേണമെങ്കിലും ചോദിക്കാന്‍ പറഞ്ഞു. പീറിനൊന്നും വേണ്ടായിരുന്നു. ജിന്നുകളെ സാധാരണ കണ്ണുകള്‍ കൊണ്ട് കാണാനാവില്ലത്രെ. സദറുദ്ദീന്‍ 41 ദിവസം വ്രതവും പ്രാര്‍ഥനയുമായി കഴിഞ്ഞു. ഹിമാലയത്തിലെ ഗുഹയില്‍ വിവസ്ത്രനായി തപസിരുന്നു. 41 ദിവസം യമുനയില്‍ മുങ്ങിനിന്നു. തുടര്‍ന്നുള്ള രാത്രികളിലൊന്നിലാണ് സദറുദ്ദീനു മുന്നില്‍ ജിന്ന് പ്രത്യക്ഷപ്പെട്ടതെന്നും ഡാരയംപിള്‍ എഴുതുന്നു.
ജിന്നുകളെ വരവേല്‍ക്കുന്ന ഫിറോസ് ഷാ കോട്‌ലയിലെ ആഘോഷങ്ങള്‍ ഇപ്പോഴുമുണ്ട്. ഡല്‍ഹിയെ ആദ്യമായി കാണുന്ന ഒരാള്‍ക്ക് അതൊരു പിടികിട്ടായ്കയുടെ സങ്കേതമാണ്. പഴയ നഗരത്തിലെ ചരിത്രസ്മാരകങ്ങളുടെ ശേഷിപ്പുകളില്‍ മാത്രമല്ല, ല്യൂട്ടന്‍സ് ഡല്‍ഹിയിലെ ആധുനികതയിലും നിഗൂഢത തങ്ങിനില്‍ക്കുന്നു. മരിച്ചുപോയ ഏഴു നഗരങ്ങളാണത്രെ ഡല്‍ഹി. ചിലര്‍ അതില്‍ കൂടുതലെണ്ണും. നശിച്ചുപോയ ഡസനിലധികം നഗരങ്ങളുണ്ട് ഡല്‍ഹിയില്‍. ഒന്നിന്റെ അവശിഷ്ടങ്ങള്‍ക്കു മുകളില്‍ മറ്റൊന്നു കെട്ടിപ്പൊക്കിയതാണത്. ആറാം നൂറ്റാണ്ട് മുതല്‍ മുഗളന്‍മാര്‍ക്കു മുന്‍പ് അഞ്ചു രാജവംശങ്ങള്‍ ഡല്‍ഹി ഭരിച്ചിട്ടുണ്ട്. മുഗളന്‍മാര്‍ക്കു ശേഷം ബ്രിട്ടീഷുകാര്‍ അതിനുവേണ്ടി യുദ്ധം ചെയ്തിട്ടുണ്ട്. വിഭജനകാലത്ത് ഇന്നത്തെ പാകിസ്താനില്‍നിന്ന് കുടിയേറിയവരുടെ പിന്‍മുറക്കാരാണു ഡല്‍ഹിയിലെ വലിയൊരു സമൂഹം. കാളവണ്ടികളിലും തീവണ്ടികളിലും കാല്‍നടയായി അതിര്‍ത്തി കടന്നെത്തിയവര്‍ ഉപേക്ഷിക്കപ്പെട്ട ഭവനങ്ങള്‍ കൈയേറി. അതില്‍ സിന്ധികളുണ്ടായിരുന്നു, പഞ്ചാബികളും. ആ വീടുകളുടെ ഉടമകള്‍ പാകിസ്താനിലേക്കു പലായനം ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തു. കുടിയേറി വന്നവര്‍ ഉടമകളെ കൊലപ്പെടുത്തി വീട് കൈയേറി. കൊലയാളികള്‍ വീടുകളുടെ ഉടമകളായി. അതായത്, നിരപരാധികളുടെ ചോരയില്‍ നിന്നാണ് ഇന്നത്തെ ഡല്‍ഹിയും കെട്ടിപ്പൊക്കിയത്. ജങ്പുരയിലും രജൗരി ഗാര്‍ഗനിലും പഞ്ചാബി ബാഗിലും പട്ടേല്‍മാര്‍ഗിലും മംഗോള്‍പുരിയിലുമെല്ലാം തെരുവില്‍ കൂടാരംകെട്ടിക്കഴിഞ്ഞവരുമുണ്ടായിരുന്നു. കാലക്രമത്തില്‍ കൂടാരങ്ങള്‍ കെട്ടിടങ്ങളായി. തെരുവില്‍ ഹലുവയും ജിലേബിയും വിറ്റിരുന്ന പഞ്ചാബികള്‍ ഭൂവുടമകളായി.
ഡല്‍ഹി കണ്ട ഏറ്റവും വലിയ കൂട്ടക്കൊല ഇതൊന്നുമായിരുന്നില്ല. 1739ല്‍ പേര്‍ഷ്യക്കാരും 1857ല്‍ ബ്രിട്ടീഷുകാരും നടത്തിയ കൂട്ടക്കൊലകളായിരുന്നു അത്. പഞ്ചാബിലെ കര്‍ണാലില്‍ മുഗളന്‍മാരെ തോല്‍പ്പിച്ച പേര്‍ഷ്യന്‍ ഭരണാധികാരി നാദിര്‍ഷാ അതിവേഗത്തില്‍ ഡല്‍ഹിയിലേക്കു നീങ്ങി. ഷാലിമാര്‍ ഗാര്‍ഡനില്‍ തമ്പടിച്ച ഷാ ഡല്‍ഹിക്കാരെ കൂട്ടക്കൊല ചെയ്യാനാണ് ഉത്തരവിട്ടത്. ഒറ്റദിവസം കൊണ്ട് ഷായുടെ സൈന്യം കൊലപ്പെടുത്തിയത് ഒന്നര ലക്ഷം പേരെ. നാദിര്‍ഷായുടെ കൂട്ടക്കൊലയാണ് ഡല്‍ഹിയില്‍ മുഗള്‍ഭരണത്തിന്റെ അന്ത്യത്തിനു തുടക്കമിട്ടത്.
കുറുനരിയുടെ മുരള്‍ച്ച കേള്‍ക്കാത്ത ഒരു വീടുപോലും അന്നുണ്ടായിരുന്നില്ലെന്ന് ചരിത്രത്തിലുണ്ട്. സമാനമായിരുന്നു മുഗള്‍ഭരണത്തിന്റെ അവസാനത്തില്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയും. ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്നുണ്ടായ 1984ലെ സിഖ് കൂട്ടക്കൊല സ്വാതന്ത്ര്യത്തിനു ശേഷമുണ്ടായ ഏറ്റവും വലുതായിരുന്നു. കൂട്ടക്കൊലകളുടേതു മാത്രമല്ല, സുന്ദരമായ മറ്റനവധി ചരിത്രം കൂടിയുണ്ട് ഡല്‍ഹിക്ക്. തുഗ്ലക് രാജവംശം സ്ഥാപിച്ച ഗയാസുദ്ദീന്‍ തുഗ്ലക് ഡല്‍ഹി ഭരിച്ചിരുന്ന കാലത്തായിരുന്നു ഹസ്‌റത്ത് നിസാമുദ്ദീന്‍ ജീവിച്ചിരുന്നത്. ലളിതജീവിതം നയിച്ചിരുന്ന, നവീന കാഴ്ചപ്പാടുകള്‍ പുലര്‍ത്തിയിരുന്ന നിസാമുദ്ദീനു കൊട്ടാര പുരോഹിതരായിരുന്നു ആദ്യശത്രുക്കള്‍. അവര്‍ ഗയാസുദ്ദീനെ നിസാമുദ്ദീന്റെ ശത്രുവാക്കി. ഗയാസുദ്ദീന്‍ തുഗ്ലകാബാദ് പണികഴിപ്പിക്കാന്‍ തുടങ്ങിയ കാലത്ത് തന്റെ സൂഫി ആശ്രമത്തില്‍ വഴിയാത്രക്കാര്‍ക്കായി കുടിവെള്ള സംഭരണി നിര്‍മിച്ചു കൊണ്ടിരിക്കുകയായിരുന്നു നിസാമുദ്ദീന്‍. ഡല്‍ഹിയിലെ എല്ലാ തൊഴിലാളികളോടും തുഗ്ലകാബാദിന്റെ നിര്‍മാണത്തിനെത്താന്‍ ഗയാസുദ്ദീന്‍ ഉത്തരവിട്ടു. അനുസരിക്കുകയല്ലാതെ മാര്‍ഗമില്ലായിരുന്നു. കുടിവെള്ള സംഭരണിയുടെ പണി പാതിവഴിയിലായി.
ഇതിനിടെ, നിസാമുദ്ദീനുമായുള്ള തര്‍ക്കം മുര്‍ച്ഛിച്ചു. 1324ല്‍ ബംഗാളിലുണ്ടായ കലാപം അടിച്ചമര്‍ത്താന്‍ പോയ ഗയാസുദ്ദീന്‍, തിരിച്ചെത്തിയാല്‍ നിസാമുദ്ദീനെ കൊലപ്പെടുത്തുമെന്നു പ്രഖ്യാപിച്ചു. വാര്‍ത്ത നിസാമുദ്ദീന്‍ അറിഞ്ഞു. അദ്ദേഹം ചിരിച്ചു. ഡല്‍ഹി ഗയാസുദ്ദീന് ഒരുപാട് ദൂരെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കലാപം അടിച്ചമര്‍ത്തി വടക്കന്‍ ബിഹാറിലെ തീര്‍ഹട്ട് കൂടി പിടിച്ചെടുത്ത ശേഷമായിരുന്നു ഡല്‍ഹിയിലേക്കുള്ള ഗയാസുദ്ദീന്റെ വരവ്. നിസാമുദ്ദീന്‍ കുലുങ്ങിയില്ല. ഗയാസുദ്ദീന്‍ ഡല്‍ഹിയില്‍ എത്തിയതുമില്ല. യുദ്ധം ജയിച്ചുവരുന്ന പിതാവിനു ഡല്‍ഹി അതിര്‍ത്തിയിലെ അഫ്ഗാന്‍പൂരില്‍ രണ്ടാമത്തെ മകന്‍ മഹ്മൂദ് ഖാന്‍ സ്വീകരണമൊരുക്കി. സ്വീകരണത്തിനായി കെട്ടിയുണ്ടാക്കിയ വേദി തകര്‍ന്നുവീണ് ഗയാസുദ്ദീന്‍ മരിച്ചു.
ഗയാസുദ്ദീനെ കൊന്ന് അധികാരം പിടിച്ചെടുക്കാന്‍ മകന്‍ ആസൂത്രണം ചെയ്തതാണ് സ്വീകണമെന്ന് ഇബ്‌നു ബതൂത എഴുതുന്നുണ്ട്. ബതൂത അക്കാലത്ത് നിസാമുദ്ദീന്‍ സൂഫി കേന്ദ്രത്തിലെ സന്ദര്‍ശകനായിരുന്നു. ഗയാസുദ്ദീന്‍ മാത്രമല്ല, നിരവധി സുന്ദരമായ കൊട്ടാരങ്ങളുണ്ടാക്കിയിട്ടും തടവില്‍ക്കിടന്ന് മരിക്കേണ്ടിവന്ന ഷാജഹാന്‍, സൗഭാഗ്യങ്ങളെല്ലാം നഷ്ടപ്പെട്ട് ഒടുവില്‍ റങ്കൂണില്‍ അഭയാര്‍ഥിയായി മരിക്കേണ്ടിവന്ന അവസാന മുഗള്‍ രാജാവ് ബഹദൂര്‍ഷാ സഫര്‍, നിരവധി യുദ്ധക്കളങ്ങളില്‍ നേരിട്ട് പോരാടിയിട്ടും പുസ്തകങ്ങളുമായി കോണിപ്പടി കയറുമ്പോള്‍ വീണുമരിച്ച ചക്രവര്‍ത്തി ഹുമയൂണ്‍... അങ്ങനെ നിരവധിയുണ്ട് ഡല്‍ഹിയുടെ ചരിത്രത്തിലെ വൈപരീത്യങ്ങള്‍. തുഗ്ലക് രാജവംശം ഇല്ലാതായി. തുഗ്ലകാബാദ് നശിച്ചു. ഗയാസുദ്ദീന്‍ ഇല്ലാതാക്കാന്‍ ശ്രമിച്ച നിസാമുദ്ദീന്‍ ദര്‍ഗയും സൂഫി കേന്ദ്രവും ഇപ്പോഴുമുണ്ട്. പിടിച്ചെടുക്കലുകാരെല്ലാം ഇല്ലാതായിപ്പോയതേയുള്ളൂ.
കാലാവസ്ഥയുടെ കഠോരതയുണ്ടെങ്കിലും വല്ലാത്തൊരു വിലോഭനീയത്വമുണ്ട് ഡല്‍ഹിക്ക്. പേടിച്ചുവിറച്ചുകൊണ്ടാണെങ്കിലും പ്രേതകഥകള്‍ ആവര്‍ത്തിച്ചു വായിക്കുന്നതു പോലെയാണത്. തീപാറുന്ന ഓരോ ഉഷ്ണകാലത്തും ശൈത്യത്തെ കാത്തിരിക്കും. മരംകോച്ചുന്ന ശൈത്യത്തില്‍ ഉഷ്ണത്തിന്റെ സൗകര്യങ്ങളെ കൊതിയോടെ കാണും. ല്യൂട്ടന്‍സ് ഡല്‍ഹിയുടെ വിശാലതയുടെയും പൂന്തോട്ടങ്ങളുടെയും ധാരാളിത്തം പെട്ടെന്ന് മടുപ്പിച്ചാലും പഴയ ഡല്‍ഹിയിലെയും നിസാമുദ്ദീനിലെയും തിരക്കും വന്യതയും മടുപ്പിക്കില്ല. പഴയ ഡല്‍ഹിയിലെ രാവേറെച്ചെന്നാലും മരിക്കാത്ത ഇടുങ്ങിയ ഗലികളില്‍ മുഗള്‍കാല ഭക്ഷണരീതിയുടെ പൊടിപുരണ്ട തുടര്‍ച്ചയുണ്ട്. ആള്‍ക്കൂട്ടം തട്ടിത്തിരക്കി കടന്നുപോകുന്ന വൃത്തികെട്ട ഗലികള്‍ മടുപ്പിക്കുമെങ്കിലും തിരിച്ചുചെല്ലാന്‍ പ്രേരിപ്പിക്കുന്ന പ്രലോഭനം. വിലക്കുറവിന്റെ ആകര്‍ഷണം മാത്രമല്ലത്. പഴയ ഭക്ഷണം കാപട്യംപൂണ്ട അതിവിനയത്തിന്റെ ചേരുവയുമായി വലിയ വിലയ്ക്കു വിളമ്പുന്ന കൊണാട്ട്‌പ്ലേസിലെ മുഷ്‌ക്കും കൗശലക്കാരുമായ വണിക്കുകളെപ്പോലെയല്ല പഴയ ഡല്‍ഹിയിലെ ഭക്ഷണം. അവിടെ രുചിവൈവിധ്യങ്ങളുടെ കൊയ്ത്തുത്സവമാണ്. അതിനൊരു മാന്യതയും സംസ്‌കാരവുമുണ്ട്. നടപ്പാതയിലും കടവരാന്തകളിലുമായി ഇരുനൂറിലേറെ കച്ചവടക്കാര്‍. അവര്‍ വിളമ്പുന്ന ഭക്ഷണത്തിന് ഏതു നാടിന്റെയും രുചിശീലങ്ങളെ തൃപ്തിപ്പെടുത്താനാവും.
പീലു മരങ്ങള്‍ ഇലപൊഴിക്കുന്ന വസന്തകാലത്തു ഡല്‍ഹിയിലെ പൗരാണിക നഗരത്തിനു കാര്‍പ്പാത്തിയന്‍ കഥകളിലെന്ന പോലെ ജീവന്‍വയ്ക്കുന്ന രാത്രികളില്‍, ആര്യവേപ്പുകള്‍ക്കപ്പുറത്തെ നിഗൂഢത മുറ്റിയ തെരുവുകളില്‍, സദറുദ്ദീനെ തൊട്ടുണര്‍ത്തിയ ജിന്നുകള്‍ പിന്നെയും വന്നിരിക്കണം. ജിന്നുകളെക്കണ്ട പീര്‍ സദറുദ്ദീന്‍ മരിച്ചുപോയിരിക്കും. കൂടെക്കൂടിയ ജിന്നിനെ ഒഴിപ്പിക്കാന്‍ സദറുദ്ദീനു വീണ്ടും തപസ് ചെയ്യേണ്ടി വന്നുവെന്നും ഡാരയംപിള്‍ എഴുതുന്നു. ഓരോ ഋതുവും ആഘോഷങ്ങളാണ് ഡല്‍ഹിക്ക്. ശൈത്യകാലമെത്തുമ്പോള്‍ തെരുവുകളില്‍ മധുരം നിറയും. ഉഷ്ണം തുടങ്ങുമ്പോള്‍ ഇലകള്‍ പൊഴിയും. കമ്പിളിവില്‍പനക്കാരും ഗുലാബ്ജാമൂന്‍ വില്‍ക്കുന്ന വണിക്കുകളും തെരുവില്‍നിന്ന് അപ്രത്യക്ഷമാകും. ഇലപൊഴിഞ്ഞു തീര്‍ന്ന മരങ്ങളില്‍ തളിരിലകള്‍ വന്നുതുടങ്ങും. തെരുവുകളിലെ ഞാവല്‍മരങ്ങള്‍ വൈകാതെ പൂക്കുകയും ഞാവല്‍പഴങ്ങള്‍ പൊഴിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."