HOME
DETAILS
MAL
ക്വാറന്റൈന്‍ ലംഘിച്ച് നിരത്തിലിറങ്ങിയയാളെ ഓടിച്ചിട്ട് പിടികൂടി
backup
July 07 2020 | 02:07 AM
കൊച്ചി: ക്വാറന്റൈന്‍ ലംഘിച്ച് നിരത്തിലിറങ്ങിയയാളെ പൊലിസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടി. ഇയാളെ പിന്നീട് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജങ്ഷനില്‍ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം.
ഹോം ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങിയ നാല്‍പ്പത്തേഴുകാരനാണ് അരമണിക്കൂറോളം നഗരത്തില്‍ ഭീതി വിതച്ചത്. ചെന്നീര്‍ക്കരയില്‍ നിന്ന് മാസ്‌ക് വയ്ക്കാതെ ഇരുചക്ര വാഹനത്തില്‍ സെന്റ് പീറ്റേഴ്‌സ് ജങ്ഷനിലെത്തിയ ഇയാളെ പൊലിസ് വാഹന പരിശോധനയ്ക്കിടെ ചോദ്യം ചെയ്തതോടെയാണ് വിവരങ്ങള്‍ വ്യക്തമായത്. മൂന്ന് ദിവസം മുമ്പ് റിയാദില്‍ നിന്നെത്തിയതാണ് താനെന്ന് പറഞ്ഞപ്പോള്‍ ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ച പൊലിസിനോട് ഇയാള്‍ തട്ടിക്കയറി. ബഹളം കേട്ട് തടിച്ചുകൂടിയ ആളുകളെ പിരിച്ചുവിട്ട ശേഷം പൊലിസ് ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിച്ചു. ആംബുലന്‍സുമായി ഇവരെത്തി ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
പി.പി.ഇ കിറ്റില്ലാതെ വന്നതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇയാളെ വരുതിയിലാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ നിന്ന് പി.പി.ഇ കിറ്റ് എത്തിച്ച് റോഡില്‍ നിന്നുതന്നെ ധരിച്ചതിന് ശേഷം പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ ഓടി. പിന്നാലെ ആരോഗ്യ പ്രവര്‍ത്തകരും പൊലിസും ഓടി. റോഡിന് എതിര്‍വശത്തെത്തിയപ്പോള്‍ ഇയാള്‍ തെന്നിവീണു.
ഇതോടെ കൈയും കാലും കെട്ടി സ്ട്രച്ചറില്‍ കിടത്തി കെട്ടിയാണ് ആംബുലന്‍സില്‍ കയറ്റിയത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലം അണുവിമുക്തമാക്കി. ഇയാള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതായും വീട്ടില്‍ നിന്ന് വഴക്കിട്ടിറങ്ങിയതാണെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."